വിശ്വാസ സാക്ഷ്യമേകി  ലോകമെങ്ങും സഞ്ചരിച്ച വിശുദ്ധൻ

ലേവി പടപ്പുരക്കൽ

ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ .സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി നൂറിലധികം രാജ്യങ്ങളാണ് ഈ വിശുദ്ധൻ സന്ദർശിച്ചത്.1986 ഫെബ്രുവരി എട്ടിന് കോട്ടയം അതിരൂപതാ ബിഷപ്പ് ഹൗസിൽ അദ്ദേഹം താമസിച്ചത് ക്നാനായ സമുദായത്തിന് എക്കാലവും അഭിമാനകരമാക്കിയ ഒരു വലിയ സംഭവം തന്നെയായിരുന്നു.ഇക്കാര്യത്തിൽ ഭാഗ്യസ്മരണാർഹനായ കുന്നശ്ശേരി പിതാവ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു.അഞ്ചു വർഷങ്ങൾക്ക് മുൻപ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ഇന്നും മാനവഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നതാണ് യാഥാർഥ്യം.

വിശുദ്ധപദവി ആർജിക്കുന്നതിന് ഒരു കത്തോലിക്കാ വിശ്വാസിക്ക്‌ നിരവധി കനൽവഴികൾ താണ്ടേണ്ടതായിട്ടുണ്ട് ആത്മവിശുദ്ധിയുടെ സൂര്യശോഭയിലേക്ക്‌ ഉയർന്നെത്തുന്ന വിശുദ്ധർ  പലതരത്തിലുള്ള അഗ്നിപരീക്ഷകൾ പിന്നിട്ടവരാണ്. ചിലർക്കത് ജീവിത സഹനങ്ങളായിരിക്കാം ,ചിലർക്കത്  ആത്മത്യഗപൂർണമായ മാനവസേവനമായിരിക്കാം , ഇനിയും ചിലർക്ക് വിശ്വാസത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വവും ആകാം. 2014 ഏപ്രിൽ 27ന്  വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട  ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായ്ക്ക് വിശുദ്ധിയിലേക്കുള്ള വഴിതുറന്നത് വിശ്വാസ ദാർഢ്യത്തോടുകൂടിയ  നിരന്തര പ്രവർത്തനവും ആത്മസമർപ്പണവും ആണെന്ന് നിസംശയം പറയാം.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നവ വൈദികനായി  പ്രവർത്തനമാരംഭിച്ച ജോൺപോൾ രണ്ടാമൻ പാപ്പയുടെ സഭാ ശുശ്രൂഷ വിവിധ പദവികൾ കടന്ന് 1978ൽ  പരിശുദ്ധ സിംഹാസനത്തിൽ എത്തി 2005ൽ  പര്യവസാനിക്കുമ്പോൾ  ആത്മീയ രംഗത്ത് അദ്ദേഹം ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു. രണ്ടു മഹായുദ്ധങ്ങളും നിരവധി ദുരന്തങ്ങളും ചവിട്ടി കുഴച്ചിട്ട് പോയ ഇടിഞ്ഞുപൊളിഞ്ഞ ലോകത്തെ ആത്മീയതയിൽ ഊട്ടിയുറപ്പിച്ചു ആധുനിക ജീവിതത്തിന്റെ വെല്ലുവിളികൾ നേടാൻ പര്യാപ്തമാക്കിത്തീർക്കുക  എന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹത്തിന് ഏറ്റെടുക്കാനുണ്ടായിരുന്നത്. കടലോളം കരുണയുള്ള ക്രിസ്തുവിന്റെ  സ്നേഹം പകർന്നു നൽകുക എന്നത് ജീവിത സാക്ഷ്യമായി സഫലീകരിച്ചു കൊണ്ടാണ് ആ ധന്യ പിതാവ് തന്റെ ഓട്ടം പൂർത്തിയാക്കി മഹത്വത്തിന്റെ  കിരീടം അണിയുന്നത്.

