യുകെകെസിഎ കണ്‍വന്‍ഷന് ആദ്യമായി മെനോറ തെളിയും മുന്ന് ബിഷപ്പുമാരുടെ പങ്കാളിത്തം

സണ്ണി ജോസഫ് രാഗമാലിക 

ബര്‍മിങാം: കുടിയേറ്റക്കാരുടെ ആദ്യ തലമുറയില്‍പ്പെട്ടവര്‍ കഴിഞ്ഞ 17 വര്‍ഷമായി പ്രവാസി ലോകത്തിന് വിസ്മയം തീര്‍ക്കുന്ന മഹാ സംഗമം കൈ എത്തും ദൂരത്ത്. പാരമ്പര്യങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ക്നാനായക്കാരുടെ വാര്‍ഷിക കണ്‍വന്‍ഷന്റെ ആവേശത്തിരതള്ളല്‍ യൂണിറ്റുകളില്‍ മുഴങ്ങി കേള്‍ക്കും. ആള്‍ക്കൂട്ടത്തില്‍ ഒരാളെങ്കിലുമാകാന്‍ മോഹിച്ച് ആയിരങ്ങള്‍ ഒഴുകിയെത്തി അലകടല്‍ തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.ഇതാദ്യമായി ഈമാസം 29ന് ബര്‍മിങാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മെനോറ തെളിയിച്ചു കൊണ്ട് കണ്‍വന്‍ഷന്റെ ഉദ്ഘാടനം നടക്കപ്പെടും. കൂടാതെ കണ്‍വന്‍ഷന്റെ പൊലിമ വര്‍ദ്ധിപ്പിക്കുവാന്‍ നാട്ടില്‍ നിന്നും ഒരുപറ്റം കലാകാരന്മാരുടെ മെഗാ ഷോ. യുകെകെസിഎയ്ക്കു മാത്രമാണ് ഈമെഗാ ഷോ.

യുകെകെസിഎയുടെ സെന്റട്രല്‍ കമ്മറ്റി നാഷണല്‍ കൗണ്‍സില്‍ ബിഷപ്പുമാര്‍, വൈദികര്‍, നാട്ടില്‍ നിന്നും മറ്റ് ഇതര രാജ്യങ്ങളില്‍ നിന്നും വന്നിരിക്കുന്ന പ്രതിനിധികള്‍, സര്‍വ്വോപരി യുകെയിലെ ക്നാനായ സമൂഹത്തെയും സാക്ഷി നിര്‍ത്തി പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമ്മാവുങ്കല്‍ കൃത്യം 9. 15 ന് പതാക ഉയര്‍ത്തുന്നതോടെ പതിനെട്ടാമത് കണ്‍വന്‍ഷന് തുടക്കമാകും. തുടര്‍ന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മൂലക്കാട്ട്, പാപ്പവാ ന്യൂ ഗനിയിലെ അപ്പസ്തോലില്‍ ന്യൂഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയാണ് നടക്കുന്നത്.കോച്ചുകളില്‍ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യ സമയത്ത് പരിപാടികള്‍ അവസാനിപ്പിക്കുവാന്‍ ടൈം മാനേജ്മെന്റ് കമ്മറ്റി പ്രത്യേക ശ്രദ്ധിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന കുടുംബസംഗമം മുന്‍കാലങ്ങളിലേത് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവര്‍ണ്ണാവസരമാകും.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1. 30ന് മുഴുവന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും സെന്‍ട്രല്‍ കമ്മറ്റിയും കൂടി ഒരു ഘോഷ യാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിക്കും. തുടര്‍ന്ന് യുകെകെസിഎ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വാഗത നൃത്തം അരങ്ങേറും. കലാഭവന്‍ നൈസ് നൂറോളം യുവ പ്രതികളെയ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കും. സിരകളില്‍ പടര്‍ന്നു കയറിയ രൗദ്രതാള ലഹരിയില്‍ സ്വയം മറന്നിവര്‍ ഇളകിയാടുമ്പോള്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റാന്‍ നൈസിന് സാധിക്കും എന്ന് സെന്‍ട്രല്‍ കമ്മറ്റിക്ക് നന്നായറിയാം.

