ചിക്കാഗോ സെ. മേരീസ് ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാർത്ഥ്യമാകുന്നു

സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ)

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം വാങ്ങുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. പള്ളിക്ക് ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഭവനംവാങ്ങുവാനാണ്  കരാറിന് ധാരണയായത്.
 നാലു ലക്ഷം ഡോളർ വിലമതിക്കുന്ന പുതിയ ഭവനത്തിന്റെ താക്കോൽദാനം ഏപ്രിൽ മാസം അവസാന വാരത്തോടുകൂടി നടക്കും.
 ദശ വർഷത്തിലേക്ക് പ്രവേശിക്കുന്ന സെ.മേരിസ് ഇടവക്ക് സ്വന്തമായൊരു  വൈദിക മന്ദിരം ലഭ്യമാകണമെന്നുള്ള ഇടവകാംഗങ്ങളുടെ ചിരകാലഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇപ്പോൾ നേരിടുന്ന വെല്ലുവിളി നാല് ലക്ഷം ഡോളർ ഉടൻ സമാഹരിക്കണം എന്നുള്ളതാണ്. ഇതിന്റെ ഭാഗമായി ഓശാന ഞായറാഴ്ച സെ. മേരീസ് പള്ളിയിൽ വച്ച് നടത്തിയ ഭവന പണസമാഹരണ ചടങ്ങിന് ജനങ്ങളുടെ ഭാഗത്തുനിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത പിണർക്കയിൽ ജോസ് & മേരി ദമ്പതികൾ ആദ്യഗഡു നൽകി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഇടവകാങ്ങളുടെ അഭിലാഷവും അഭിമാനവും ആകുന്ന പുതിയ ഭവനപദ്ധതിയുടെ സാക്ഷാത്കാരത്തിനായി സഹായഹസ്തവുമായി നൂറിൽപരം കുടുംബാംഗങ്ങൾ അന്ന് നടന്ന ധനസമാഹരണ ചടങ്ങിനെ ധന്യമാക്കി.
 ഇനിയും ധാരാളം കുടുംബങ്ങളിൽനിന്നുള്ള ആത്മാർത്ഥമായ സഹായസഹകരണങ്ങൾ ഈവസരത്തിൽ ഉണ്ടാകണമെന്ന് ഇടവക വികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു. ഊർജ്ജിതമായി തുടരുന്ന ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെ പ്രവർത്തങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.