മാണി സാറിന്റെ ദീപ്ത സ്മരണകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: അന്തരിച്ച കേരളാ രാഷ്ടിയത്തിലെ അതികായനും നിയമസഭ സാമാജികനും ഭരണ നയതന്ത്രജ്ഞനും ജനോപകാരിയുമായ കെ.എം മാണി സാറിന്റെ ദീപ്ത സ്മരണകളുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മന്ത്രിയായിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചരുന്നു. കെ.എസ്.എസ്.എസ് ആസ്ഥാനമായ ചൈതന്യയില്‍ മാതൃകാ പോളി ഹൗസ് യൂണിറ്റ് ആരംഭിക്കുന്നതിന് വേണ്ട എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയത് മാണിസാറായിരുന്നു. ഒപ്പം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധങ്ങളായ പരിപാടികളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അനേകായിരങ്ങള്‍ക്ക് ആശ്വാസ ഹസ്തമൊരുക്കുന്നതിനായി അദ്ദേഹം വിഭാവനം ചെയ്ത കാരുണ്യ പദ്ധതിയുടെ ചുവട് പിടിച്ചുകൊണ്ടാണ് കെ.എസ്.എസ്.എസ് ചൈതന്യ ജീവകാരുണ്യനിധി നിര്‍ദ്ധന രോഗി ചികിത്സാ സഹായ പദ്ധതി നടപ്പിലാക്കി വരുന്നത്. മാണിസാറും ഭാര്യ കുട്ടിയമ്മയും ഒരുമിച്ചുള്ള വേദിയിലായിരുന്നു പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടത്. കെ.എസ്.എസ്.എസ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍, ചൈതന്യ കാര്‍ഷിക മേള തുടങ്ങിയ വിവിധങ്ങളായ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് മാണിസാര്‍ നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതായിരുന്നു. കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പോലും സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായി എന്നുള്ളത് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തെയാണ് എടുത്തുകാണിക്കുന്നത്. കര്‍ഷകരോടും മലയോര ജനതയോടും പ്രത്യേകം താല്‍പ്പര്യം കാണിച്ചിരുന്ന അദ്ദേഹം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച പല പരിപാടികളിലും പങ്കെടുത്തിരുന്നു. മാണിസാറിന്റെ വിയോഗം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള അനുശോചനം അറിയിക്കുന്നതായും കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.