തുടര്‍ന്ന് കെസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായിരുന്ന സ്റ്റീഫന്‍ ജോര്‍ജ്, കെസിസിഎന്‍എ (യുഎസ്എ) യുടെ പ്രസിഡന്റ് അലക്സ് മഠത്തില്‍ത്താഴെ, എന്നിവര്‍ ഉള്‍പ്പെടെ നാട്ടില്‍ നിന്നും വിദേശത്തു നിന്നുമെത്തുന്ന നിരവധി ക്നാനായ സംഘടനകളുടെ ഭാരവാഹികളും അഭിവന്ദ്യ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢോജ്ജ്വലമായ പൊതു സമ്മേളനത്തിന് യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷപതം അലങ്കരിക്കും. തുടര്‍ന്ന് കണ്‍വന്‍ഷനില്‍ കലാസദ്യ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കള്‍ച്ചറല്‍ കമ്മറ്റി അവതരിപ്പിക്കും.ഇക്കഴിഞ്ഞ നാഷണല്‍ ലെവല്‍ നടത്തിയ കലാമേളയില്‍ ഏറ്റവും കൂടതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സമ്മാനം ലഭിച്ച അഞ്ചു പരിപാടികള്‍ ഇടവിട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മൂന്നര മണിക്കൂര്‍ നീളുന്ന സംഗീത ഹാസ്യ നൃത്ത പരിപാടികള്‍ക്ക് ഇതാദ്യമായി യുകെകെസിഎ കണ്‍വന്‍ഷന്‍ വേദിയാവുകയാണ്. ഹാസ്യ സംഗീത വിഹായസ്സിലെ മുടിചൂടാമന്നന്മാരായ കോട്ടയം നസീര്‍ ഫ്രാങ്കോ രഞ്ജിനി ജോസ്, നോബി, അനൂപ് പാലാ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഷോ അരങ്ങില്‍ കളം നിറഞ്ഞാടുന്നത്. ഇവരോടൊപ്പം യുകെകെസിവൈഎല്‍ കൂടി അണിചേരുമ്പോള്‍ അതൊരു ആഘോഷമായി മാറും.

നേരത്തെ സൂചിപ്പിച്ച പ്രകാരം ആവശ്യത്തിന് സൗജന്യ കാര്‍ പാര്‍ക്കിങ്ങ് ഒരുക്കിയിട്ടുണ്ട്. ബസ്സില്‍ വരുന്നവര്‍ വഴിക്കു വച്ചു തന്നെ രജിസ്ട്രേഷന്‍ കമ്മറ്റി (വിജി – 07960486712) യെ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചാല്‍ നിങ്ങള്‍ എത്തുമ്പോള്‍ തന്നെ കൃത്യമായി നിങ്ങള്‍ക്കു വേണ്ട റിസ്റ്റ് ബാന്‍ഡുകള്‍ ഒരുക്കിവെക്കാന്‍ കഴിയും. ഇതുമൂലം സമയം ലാഭിക്കുവാനും തിരക്ക് ഒഴിവാക്കുവാനും സാധിക്കും.

2009 മുതല്‍ യുകെകെസിഎ വെല്‍ക്കം ഡാന്‍സിന് എപ്പോഴൊക്കെ ക്നാനായി തോമയായി വേഷം കെട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ തിരക്കി എത്തുന്നത് ഡെര്‍ബി യൂണിറ്റിലാണ്. ഒരു ചരിത്ര നിയോഗം പോലെ ഇത് ആറാം തവണയാണ്.

ഈ കണ്‍വന്‍ഷന്റെ വിവിധ കമ്മറ്റികളെ പരിചയപ്പെടാം.

1. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍: തോമസ് ജോസഫ്

2. പബ്ലിക് മീറ്റിങ് കമ്മറ്റിയെ നയിക്കുന്നത്: സജു ലൂക്കോസ്

3. രജിസ്ട്രഷന്‍ കമ്മറ്റിയെ നയിക്കുന്നത്: വിജി ജോസഫ്

4. വെല്‍ക്കം ഡാന്‍സ് ആന്റ് മെഗാ ഷോ കമ്മറ്റിയെ നയിക്കുന്നത്: ബിപിന്‍ പണ്ടാരശ്ശേരില്‍

5. കള്‍ച്ചറല്‍ കമ്മറ്റിയെ നയിക്കുന്നത്: സണ്ണി ജോസഫ്

6. ലിറ്റര്‍ജി കമ്മറ്റിയെ നയിക്കുന്നത്: ജെറി ജയിംസ്

7. ടൈം മാനേജ്മെന്റ് കമ്മറ്റി നയിക്കുന്നത്: ബിജു മടക്കക്കുഴി

8. റിസപ്ഷന്‍ കമ്മറ്റിയെ നയിക്കുന്നത്: ജോസി നെടുംതുരുത്തി പുത്തന്‍പുര

പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണ ശാലകളും നിരവധി കൗണ്ടറുകള്‍ രാവിലെ ഒന്‍പതു മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവന്‍ കുട്ടികള്‍ക്കായി ഐസ് ക്രീം സ്റ്റാളുകളും പ്രവര്‍ത്തിക്കും. കൃത്യം എട്ടു മണിയോടെ ഈ വര്‍ഷത്തെ ക്നാനായ മാമാങ്കത്തിന് തിരശ്ശീല വീഴുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം നടത്തിയിരിക്കുന്നത്.

വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിനിധികളില്‍ പതറാതെ ക്നാനായക്കാര്‍ എന്ന ആപ്ത വാക്യം അലയടിക്കുന്ന പിതിനെട്ടാമത് കണ്‍വന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനുകളിലൊന്നാക്കുവാനുള്ള അക്ഷീണ പരിശ്രമങ്ങളിലാണ് ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റി. നിങ്ങളുടെ മനസ്സിന്റെ മണിച്ചെപ്പിനകത്തു വച്ച് ഓര്‍മ്മിക്കാനും ഓര്‍ത്തയവിറക്കാനും ഏതെങ്കിലുമായേ നിങ്ങള്‍ പടിയിറങ്ങു എന്ന് സെന്‍ട്രല്‍ കമ്മറ്റിക്കുറപ്പുണ്ട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.