കുടുംബസംഗമം ആവേശത്തിരയിളക്കിയ ആഘോഷാരാവാക്കി മാറ്റി കെന്റ് റീജിയനിലെ ക്‌നാനായക്കാര്‍

യു.കെ.കെ.സി.എ.യുടെ Eastbocerne, Kent, Medway Maidstone, Horsham and Haywardheath യൂണിറ്റുകള്‍ ഒത്തുചേരുന്ന കെന്റ് റീജിയന്റെ വാര്‍ഷിക കുടുംബസംഗമം കെന്റ് റീജിയനിലെ ക്‌നാനായക്കാര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ക്‌നാനായക്കാര്‍ക്ക് മാത്രം സാധ്യമാവുന്ന ഒത്തൊരുമയും ആവേശവും വാനോളം ഉയര്‍ത്തിയ കുടുംബസംഗമം തനിമയില്‍ പുലരുന്ന ജനതയുടെ സാഹോദര്യബോധവും സ്‌നേഹവും ഐശ്വര്യവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിളിച്ചോതുന്നതിന് ഏറെ സഹായകമായി. ക്‌നാനായ സൗഹൃദസംഗമത്തിന് ആതിഥ്യമരുളിയ മെയ്ഡ്‌സ്‌റ്റോൺ യൂണിറ്റംഗങ്ങള്‍ ഒന്നടങ്കം കൃത്യമായ സമയനിഷ്ഠയില്‍ പരിപാടികള്‍ കോര്‍ത്തിണക്കാന്‍ കഠിനപ്രയത്‌നം ചെയ്തതും കെന്റ് റീജിയനിലെ മുഴുവന്‍ ക്‌നാനായക്കാരുടെ പങ്കാളിത്തവും ഉന്നതനിലവാരംകൊണ്ട് കാണികളുടേയും യു.കെ.കെ.സി.എ. സെന്‍ട്രല്‍കമ്മറ്റിയംഗങ്ങളുടെയും മുക്തകണ്ഠപ്രശംസ നേടിയ കലാപരിപാടികളും ഇംഗ്ലണ്ടില്‍ ഉദ്യാന നഗരിയിലെ കുടുംബസൗഹൃദസംഗമത്തിന് ഉത്സവ പ്രതിച്ഛായയാണേകിയത്.
കൃത്യം രണ്ടുമണിക്ക് കെന്റ് ക്‌നാനായ ചാപ്ലയന്‍ ഫാ. ജോഷി കൂട്ടുങ്കലിന്റെ  കാര്‍മ്മികത്വത്തില്‍ ദിവ്യബലി ആരംഭിയ്ക്കുമ്പോള്‍തന്നെ മെയ്ഡ്‌സ്‌റ്റോണിലെ ലാര്‍ക്ക്ഫീല്‍ഡ് വില്ലേജ് ഹാളും പരിസരവും നിറഞ്ഞ് കവിഞ്ഞത് സംഘാടകരില്‍പോലും വിസ്മയമുണര്‍ത്തി.
ദിവ്യബലിക്കുശേഷം നടന്ന പ്രൗഡഗംഭീരമായ പൊതുസമ്മേളനത്തില്‍ റീജിയന്‍ പ്രസിഡന്റ് ശ്രീ. ജോമോന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെന്റ് ക്‌നാനായ ചാപ്ലയന്‍ ഫാ. ജോഷി കൂട്ടുങ്കൽ, യു.കെ.കെ.സി.എ. പ്രസിഡന്റ് ശ്രീ. തോമസ് തൊണ്ണന്‍മാവുങ്കല്‍, യു.കെ.കെ.സി.എ. ജനറല്‍ സെക്രട്ടറി ശ്രീ. സാജുലൂക്കോസ് പാണപറമ്പില്‍, യു.കെ.കെ.സി.എ. വൈസ് പ്രസിഡന്റ് ശ്രീ. ബിബിന്‍ പണ്ടാരശ്ശേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റീജിയന്‍ പ്രസിഡന്റ് ശ്രീ. ബിജു തോമസ് സ്വാഗതവും ട്രഷറാര്‍ സിജു  മടത്തിപ്പറമ്പിൽ  കൃതജ്ഞതയും പറഞ്ഞു.
