ദേശീയ അവാര്‍ഡ് തിളക്കവുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ലില്ലിയാനെ ഫൗണ്ടേഷനുമായി സഹകരിച്ച് ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌ക്കരത്തിന് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ തിരഞ്ഞെടുത്തു. 2 ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം സെക്കന്തരാബാദില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനചടങ്ങില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ലില്ലിയാനെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ബര്‍ഡനീസില്‍ നിന്നും ഏറ്റുവാങ്ങി. ചായി പ്രസിഡന്റ് സിസ്റ്റര്‍ ഡോ. വിക്‌ടോറിയ നരിസേട്ടി ജെ.എം.ജെ, സെക്രട്ടറി ഫാ. ജോര്‍ജ്ജ് കണ്ണന്താനം, ഡയറക്ടറല്‍ ജനറല്‍ റവ. ഡോ. മാത്യു അബ്രാഹം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ 1997 മുതല്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള വിവധങ്ങളായ പ്രവര്‍ത്തനങ്ങളോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള ശാസ്ത്രീയ പുനരധിവാസ പ്രവര്‍ത്തനങ്ങളും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ടാണ് പുരസ്‌ക്കാരത്തിന് സൊസൈറ്റിയെ തിരഞ്ഞെടുത്തത്. അന്ധബധിര വൈകല്യമുള്ളവരുടെ സംസ്ഥാനതല പഠന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായുള്ള അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളും സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്‍കുന്ന സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴിസിന്റെയും ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരുടെയും സേവനവും കെ.എസ്.എസ്.എസ് ലഭ്യമാക്കിവരുന്നു. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.