ഈജിപ്ത്

ഈജിപ്തിൽനിന്ന് ഒരു പുറപ്പാടോ അതോ ഈജിപ്തിലേക്ക് ഒരു പലായനമോ? എന്തായിരുന്നാലും ദൈവം കൂടെയുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലല്ലോ?. ഉത്പത്തിപുസ്തകത്തിൽ യാക്കോബും മക്കളും ഈജിപ്തിലേക്ക് പോയത് ക്ഷാമത്തിൽനിന്ന് രക്ഷപ്പെടാനായിരുന്നു. ദാവീദിൻറെ നഗരത്തിൽ ശിശുവായി പിറന്ന ലോകരക്ഷകന്റെ ജീവൻ രക്ഷിക്കാൻ തിരുക്കുടുംബം പലായനം ചെയ്തതും ഈജിപ്തിലേക്ക് തന്നെയായിന്നു. അതുകൊണ്ടുതന്നെ വിട്ടുകളയേണ്ട ഒരു രാജ്യമല്ല ഈജിപ്ത്. സീനായ് മല, വഴിവക്കിലെ സിക്കമൂർ മരം, ഉപ്പുതൂണ്‌, ലാസറിന്റെ ബഥനി, TEMPTATION MOUNTAIN, സമരിയക്കാരന്റെ കഥ ഒരുക്കിയ ജെറീക്കോ, ചെങ്കടൽ, നൈൽ എന്നിങ്ങനെ ഒരു ബൈബിൾ യാത്രക്ക് ഇവിടെയും സംഗതികളുണ്ട്.
ജോലിമുതൽ സ്കൂളിലേക്കുള്ള ഓട്ടത്തിൽവരെ വിസ്മയക്കാഴ്ചകൾ കണ്ടെത്താൻ ശ്രമിക്കുന്ന ഞാനും സമ്മതിക്കുന്നു രണ്ടുദിവസത്തെ മരുഭൂയാത്ര ഏതൊരു സഞ്ചാരിയെയും മടുപ്പിക്കുന്നതും വെറുപ്പിക്കുന്നതും ആകാമായിരുന്നു. നാല്പതുവർഷം മരുഭൂമിയിലൂടെ പിറുപിറുപ്പോടെ നടന്ന ഒരു ജനതയെ ചുറുചുറുക്കോടെ നയിച്ച മോശയും അഹറോനും പോലെ ആ പരീക്ഷണയാത്രയെ ചിരിപ്പിച്ചും വിറപ്പിച്ചും രസിപ്പിച്ച കട്ടിയാങ്കലച്ചനും വിപിൻ പണ്ടാരശേരിയും ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്ന ഓരോ സഹയാത്രികർക്കും നന്ദി എന്ന രണ്ടക്ഷരത്തിൽ തീർക്കാവുന്നതല്ല കടപ്പാടിൻറെ കടം. ഇസ്രയേൽ മക്കൾക്ക്‌ കാടപ്പക്ഷിയും മന്നായും സ്വാന്തനമായപ്പോൾ ചെങ്കടലും വെളുപ്പും ചുമപ്പും ചിലപ്പോൾ ചാരനിരത്തിലുമുള്ള ചുണ്ണാമ്പ് കൂമ്പാരങ്ങളും മരുഭൂമിയിൽ ഞങ്ങൾക്കും വിസ്മയത്തിൻറെ വിരുന്നൊരുക്കി. ദൈവജനത്തിനുമുന്പിൽ പഞ്ചപുച്ഛമടക്കി അവർക്കായി വീഥിയൊരുക്കിയ ചെങ്കടൽ തന്നെയാണ് ഫറവോസൈന്യത്തെ മുഴുവൻ കോരിയെടുത്തു് അമ്മാനമാടിയ ഉഗ്രപ്രതാപിയായ ചെങ്കടൽ എന്ന സത്യം മനുഷ്യസ്വഭാവത്തിൻറെ തന്നെ പ്രതിഫലനമാണോ? ഒരുവശത്തു് ആശ്ലേഷിക്കുകയും മറുവശത്തു ആക്രോശിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവംപോലെ!.