സമുദായസ്‌നേഹത്താല്‍ ജ്വലിക്കുന്ന തിരിനാളങ്ങളായി നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരണമെന്നും ഏതൊരുകൂട്ടായ്മയില്‍ ചെന്നാലും ഞാന്‍ ക്‌നാനായക്കാരനാണ് എന്ന് വിളിച്ചുിപറയാനുള്ള ചങ്കൂറ്റം നമ്മുടെ കുട്ടികള്‍ക്കുണ്ടാവണമെന്നും ശ്രീ. തോമസ് തൊണ്ണംമാവുങ്കല്‍ അദ്ദേഹത്തിന്റെ ആശംസാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
സംഘടനയും ക്‌നാനായ മിഷനും പരസ്പര പൂരകങ്ങളായി ഒരുമിച്ച് ശക്തിപ്രാപിച്ച് വളര്‍ന്നു വരാനുള്ള ശ്രമങ്ങളാണ് യു.കെ.കെ.സി.എ. എക്കാലവും നടത്തിയിട്ടുള്ളതെന്ന് ശ്രീ. സാജു ലൂക്കോസ് അനുസ്മരിച്ചു.
സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളും റീജിയന്‍ കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് നിലവിളക്കുകൊളുത്തി കുടുംബസംഗമസന്ധ്യ ഉദ്ഘാടനം ചെയ്തു.
കെന്റ് ലെ മുഴുവന്‍ ജനങ്ങളുടേയും പങ്കാളിത്തത്തോടെ നടന്ന സ്വാഗത നൃത്തം യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ സ്വാഗതനൃത്തത്തിന്റെ ഓര്‍മ്മയാണുണര്‍ത്തിയത്. പുരാതനപ്പാട്ടുകളുടെ അകമ്പടിയോടെ കെന്റ് യുവജനത വേദിയില്‍ വിസ്മയ തീര്‍ക്കുന്ന അതേസമയത്തുതന്നെ സദസ്സില്‍ ക്‌നാനായ വിവാഹാചാരങ്ങളുടെ നേര്‍ക്കാഴ്ചകളും അരങ്ങേറിയത് കാണികള്‍ക്ക് വിസ്മയപ്പെരുമഴയായി. അതിന്റെ ആവേശം നിലയ്ക്കാത്ത നടവിളികളായാണ് സദസ്സ് ഏറ്റെടുത്തത്.
ഇടതടവില്ലാതെയും ഇടവേളകളില്ലാതെയും ഒന്നിനുപുറകേ ഒന്നായി കലാപരിപാടികള്‍ വേദിയിലെത്തിച്ച പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചബിജു ജോസെഫ് ഇടമന, ആന്‍സി ബെന്നി, ഗീതാ ഷാജി, സിറിയക് ചൊള്ളമ്പേല്‍ എന്നിവരുടെ കഠിന പ്രയത്‌നങ്ങളിലൂടെശ്രദ്ധേയരായി. കാണികളെ പിടിച്ചിരുത്തുന്ന രീതിയില്‍ പരിപാടികള്‍ക്കിടയില്‍ത്തന്നെ കുസൃതിച്ചോദ്യങ്ങളും ഒപ്പം സമ്മാനങ്ങളുമായി ബിജു ജോസഫ്, ആന്‍സി ബെന്നി എന്നിവര്‍ വേറിട്ട അവതാരകരായി തിളങ്ങി.
കാണികള്‍ നിറഞ്ഞ കൈയ്യടികളോടെ ഏറ്റുവാങ്ങിയ കെന്റിലെ മുഴുവന്‍ യുവജനങ്ങളും പങ്കെടുത്ത ഫാഷന്‍ഷോയോടെയാണ് കുടുംബസംഗമത്തിന് തിരശ്ശീലവീണത്.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.