കാനഡയിൽ മൂന്നാമത്തെ ക്നാനായ മിഷൻ മെയ് 18 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു

ടൊറന്റോ: കാനഡയിൽ മൂന്നാമത്തെ ക്നാനായ കാത്തലിക്ക് മിഷന് മെയ് 18 വൈകുന്നേരം ഏഴുമണിക്ക് തിരി തെളിയുന്നു. ഗ്രെയ്റ്റർ ടൊറന്റോ ഈസ്റ്റ് കേന്ദ്രീകൃതമായി കാനഡയിലെ സീറോ മലബാർ രൂപതയുടെ കീഴിൽ രൂപീകൃതമാകുന്ന ഹോളി ഫാമിലി ക്നാനായ മിഷൻ, ക്നാനായ സമൂഹത്തിന്റെ മാതൃ രൂപതയായ കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലും, കാനഡയിലെ മിസ്സിസാഗാ സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെയും, മിഷൻ ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കരയുടെയും മറ്റു വൈദികരുടെയും സഹകാർമികത്വത്തിലും അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനയോടെയാണ് ആരംഭിക്കുന്നത്. ടോറോന്റോ യിലെ സെന്റ് ഫിഡെലിസ്‌ കത്തോലിക്കാ ദൈവാലയത്തിലാണ് (33 Connie Street, Toronto, M6L 2H8) കാനഡയിലെ ക്നാനായ സമൂഹത്തിന്റെ അജപാലനാവശ്യങ്ങൾക്കായി മൂന്നാമത്തെ മിഷൻ ആരംഭിക്കുന്നത്. മിസ്സിസാഗയിൽ രൂപീകൃതമായ പ്രഥമ മിഷന് ശേഷം ലണ്ടൻ കേന്ദ്രീകൃതമായി രണ്ടാമത്തെ മിഷനും പ്രവർത്തനം തുടങ്ങിയിരുന്നു. ക്നാനായ സമുദായ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്നതിനോടൊപ്പം കത്തോലിക്കാ വിശ്വാസത്തിലും സുറിയാനി പാരമ്പര്യത്തിലും സഭാ കേന്ദ്രീകൃതമായി വളരുവാനായി ക്നാനായ സമൂഹത്തിന് ലഭിക്കുന്ന കൂടുതൽ അവസരങ്ങൾ, ക്നാനായ സമുദായത്തിനോടും സഭയോടുമുള്ള ദൈവത്തിന്റെ പരിപാലനയുടെ തെളിവാണ്. ടൊറോന്റൊ ഏരിയായിൽ ചിതറിക്കിടക്കുന്ന ക്നാനായ സമൂഹാംഗങ്ങളെ സഭാപരമായി ഒരു കുടക്കീഴിൽ അണിനിരത്തുവാനും ക്നാനായ പൈതൃകവും വിശ്വാസ പാരമ്പര്യങ്ങളും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുവാനും പുതുതായി രൂപികരിക്കുന്ന മിഷനിലൂടെ സാധിക്കും. കാനഡയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ചയിലെ മറ്റൊരു നാഴികകല്ലായ ഈ മിഷൻ ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പൊതുയോഗവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.