‘ക്രൈസ്റ്റ് ദി കിംഗ്’ ക്നാനായ മിഷൻ ബെർമിംഗ്ഹാമിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു

ബെർമിംഗ്ഹാം: ക്നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടാമത്തെ ക്നാനായ മിഷന് ബെർമിംഗ്ഹാമിൽ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്നാനായ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, മറ്റു വൈദികർ, വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി.

വാൽസാൾ സെൻ്റ് പാട്രിക്‌സ് ദൈവാലയത്തിൽ വച്ച്  നവംബർ 9 തിയതി ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷൻ സ്ഥാപന തിരുക്കർമ്മങ്ങൾക്കും വാർഷിക തിരുനാളാഘോഷങ്ങൾക്കും പ്രാരംഭമായി മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, വിശിഷ്ടാതിഥികൾക്കും വിശ്വാസികൾക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാമെത്രാൻറെ ഡിക്രി വായിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കൽ വി. കുർബാനയ്ക്കും മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.

വി. കുർബാനയുടെ സമാപനത്തിൽ ബെർമിംഗ്ഹാം അതിരൂപതയുടെ മുൻ വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ മോൺ. തിമോത്തി മെനേസിസ്, വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ തുടങ്ങിയവർ സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാൾവഴിയുടെ വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് സ്‌നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.