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനു പിതാവിന് തുണയായത് പ്രതിസന്ധികൾ നിറഞ്ഞ ബാല്യകൗമാരങ്ങൾ തന്നെയാകണം. ഒമ്പതാമത്തെ വയസ്സിൽ അമ്മ മരിക്കുകയും പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠ സഹോദരനെ നഷ്ടപ്പെടുകയും ചെയ്തു വിദ്യാഭ്യാസ കാലവും ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു പ്രത്യേകിച്ച് 1938ൽ  രണ്ടാം ലോകമഹായുദ്ധത്തിന്റെ  ആരംഭം കുറിച്ചുകൊണ്ട് ജന്മനാടായ പോളണ്ടിനെ നാസികൾ കീഴടക്കുകയും പഠിച്ചുകൊണ്ടിരുന്ന സെമിനാരി അടച്ചുപൂട്ടുകയും ചെയ്തു. ഒളിവിൽ പ്രവർത്തിച്ചു പോന്ന കൃക്കോവിലെ  സെമിനാരിയിൽ പഠനം പൂർത്തിയാക്കി. തളരാത്ത മനസ്സോടുകൂടി സംഗീതവും കവിതയും എല്ലാം ഉള്ളിൽ തികട്ടിനിന്ന യുവാവ് 1946ൽ  വൈദികനായി ശുശ്രൂഷ ആരംഭിച്ചു. വിശ്വാസ തീക്ഷണതയും ഊർജ്ജസ്വലതയും തുളുമ്പി നിന്ന യുവ വൈദികന്റെ  പ്രസരിപ്പാർന്ന പ്രവർത്തനശൈലിയും ആത്മീയ തേജസും  1958ൽ  ഓംബിയിലെ ബിഷപ്പായി  നിയോഗിക്കപ്പെടാനിടയായി . 1962ൽ  രണ്ടാം വത്തിക്കാൻ കൗൺസിലിൽ സജീവ  ഭാഗഭാഗിത്വം വഹിക്കുവാൻ  നിയുക്തനായതും  കൗൺസിൽ രേഖകൾ രൂപപ്പെടുത്തുന്നതിൽ സഹകരിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ വഴിത്തിരിവായി. പോൾ ആറാമൻ മാർപാപ്പ 1967ൽ  യുവ ബിഷപ്പിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 1978ൽ  ക്രിസ്തുവിന്റെ പ്രതി പുരുഷനും പത്രോസിന്റെ  പിൻഗാമിയുമായി  സഭാ ഭരണം ഏറ്റെടുത്തു. പിന്നീട് ദിവംഗതാ നകുന്നത്  വരെയുള്ള 27 വർഷക്കാലം ആഗോള കത്തോലിക്ക സഭക്ക് പ്രേക്ഷിത മുഖം നൽകുവാനും ലോകത്തിനുമുഴുവൻ ആത്മീയ നേതൃത്വം നൽകാനും പിതാവിനു കഴിഞ്ഞു. ജോൺപോൾ രണ്ടാമന്റെ  ഏറ്റവും വലിയ സവിശേഷതയായി ലോകം ദർശിച്ചത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ വക്താവായി മാറി എന്നതാണ്. ഏത് നൈതിക സംഘർഷങ്ങളിലും നിയമത്തിൽ ഉപരിയായി ക്രിസ്തു സഹജമായ അലിവും ആർദ്രതയും പുലർത്തി നിയമമല്ല കൃപയാണ് എല്ലാ പൂർത്തിയാക്കുന്നതെന്നും കൃപയാണ് സഭയെ നയിക്കേണ്ടതെന്നും അദ്ദേഹം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വ്യക്തമാക്കി. വധശിക്ഷക്കെതിരെ കർക്കശമായ നിലപാടെടുക്കുകയും ഭ്രൂണഹത്യ, വംശഹത്യ എന്നിവയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തു. “ജീവനുണ്ടാകുവാനും അത് സമൃത്ഥമായി ഉണ്ടാകുവാനും “എന്ന തിരുവചനത്തിന്റെ  ആഹ്വാനമനുസരിച്ച് മനുഷ്യജീവന് വേണ്ടിയും മനുഷ്യന് നിത്യജീവിതത്തിന്  വേണ്ടിയുള്ള നീക്കങ്ങളും നിലപാടുകളുമാണ് പിതാവ് എടുത്തത് .തന്റെ നാടായ പോളണ്ടിനെ ഗ്രസിച്ചിരുന്ന നിരീശ്വര  കമ്മ്യൂണിസത്തെ ശക്തമായി എന്നാൽ നിശബ്ദമായി അദ്ദേഹം എതിർത്തു താൻ പിതാവ് ആയിരിക്കെ തന്നെ പോളണ്ടിൽ നിന്നും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി ഒഴിഞ്ഞ പോകുന്നത് കാണുവാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു .ലോകത്തിലെ പീഡകളും പീഡനങ്ങളും അദ്ദേഹത്തെ വ്യാകുലനാക്കി. ചൂഷണം ഇല്ലാത്ത ലോകത്തിനു വേണ്ടിയുള്ള ആശയപ്രചാരണം അദ്ദേഹം രൂപം കൊടുത്ത സഭാരേഖകളിൽ സുപ്രതിഷ്ഠിതമായി.

