മാഞ്ചസ്റ്റര്‍ ക്‌നാനായ മിഷന്‍ തിരുന്നാള്‍ ശനിയാഴ്ച . കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മ്മികനാകും
മാഞ്ചസ്റ്റര്‍: യൂറോപ്പിലെ ആദ്യ ക്നാനായ മിഷനായ സെന്റ് മേരീസ് ക്നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഈമാസം 12നു ശനിയാഴ്ച നടക്കും. രാവിലെ പത്തു മണിക്ക് ആഘോഷമായ പാട്ടു കുര്‍ബാനയോടു കൂടിയാണ് തിരുന്നാള്‍ ആരംഭിക്കുക. കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യ കാര്‍മ്മികനാകും.
സഹ കാര്‍മ്മികരായി സീറോ മലബാര്‍ ക്നാനായ വികാരി ജനറാള്‍ ഫാ: സജി മലയില്‍ പുത്തന്‍പുര, ഫാ: ആന്റണി ചുണ്ടെലിക്കാട്ട്, യുകെയിലെ മറ്റിടങ്ങളിലെ ക്നാനായ വൈദികര്‍ മാഞ്ചസ്റ്ററിലെ മറ്റുള്ള സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരാകും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലായിരിക്കും തിരുന്നാള്‍ കര്‍മ്മങ്ങള്‍ നടത്തപ്പെടുക.
കഴിഞ്ഞ ഞായറാഴ്ച നാലു മണിക്കുള്ള ദിവ്യബലിയില്‍ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നവര്‍ക്കുള്ള പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു. അന്നേ ദിവസം ഈ വര്‍ഷം മിഷനില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു. തിരുന്നാളിനോട് അനുബന്ധിച്ചുള്ള ജപമാല എല്ലാ ദിവസവും ഏഴു മണിക്ക് സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മിഷനിലെ കൂടാരങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും തിരുന്നാള്‍ ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വിഥിന്‍ഷോ ഫോറം സെന്ററില്‍  നടക്കും. രണ്ട് മണിക്ക് സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്ന് അടക്കം ഗംഭീര പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കെസിവൈഎല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യനെറ്റ് കോമഡി സ്റ്റാറിലൂടെയും മഴവില്‍ മനോരമ, അമൃത ടിവി, കൈരളി ചാനല്‍ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോള്‍, അറഫത്ത് മലയാളം ഫിലിം ആര്‍ട്ടിസ്റ്റ് തുടങ്ങിയവരുടെ കലാ മാമാങ്കവും കാണികള്‍ക്ക് വിരുന്നാകും. തിരുന്നാളിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ അവസാന തയ്യാറെടുപ്പിലാണ് പള്ളി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.