ബ്രമ്മാൻഡമായ ഈജിപ്ത്യൻ മ്യൂസിയത്തിനുമുന്പിൽ നിൽക്കുമ്പോൾ ക്ലിയോപാട്രയും ഫറവോയും ഹോളിവുഡ് സിനിമാലോകത്തിലെ ബോക്സ് ഓഫീസ് ചിത്രങ്ങളും ഒപ്പം മമ്മിഫിക്കേഷനെക്കുറിച്ചുള്ള കുറേ കേട്ടറിവുകളും എന്റെയുള്ളിൽ മാറിമറിയുകയായിരുന്നു. അതിനുള്ളിലാകട്ടെ 120 ,000 ൽ അധികംവരുന്ന പുരാവസ്തുശേഖരം. ഇന്നലെകളെ നാളെയുടെ ഊർജമായി കാത്തുസൂക്ഷിക്കുന്ന ദീർഘവീക്ഷണം. ഓരോന്നോരോന്നായി സാകൂതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കുറേമനുഷ്യരും ചേർന്ന് ശ്വാസംമുട്ടിക്കുന്ന ഒരന്തരീക്ഷം ആയിരുന്നെങ്കിലും ഗൈഡിൻറെ വാക്‌ചാതുരിയിൽ ആ പരേതൻമക്കളെ വലംവച്ചത് അറിഞ്ഞില്ല. ചില മാർബിൾകണ്ണുകൾ ഇടയ്ക്കിടെ വേട്ടയാടുന്നുണ്ടായിരുന്നെങ്കിലും!
അടുത്തലക്ഷ്യം ഗിസ പിരമിഡുകളായിരുന്നു, എക്കാലത്തെയും ലോകാത്ഭുതങ്ങളിൽ ഒന്നായ ഈജിപ്ത്യൻ പിരമിഡിൻറെ തൊട്ടരുകിൽ എന്നുപറയുന്നത് നിസാരകാര്യമല്ല. ചിത്രത്തിൽകാണുമ്പോൾ ഒരു ത്രികോണം, അകലെനിന്ന് നോക്കുമ്പോൾ ഒരു ഇഷ്ടികക്കൂമ്പാരം അടുത്തെത്തുമ്പോഴാകട്ടെ അത്ഭുതങ്ങളുടെ കലവറയും. സമ്പത്തിലും സൗന്ദര്യത്തിലും പകരത്തിനില്ലാത്ത ഫറവോയുടെ മരണാനന്തതരജീവിതത്തിനുള്ള ഒരുക്കം അഥവ സർവ്വസന്നാഹം എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും നിർമ്മാണത്തിനുപിന്നിലെ അധ്വാനത്തെക്കുറിച്ചോ പിഴക്കാത്ത കണക്കുകൂട്ടലുകളെക്കുറിച്ചോ ആധുനികലോകത്തിന് ഇനിയും ഉത്തരമില്ല. അല്പം ക്ഷമയും, കുറച്ചു പ്രയത്‌നവും ഉണ്ടെങ്കിൽ ഫോട്ടോഗ്രാഫിയിൽ അല്ത്ഭുതം തീർക്കാൻ ഇവിടെക്കഴിയും.സൂയസ് കനാൽ, പാപ്പിറസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ നിങ്ങളിലെ വിദ്യാർത്ഥി ഇനിയും മരിച്ചിട്ടില്ലെന്ന് ഓർമ്മപ്പെടുത്തുകതന്നെചെയ്യും. തൊട്ടാൽപൊള്ളുന്ന വിലകൊടുക്കേണ്ടിവരുമെങ്കിലും ഈജിപ്ത്യൻ സുഗന്ധകൂട്ടുകളെ ഒന്നിനെയെങ്കിലും സ്വന്തമാക്കിയില്ലെങ്കിൽ പിന്നീട് നിരാശപ്പെടേണ്ടിവരും. ചാവുകടലിലെ FLOATING EXPERIANCE ഉം GULF OF AQABA ലെ കോറൽ സൗന്ദര്യവും വേറിട്ട ഒരനുഭവംതന്നെയാണ്.ഈച്ചയും പൂച്ചയും കലപിലകൂട്ടിയ ഉച്ചഊണുകളും ഓട്ടോറിക്ഷയും കുതിരവണ്ടിയും ഒന്നിച്ചു പൊടിപാറിക്കുന്ന തെരുവുകളും നിലംപതിക്കാൻ കാത്തുനിൽക്കുന്ന ബഹുനിലകെട്ടിടങ്ങളും പേടിപ്പെടുത്തുന്ന ശൗചാലയങ്ങളും ബോധപൂർവം നമുക്ക് മറക്കാം. പകരം BED & BREAKFAST മാത്രമല്ല മൃഷ്ടാന്നമായ അത്താഴങ്ങളും ഒരുക്കിയ ഹോട്ടലുകളെക്കുറിച്ചും ഇവിടെ ഓർക്കാം.