പോളണ്ടിൽ നാസിപ്പട ചെയ്ത അക്രമങ്ങൾക്ക് പിതാവ് ദൃക്സാക്ഷിയായിരുന്നു തന്റെ സുഹൃത്തുക്കളും അയൽക്കാരുമായ  നിരവധി ജൂതന്മാരെ നാസിപ്പട പിടികൂടുന്നതും തടവിൽ ആക്കുന്നതും ,വധിക്കുന്നതും വേദനയോടെ ഉൾപ്പിടച്ചലോടെ കണ്ടുനിന്നു . പിന്നീട് രണ്ടായിരമാണ്ടിൽ ഇസ്രായേലിലെ വിശുദ്ധ നാടുകളിൽ ഒരാഴ്ച നീണ്ടുനിന്ന തീർത്ഥാടത്തിനിടെ വികാരാധീനനായി ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള നാസിപ്പട ചെയ്തുകൂട്ടിയ അപരാധങ്ങൾക്ക് മാനവരാശിയോട്  മാപ്പപേക്ഷിച്ചത്‌ ലോകചരിത്രത്തിൽ തന്നെ അത്ഭുതപൂർവ്വമായ സംഭവമായി. ആ ഭീകര സംഭവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു.”റോമിലെ ഒരു ബിഷപ്പ് എന്ന നിലയിലും പത്രോസിന്റെ പിൻഗാമി എന്ന നിലയിലും സുവിശേഷത്താൽ  പ്രചോദിതമായ ഹൃദയത്തോടെ യാതൊരു രാഷ്ട്രീയ ലാക്കുകളുമില്ലാതെ  ജൂത നരവേട്ടയിൽ അഗാധമായി ഖേധിക്കുകയും  എവിടെയും എക്കാലത്തും ക്രിസ്ത്യാനികൾക്ക് ജൂതദ്രോഹത്തിനുള്ള പങ്കിനെ അപലപിക്കുക ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു”. ഈ പ്രസ്താവനയിലൂടെ പിതാവ് ആഗ്രഹിച്ചത് പോലെ തന്നെ യഹൂദ-ക്രൈസ്തവ ബന്ധം സുധൃഢമാകുകയും ലോകത്ത്മ്പാടും ഒരു സ്നേഹ വിപ്ലത്തിന്  അതു വഴിയൊരുക്കുകയും  ചെയ്തു

1981ൽ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് തന്റെ  മേൽ ചാടിവീണ് രണ്ടുവട്ടം നിറയൊഴിച്ച ,അലി അഗ്ക എന്ന വിഭ്രാന്തനായ യുവാവിനോട് ക്ഷമിക്കുകയും അവിവേകിയായ ആ യുവാവിന് മാപ്പുനൽകുകയും തടവറയിൽ നിന്നും  മോചിപ്പിക്കുവാൻ ശുപാർശ ചെയ്യുകയും ചെയ്തതോടെ പിതാവ് പ്രദർശിപ്പിച്ച ക്രിസ്തീയ സാക്ഷ്യം ലോകമെമ്പാടും പ്രകീർത്തിക്കപ്പെട്ടു.
പോളിഷ് ഗ്രാമത്തിൽ ജനിച്ചുവളർന്ന കർഷകനായ സ്വ പിതാവിന്റെ  നിഷ്കളങ്കത എന്നും ആ കണ്ണുകളിൽ പ്രതിഫലിച്ചിരുന്നു സൃഷ്ടാവിന്റ്   മഹത്വവും സൃഷ്ടിജാലങ്ങളുടെ സ്നേഹവും എന്നും അദ്ദേഹത്തെ ആവേശം കൊള്ളിച്ചിരുന്നു . നൂറോളം വിദേശരാജ്യങ്ങൾ സന്ദർശിച്ചതും മനുഷ്യസമൂഹങ്ങളോട് സംവാദിച്ചതും  അദ്ദേഹത്തിൻറെ മാനവികത വിളിച്ചോതുന്നതായി, വാക്കിലും പ്രവർത്തിയിലും മുഖഭാവത്തിലുമെല്ലാം ആത്മീയ ശോഭ നിറഞ്ഞു തുളുമ്പിയിരുന്നു. ഓരോ രാഷ്ട്രത്തിന്റെയും മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് തന്റെ  ഇഷ്ടം  പ്രകടമാക്കി ,പിതാവിന്റെ  രാഷ്ട്ര സന്ദർശനങ്ങൾ ആത്മീയ പര്യടനങ്ങളായി മാറി .

