ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ വിവിധ  ക്ഷേമ പ്രവര്‍ത്തന പാക്കേജുകളുമായി കെ.എസ്.എസ്.എസ്

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ വിവിധ ക്ഷേമ പ്രവര്‍ത്തന പാക്കേജുകള്‍ നടപ്പിലാക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അടുക്കളതോട്ട വ്യാപന പദ്ധതിയും സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ക്ക് അവസരം ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ശുദ്ധജല സംരക്ഷണ പ്രവര്‍ത്തനങ്ങളും വീട്ട് ഉപകരണ കിറ്റുകളുടെ ലഭ്യമാക്കലും ഉള്‍പ്പെടെയുള്ള നിരവധിയായാ പ്രവര്‍ത്തനങ്ങളാണ് 2 ജില്ലകളില്‍ നടപ്പിലാക്കുന്നത്. അടുക്കളതോട്ട വ്യാപന പദ്ധതിയുടെ ഭാഗമായി 500 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍, ഗ്രോ ബാഗുകള്‍ വളം, ജൈവ കീടനാശിനികള്‍, കൃഷി ഉപകരണങ്ങള്‍, സ്‌പ്രേയര്‍ തുടങ്ങിയവ ലഭ്യമാക്കും. സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രോത്സാഹനത്തോടൊപ്പം അടുക്കള ഉപകരണങ്ങളും ലഭ്യമാക്കും. ആലപ്പുഴ ജില്ലയിലെ വെളിയാനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, രാമങ്കരി, തലവടി, മുട്ടാര്‍, മാരാരിക്കുളം എന്നീ പഞ്ചായത്തുകളിലെ 800 റോളം കുടുംബങ്ങള്‍ക്കാണ് അടുക്കള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. സ്റ്റീല്‍ പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, സ്പൂണ്‍, തവികള്‍, പാന്‍, ഗ്ലാസ്സുകള്‍, ബൗള്‍, ചരിവം, ചീനിച്ചട്ടി എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൂടാതെ കിണറുകളുടെ പുനരുദ്ധാരണം, കുടിവെള്ള ശുചീകരണ യൂണിറ്റുകളുടെ വ്യാപനം, ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് രണ്ട് ജില്ലകളില്‍ നടപ്പിലാക്കുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.