മരണത്തിന്റെ മാലാഖ

സകല മരിച്ചവരുടെയും ഓർമ്മ ദിനമായ നവംബർ രണ്ടിന് ക്നാനായ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം മാത്യു പുളിക്കത്തൊട്ടിൽ പങ്കുവയ്ക്കുന്ന ചിന്തകൾ

പ്രപഞ്ചം ശാന്തമായുറങ്ങുന്ന രാവിന്റെ അന്ത്യയാമങ്ങളിലാണ് ആരോ മൃദു ശബ്ദത്തിൽ വിളിയ്ക്കുന്നതു പോലെ അയാൾക്ക് തോന്നിയത്. കണ്ണ് തുറന്നപ്പോൾ മുമ്പിലൊരു മാലാഖ. ഇത് സ്വപ്നം തന്നെ. അയാൾ വീണ്ടും കണ്ണുകൾ പൂട്ടി ഉറങ്ങാൻ ശ്രമിച്ചു. അപ്പോഴതാ മാലാഖ പിന്നെയും വിളിയ്ക്കുന്നു, ” ഉണരൂ ഇനി ഉറങ്ങാൻ സമയമില്ല”. നട്ടപ്പാതിരായ്ക്ക് വിളിച്ചുണർത്തുമ്പോൾ അരിശമാണ്തോന്നേണ്ടത്, പക്ഷെ ഇത് മാലാഖയായതുകൊണ്ടും കാണുന്നത് സ്വപനമാണെന്ന് ഉറപ്പുള്ളതുകൊണ്ടും അയാൾ ശാന്തനായി ചോദിച്ചു ” ആരാണ് നീ എന്തിനാണ്‌ എന്നെ വിളിച്ചുണർത്തുന്നത്?” “നിനക്കിനി ഉറങ്ങാനും ഉണരാനുമൊന്നും സമയമില്ല ഞാൻ മരണത്തിന്റെ മാലാഖയാണ്, നിന്നെ കൂട്ടിക്കൊണ്ട് പോകാനായി വന്നതാണ് “വെള്ളിച്ചിറകുകൾ വീശി വെട്ടിത്തിളങ്ങുന്ന ഈ മാലാഖയോ മരണത്തിന്റെ മാലാഖ അയാൾക്ക് ചിരി വന്നു.

“മരണത്തിന്റെ നിറം കറുപ്പാണെന്ന് ആരാണ് നിന്നോട് പറഞ്ഞത്, മരണം കൊടുങ്കാറ്റല്ല, ഇലകൊഴിച്ച് മെല്ലെ കടന്നു പോകുന്ന കുളിർ തെന്നലാണ്. വരൂ മാലാഖ കൈകൾ നീട്ടി അയാളെ വിളിച്ചു. അയാൾക്ക് ചെറുതായി പേടി തോന്നി.

         അടുത്ത് കിടന്നുറങ്ങുന്ന ഭാര്യയെ വിളിച്ചുണർത്താൻ അയാൾ ശ്രമിച്ചു, പക്ഷെ കൈകൾ ചലിക്കുന്നില്ല, ശരീരം അനങ്ങുന്നില്ല. അയാൾക്ക് വെപ്രാളമായി. “എനിക്കൽപ്പം സമയം തരൂ, ഞാൻ മൊബൈൽ ഫോണിൽ ചില സന്ദേശങ്ങൾ അയക്കട്ടെ, പ്രിയപ്പെട്ടവരോട് യാത്ര പറയട്ടെ, ചില  ചെക്കുകളിൽ ഒപ്പുകൾ ഇടട്ടെ, എനിക്ക് പണം തരാനുള്ളവരുടെ പേരുകൾ ഉറ്റവരോട് ഒന്നു പറയട്ടെ, അവസാനമായി എന്റെ മക്കളുടെ മുഖമൊന്ന്കണ്ടോട്ടെ”ഇതെത്ര കണ്ടതാണ് എന്ന മട്ടിൽ മാലാഖ യുടെ മുഖത്തൊരു പുഞ്ചിരി. ” നിനക്കിനി ഒന്നും ചെയ്യാനാവില്ല, ഈ ലോകത്തിലെ നിന്റെ സമയം അവസാനിച്ചിരിയ്ക്കുന്നു വരൂ നമുക്ക് പോകാം “

         സംഗതി അത്ര പന്തിയല്ലെന്ന് അയാൾക്ക് മനസ്സിലായി അയാൾ വീണ്ടും കെഞ്ചി” എനിക്കൽപ്പം സമയം തരൂ,  ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ, മരിയ്ക്കാനായി ഞാനൊന്ന് ഒരുങ്ങിക്കോട്ടെ എന്റെ പാപങ്ങൾക്ക് മാപ്പിരന്നോട്ടെ”മാലാഖ ഒന്നും പറയാതെ കൈകൾ നീട്ടി അയാളെ മാടി വിളിച്ചു.അയാൾക്ക് വല്ലാതെ പേടി തോന്നി. “നിങ്ങളൊരു മാലാഖയല്ലേ എന്ത് അവിവേകമാണ് നിങ്ങളീ കാണിയ്ക്കുന്നത്, മരിയ്ക്കുന്നതിന് കുറച്ച് ആഴ്ച്ചകൾക്ക് മുമ്പിലെങ്കിലും എന്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്നിലെങ്കിലും നിങ്ങൾക്ക് എന്നോടൊന്ന് പറയാമായിരുന്നില്ലേ എനിക്കെന്തെല്ലാം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്?”