അമ്മാനിലെ ഹോട്ടൽ MENA ജനജീവിതത്തിൻ്റെ ഹൃദയഭാഗത്തായിരുന്നെങ്കിൽ ഹോട്ടൽ സോളമൻ തിബേരിയസ്‌ കടലിൻറെ സ്പന്ദനമായിന്നു. പിന്നെ ഹോട്ടൽ ഷെപേഡ് പാലസ്റ്റീനിയൻ നേതാവും സമാധാനത്തിൻറെ നോബൽ സമ്മാനജേതാവുമായ യാസർ അരാഫത്തിന്റെ പാദമുദ്ര ഏറ്റയിടമായിരുന്നു. ചെങ്കടലിൻറെ ചുംബനങ്ങളേറ്റ് ഹോട്ടൽ ECOTEL- ഉം മാമലകളുടെ പ്രണയകടാക്ഷത്തിൽ ഹോട്ടൽ TOLIP- ഉം ഒരുപോലെ ശോഭിച്ചു. കേയ്‌റോയിൽ നഷ്ടപ്രതാപത്തിൻ്റെ ആഢ്യത്തം പേറി ഹോട്ടൽ പിരമിഡും ഈ ഓർമ്മക്കുറിപ്പിൽ സ്ഥാനം പിടിച്ചിരിക്കുന്നു .
പതിനൊന്ന് രാജ്യങ്ങളിലൂടെ ഒഴുകി ലോകത്തിലെതന്നെ നീളംകൂടിയ നദിയെന്ന്‌ അവകാശപ്പെടാവുന്ന നൈൽ നദിയിൽ ഏറ്റവും ഹ്രസ്വമായ CRUIZE നടത്തിയെന്നൊരു ബഹുമതിയും ഞാനിവിടെ മറക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ തീർത്ഥാടനത്തിനപ്പുറം വിഞ്ജാനവും വിനോദവും പകർന്നു ബുദ്ധിക്കും മനസ്സിനും ശരീരത്തിനും ആത്മാവിനും നവചൈതന്ന്യം പകർന്ന ഈ യാത്ര എൻറെ ജീവിതത്തിലെ മറക്കാനാവാത്ത, ഞാൻ ഏറ്റവും വിലമതിക്കുന്ന പത്തുദിവസങ്ങളായിരിക്കും എന്നും എപ്പോഴും. കണ്ടുമടങ്ങിയവർക്ക് ഓർമ്മ പുതുക്കാനും കാണാൻ കാത്തിരിക്കുന്നവർക്ക് മുന്നൊരുക്കത്തിനും, പോകാൻ കഴിയാത്തവർക്ക് പുണ്യഭൂമിയുടെ മാസ്മരികപ്രഭ പകരാനും ഈ അക്ഷരക്കൂട്ടിന് കഴിയട്ടെയെന്നു ആഗ്രഹിക്കുന്നു.നോമ്പുകാലത്തിൻറെ ആശയടക്കങ്ങളും ഇന്ത്യൻ തെരഞ്ഞെടുപ്പിൻറെ ചൂടുവാർത്തകൾക്കും ഇടയിൽനിന്ന്‌ ഈ യാത്രാവിശേഷത്തെ ചിക്കിത്തിരഞ്ഞു പ്രോത്സാഹിപ്പിച്ചു് ഒപ്പം നിന്ന പരിചിതരും അപരിചിതരുമായ എല്ലാവർക്കും നന്ദി ഹൃദയത്തിൻറെ നിറവിൽനിന്ന്. സാമൂഹ്യമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ സധൈര്യം കൊണ്ടുവന്ന ക്നാനായ പത്രത്തിന് ആശംസകൾ. ഇനി ഞാൻ മടങ്ങട്ടെ എൻ്റെ സ്വകാര്യതകളിലേക്ക്. നന്ദി ഒരിക്കൽകൂടി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.