ചൈതന്യ കാര്‍ഷികമേള 2019 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു

കോട്ടയം: നവംബര്‍ 20 മുതല്‍ 24 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 21-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു. അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയോടനുബന്ധിച്ച് എഴുപത്തിരണ്ടായിരം ചതുരശ്ര അടിയിലുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്. പന്തല്‍ കാല്‍നാട്ടുകര്‍മ്മം കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാന്‍  മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. ബിജോ കൊച്ചാദംപള്ളി, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേളയോടനുബന്ധിച്ച് 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദര്‍ശനം, കാസര്‍ഗോഡ് കുള്ളന്‍ പശു പ്രദര്‍ശനം, അലങ്കാര മത്സ്യങ്ങളുടെ മനോഹാരിതയുമായി അക്വാഷോ, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ  രാജ്യങ്ങളിലെ കറന്‍സികളും സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശനം, മെയ്ക്കരുത്തിന്റെ പ്രതീകമായി ബോഡി ബില്‍ഡിംഗ് ഷോ, നാടന്‍ പച്ചമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും നയനമനോഹരമായ കലാസന്ധ്യകള്‍, പക്ഷിമൃഗാദികളുടെയും പുഷ്പ-ഫലവൃക്ഷദികളുടെയും പ്രദര്‍ശനവും വിപണനവും, സെമിനാറുകള്‍, കാര്‍ഷിക പ്രശ്‌നോത്തരി,  കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍,  വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, പൗരാണിക തനിമ വിളിച്ചോതുന്ന കാര്‍ഷിക മത്സരങ്ങള്‍, ആസ്വാദ്യകരമായ കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പൗരാണിക ഭോജനശാല, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ ഉല്ലാസനഗരി, സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം, പൊതുവിള പ്രദര്‍ശന മത്സരം, സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാര സമര്‍പ്പണം, കാര്‍ഷിക വിത്തിനങ്ങളുടെയും പച്ചക്കറി തൈകളുടെയും പ്രദര്‍ശനവും വിപണനവും, കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം, സ്വാശ്രയസംഘ കലാവിരുന്നുകള്‍, മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, വിസ്മയക്കാഴ്ചകള്‍ തുടങ്ങി നിരവധിയായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.