    അപ്പോഴും സൗമ്യമായി പുഞ്ചിരി തൂകി മാലാഖ പറഞ്ഞു. ” എത്രയോ വട്ടം നിന്നോട് മരണത്തെപ്പറ്റി പറഞ്ഞിരിക്കുന്നു, നിനക്ക് മുന്നറിയിപ്പ് തന്നിരിക്കുന്നു. ഇരുപത്തിരണ്ട് വർഷങ്ങൾക്കു മുമ്പ് നിന്റെ സമപ്രായക്കാരൻ നിന്റെ ഉറ്റ സുഹ്യത്ത് ബൈക്കപകടത്തിൽ മരിച്ചതോർക്കുന്നില്ലേ? പ്രിയപ്പെട്ട കൂട്ടുകാരൻ മരിച്ചിട്ടും നീയെന്തേ മരണത്തേ കുറിച്ച് ഓർത്തില്ല? പിന്നെയും വേണ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ എത്രയോ മ്യത സംസക്കാര ചടങ്ങുകളിൽ നീ പങ്കെടുത്തു എന്നിട്ടുമെന്തേ നീ നിന്റെ മരണ ദിനത്തേക്കുറിച്ച് ഓർത്തില്ല, എന്നിട്ടുമെന്തേ അകന്നുപോയ സൗഹ്യദങ്ങളെ ചേർത്തു പിടിയ്ക്കാനും, കൈവിട്ടു പോയ ബന്ധങ്ങളെ തിരികെ കൊണ്ടു വരാനും നീ ശ്രമിച്ചില്ല? എന്റെ അറപ്പുരകൾ പൊളിച്ചു പണിത് അനേക വർഷങ്ങളിലേയ്ക്കുള്ള ധാന്യങ്ങളും വിഭവങ്ങളും സംഭരിച്ച് എന്റെ ആത്മാവേ വിശ്രമിക്കുക തിന്നു കുടിച്ച് ആനന്ദിയ്ക്കുക എന്നു പറഞ്ഞവനോട് ഭോഷാ ഇന്നു രാത്രി നിന്റെ ആത്മാവിനെ നിന്നിൽ നിന്നും ഞാനെടുക്കും എന്നു പറഞ്ഞതിനെക്കുറിച്ച് എത്ര വട്ടം നീ വായിച്ച് കേട്ടിരിക്കുന്നു?പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിയ്ക്കണമേയെന്ന് ചില ദിവസങ്ങളിൽ അൻപതിലേറെ പ്രാവശ്യം പ്രാർത്ഥിച്ചിട്ടും നീ നിന്റെ മരണ ദിവസത്തെ കുറിച്ച് ഓർത്തില്ലെന്നോ?

     മാലാഖയുടെ മുഖത്ത് പിന്നെയും പുഞ്ചിരി വിരിഞ്ഞൂ. അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു, ശരീരമാകെ വിറയ്ക്കുന്നതായും വിയർക്കുന്നതായും അയാൾക്ക് തോന്നി. അയാളെ ആശ്വസിപ്പിയ്ക്കാനെന്നോണം മാലാഖ പിന്നെയും പറഞ്ഞു, ” മകനെ ശാന്തനാകൂ ഇതിൽ ഭയപ്പെടാനൊന്നുമില്ല, ജീവിതവും മരണവും ഒന്നു തന്നെ. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നീ മരിയ്ക്കുകയും മരണത്തിലേക്ക് അടുക്കുകയുമാണ്. ഓരോ ജന്മദിനത്തിലും നീ ഊതിക്കെടുത്തിയ മെഴുകുതിരികൾ അതു തന്നെയാണ് സൂചിപ്പിക്കുന്നത്. ഒഴുകി ഒഴുകി ഒടുവിൽ കടലിൽ പതിക്കുന്ന പുഴ മരിയ്ക്കുകയല്ല പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. കൊഴിഞ്ഞു വീഴുന്ന ഇലകൾ മണ്ണിലലിഞ്ഞ് പുതിയ യാത്ര തുടങ്ങുകയാണ്. ഹോസ്റ്റലിൽ നിന്ന് പഠിയ്ക്കുന്ന കുട്ടി സ്കൂൾ അടയ്ക്കുമ്പോൾ സ്വന്തം വീട്ടിലേയക്ക് മടങ്ങുന്നതു പോലെ. പ്രഭാതത്തിൽ ആകാശ സീമകളിലൂടെ വയലുകളിലേയ്ക്ക് പറന്നു പോകുന്ന നൂറുകണക്കിന് കിളികളെല്ലാവരും മടങ്ങിയെത്തുന്നുവെന്ന് നിനക്ക് ഉറപ്പുണ്ടോ, അവയിൽ ചിലത് മടങ്ങിയെത്തിയില്ലെങ്കിലും ഭൂമിയക്ക് ഒന്നും സംഭവിയ്ക്കുകയില്ല. നീ ഇല്ലെങ്കിലും നാളെ പതിവുപോലെ സൂര്യനുദിയ്ക്കും, വരൂ നമുക്ക് പോകാം “അയാൾ പിന്നെ ഒന്നും പറഞ്ഞില്ല,സന്തോഷത്തോടെ മാലാഖയുടെ നേർക്ക് കൈകൾ നീട്ടി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.