വനിതകള്‍ക്ക് ശാസ്ത്രീയ തയ്യല്‍ പരിശീലനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: സ്ത്രീശാക്തീകരണ രംഗത്ത് നിരവധിയായ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മറ്റൊരു വനിതാ സ്വയം തൊഴില്‍ സംരംഭത്തിനുകൂടി ചുക്കാന്‍ പിടിക്കുന്നു. ഉഷാ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സൗജന്യ തയ്യല്‍ മെഷിനും പത്ത് ദിവസത്തെ ശാസ്ത്രീയ തയ്യല്‍ പരിശീലനവും ലഭ്യമാക്കി സ്വയംപര്യാപ്തത കൈവരിക്കുവാന്‍ പ്രാപ്തരാക്കിയിരിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ തയ്യല്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റ് പത്ത് വനിതകള്‍ക്കുകൂടി പരിശീലനം നല്‍കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ പ്രതിമാസം അയ്യായിരം രൂപാ മുതല്‍ പതിനായിരം രൂപാവരെ വരുമാനം കണ്ടെത്തുന്നുണ്ട്. കെ.എസ്.എസ്.എസും ഉഷാ ഇന്റര്‍നാഷണല്‍ ലിമിറ്റഡും ഗുണഭോക്താക്കള്‍ക്ക് തുടര്‍ പരിശീലന പരിപാടികളും തൊഴില്‍ സാധ്യതകളും പദ്ധതിയുടെ ഭാഗമായി ഒരുക്കി നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നാല് ജില്ലകളില്‍നിന്നായുള്ള ഗുണഭോക്താക്കള്‍ പങ്കെടുത്തു. ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് സോഷ്യല്‍ സര്‍വ്വീസ് പ്രതിനിധി വടിവേലന്‍ പെരുമാള്‍, എറണാകുളം ഉഷ തയ്യല്‍ സ്‌കൂള്‍ ഡെപ്യൂട്ടി മാനേജര്‍ ബിന്ദു ജോസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍, സന്നദ്ധ പ്രവര്‍ത്തകരായ അവറാന്‍കുട്ടി ജോസ്, തോമസുകുട്ടി കെ. മാവേലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടിവ് ഡയറക്ടര്‍
ഫോണ്‍: 9495538063ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.