പരിശുദ്ധ പിതാവിന്റെ  പ്രഭാഷണങ്ങളിൽ ആത്മീയ വിവേകം നിറഞ്ഞുനിന്നിരുന്നു. സ്ത്രീകളോടും പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും  അനുകമ്പ, നിന്ദിതരോടും  പീഡിതരോടും ആകുലരോടും സഹതാപം, വിശ്വാസകാര്യങ്ങളിൽ കാർക്കശ്യം , മതപരമായ കാര്യങ്ങളിൽ വ്യവസ്ഥയും നിഷ്ഠയും ,എല്ലാ കാര്യങ്ങളിലും നീതിബോധത്തെ കവിഞ്ഞു  നിൽക്കുന്ന ക്രിസ്തീയമായ പരിഗണനയും ത്യാഗബുദ്ധിയും പിതാവിന്റെ  ജീവിതത്തിലുടനീളം പാലിക്കപ്പെട്ടു

ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രഭാഷണങ്ങൾ മധുരവും സൗമ്യവും ദീപ്തവുമായിരുന്നു . 1938ൽ  പൗരോഹിത്യ പദവി ഏറ്റത്  മുതൽ 2005 ൽ ദൈവകരങ്ങളിൽ തന്റെ  ആത്മാവിനെ സമർപ്പിക്കുന്നതുവരെ   പിതാവിന്റെ  ജീവിതം വിവാദ രഹിതമായിരുന്നു അനശ്വരമായ സംഗീതംപോലെ അത് കടന്നുപോയി കാലാകാലങ്ങളിൽ പ്രതിസന്ധികളുടെ തിരമാലകൾ ഉറഞ്ഞുതുള്ളുമ്പോൾ പോലും  സഭാനൗകയെ ശാന്തമായി യുഗത്തിന്റെ  വെല്ലുവിളികൾക്ക് അതീതമായി നയിക്കുവാൻ പിതാവിന് കഴിഞ്ഞു.

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ആരംഭിച്ച രണ്ടാംവത്തിക്കാൻ സൂനഹദോസിൽ സഭയുടെ വാതായനങ്ങൾ തുറന്നിട്ടുകൊണ്ട് സഭാ പരിവർത്തനത്തിന് നേതൃത്വം കൊടുക്കുമ്പോൾ സഹകാർമികനായി  പിൽക്കാലത്ത് കൗൺസിൽ സന്ദേശങ്ങളുടെ പ്രവാചകനായി കാലഘട്ടത്തിലെ ചുവരെഴുത്തുകൾക്ക്‌ പ്രത്യുത്തരം നൽകി സഭാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട വ്യക്തിയായി വിശുദ്ധനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ മാറി.

2014 ഏപ്രിൽ 27ന് വിശുദ്ധനായി  ജോൺപോൾ രണ്ടാമൻ മകുടം ചൂടിയപ്പോൾ ഭൂമിയിലും സ്വർഗത്തിലും അത് മഹാ സന്തോഷത്തിന് വഴിയൊരുക്കി  ദൈവപിതാവ് തന്റെ പുത്രന്റെ  ജ്ഞാനസ്നാന വേളയിൽ ഉദിരണം  ചെയ്ത വാക്കുകളുടെ അനുരണനം അന്നും മുഴങ്ങി “ഇവനെന്റെ  പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.