മലയാളം യു.കെ. പുരസ്കാരം  പ്രൊഫ. ബാബു പൂഴിക്കുന്നേലിനു സമ്മാനിച്ചു
കോട്ടയം : ബ്രിട്ടനിലെ മലയാളം യുകെ ന്യൂസ് ഏര്‍പ്പെടുത്തിയ മികച്ച ആത്മകഥക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യ സമ്മേളനത്തില്‍ വെച്ച് പ്രശസ്ത ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പ്രൊഫ. ബാബു പൂഴിക്കുന്നേലിനു സമ്മാനിച്ചു. 25,000 രൂപയും പ്രശംസാഫലകവുമാണ് പുരസ്കാരം. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. തേക്കിന്‍കാട് ജോസഫ് പുസ്തകാവലോകനം നടത്തി. പോള്‍ മണലില്‍, പുസ്തകത്തിന്‍റെ പ്രസാധകന്‍ മാത്യൂസ് ഓരത്തേല്‍, മലയാളം യുകെ കോട്ടയം പ്രതിനിധി റ്റിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ നന്ദി പറഞ്ഞു. ദര്‍ശനാ കലാസന്ധ്യയും തുടര്‍ന്ന് അരങ്ങേറി. നവംബര്‍ ഒന്നുമുതല്‍ പത്തുവരെ കോട്ടയത്തുനടക്കുന്ന പുസ്തകോത്സവത്തില്‍ പ്രശസ്തരായ എഴുത്തുകാരെല്ലാം വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. പ്രമുഖരായ പ്രസാധകരുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങള്‍ കാണുവാനും വാങ്ങുവാനും വലിയ ജനത്തിരക്കാണുള്ളത്.
മാധ്യമ പ്രവര്‍ത്തന രംഗത്ത് മലയാളം യുകെ ന്യൂസ് ഒരുപടികൂടി മുന്നിലെത്തിയിരിക്കുന്നു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാരും പ്രസാധകരും മാധ്യമങ്ങളും അണിനിരക്കുന്ന കോട്ടയം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രവാസി മലയാളികളുടെ സാന്നിദ്ധ്യമായതില്‍ യുകെ മലയാളത്തിന് എല്ലാവരും അഭിനന്ദനങ്ങള്‍ നേരുകയുണ്ടായി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.