ഗൃഹശ്രീ:113 സ്വപ്‌നഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാസ്‌
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 113 പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‌കി. സംസ്ഥാന സര്‍ക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച്‌ മാസ്സിന്റെ പ്രവര്‍ത്തനമേഖലകളായ പാലക്കാട്‌, മലപ്പുറം, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലായിട്ടാണ്‌ 113 പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ചത്‌. ഏകദേശം രണ്ടരവര്‍ഷംകൊണ്ടാണ്‌ ഈ സ്വപ്‌നഭവനപദ്ധതി സാക്ഷാത്‌ക്കരിക്കാന്‍ സാധിച്ചത്‌. ഓരോ ഗ്രാമങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച്‌ ഗ്രാമവികസന സമിതിയും, ലോക്കല്‍ മാസ്സും അപേക്ഷകള്‍ പഠിച്ച്‌ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 13 വീടുകള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ്‌ രണ്ട്‌ കോടി ഇരുപത്താറ്‌ ലക്ഷം രൂപ ലഭ്യമാക്കി. മാസ്സ്‌ 113 വീടുകള്‍ക്കായി ഒരു കോടി നാല്‌പത്തഞ്ച്‌ ലക്ഷം രൂപ ലഭ്യമാക്കുകയും ചെയ്‌തു. ഗുണഭോക്താക്കളുടെ ഭാഗം എല്ലാം ചേര്‍ന്നപ്പോള്‍ ഒരു ഭവനം സ്വപ്‌നം കണ്ട 113 കുടുംബങ്ങളുടെയും സ്വപ്‌നം സഫലമായി. ഈ പദ്ധതിയുടെ മറ്റൊരുഭാഗമായി 30 കുടുംബങ്ങള്‍ക്ക്‌ ശൗചാലയം നിര്‍മ്മിച്ചു നല്‌കുകയും, കിണര്‍ റീച്ചാര്‍ജിംഗ്‌ പദ്ധതിയിലൂടെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ ആശ്വാസംപകരാന്‍ മാസ്സിന്‌ സാധിച്ചിട്ടുണ്ട്‌.
മാസ്സിന്റെ ഈ മഹത്തായ പ്രവര്‍ത്തനത്തെ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേളയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിക്കുകയുണ്ടായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെയും പ്രത്യേകിച്ച്‌ സഹായമെത്രാനും, മാസ്സിന്റെ പ്രസിഡന്റായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ പിതാവിന്റെയും ദീര്‍ഘവീക്ഷണവും, പരിശ്രമവും ഈ പദ്ധതിയുടെ വിജയത്തിന്‌ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ഈ പദ്ധതിയുടെ വിജയത്തിന്‌ മാസ്സുമായി സഹകരിച്ച സ്വദേശത്തും, വിദേശത്തുമുള്ള എല്ലാവരെയും, സംസ്ഥാന സര്‍ക്കാരിനെയും നന്ദിയോടെ ഓര്‍ക്കുന്നു. കഴിഞ്ഞ 26 വര്‍ഷമായി മാസ്സ്‌ തന്റെ പ്രവര്‍ത്തനമേഖലകളായ 5 ജില്ലകളില്‍ നാനാ ജാതി മതസ്ഥരെ കോര്‍ത്തിണക്കി സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഭിന്നശേഷിക്കാരുടെ പുനഃരുദ്ധാരണം, ആദിവാസിഗോത്ര വികസന പദ്ധതികള്‍, കര്‍ഷകസംഘങ്ങള്‍, ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസിംഗ്‌ കമ്പനി, കര്‍ഷകമേഖലയ്‌ക്ക്‌ കരുത്തായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം മാസ്സിന്റെ പ്രവര്‍ത്തനമേഖലകളാണ്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.