യാത്രകളിലെ കാഴ്ചകളും ഉൾകാഴ്ചകളും

സിബി ബെന്നി കൊച്ചാലുങ്കൽ

കഫർണാം

സൗഹൃദത്തിൻറെ ഭാഷയും ഇടപാടുകളിലെ ലാഘവത്വവും ജോർദാൻ അതിർത്തിയിൽ അവസാനിക്കുകയാണെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നെങ്കിലും അതാരും കാര്യമാക്കിയിരുന്നില്ല. ഇനിയങ്ങോട്ടെല്ലാം SPIRITUAL ADVISOR  ൻറെ കൈകളിലാണ്, തൻറെ മടിശീലയുടെ കിലുക്കംകൊണ്ട് ഒന്നും ചെയ്യാന്കഴിയില്ലെന്ന് ജിജോ മുതലാളിയും കയ്യൊഴിയുമ്പോൾ ചിലരിലെങ്കിലും ആശങ്കയുടെ മുളകൾ പൊട്ടിയിട്ടുണ്ടാവാം.വാഗ്ദത്തഭൂമിയിലേയ്ക്ക് മോശയെ പിന്തള്ളിയുള്ള മുന്നേറ്റത്തിൻറെ ആവേശത്തിൽ ആശങ്കകൾക്കെവിടെ സ്ഥാനം? ഇസ്രായേൽ… ഇസ്രായേൽ  എന്ന് ശബ്‌ദമില്ലാത്ത ഒരാരവം മുഴങ്ങുന്നപോലെ !അതിർത്തിയിൽ ആരുടെയോ ക്യാമറ ഫ്ലാഷിൽ ബസ്സിലേക്ക് തോക്കുമായി ഇരച്ചുകയറിയ ഇസ്രായേലികാവൽഭടന്റെ മുൻപിൽ എൻറെ ഉള്ളിലും ഒരു മിന്നലല്ല, വാൾത്തന്നെ കടന്നുകയറിയെന്നു സമ്മതിക്കാതെ വയ്യ.

എല്ലാം ശുഭമായി ഇസ്രായേൽ അതിർത്തികടന്നു.വേനലും മഴയും പോലെ മാറ്റത്തിൻറെ വേലിയേറ്റത്തിൽ വീണ്ടും പ്രസരിപ്പിൻറെ സൂര്യോദയം.ഗോലാൻ കുന്നുകൾ,’ 6DAYS WAR, SNIPPERS ATTACK’ എന്നിങ്ങനെ ഇസ്രായേലിൻറെ നവോഥാനത്തെക്കുറിച്ചു് പുതിയ ഗൈഡ് വാചാലനായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ വഴിയോരക്കാഴ്ചകളിലായിരുന്നു.മണ്ണും മരങ്ങളും മരതകപ്പച്ചയും  എന്തിന് റോഡുകൾ പോലും ആരുംപറയാത്ത വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു.കൃഷിക്കാരില്ലാത്ത കൃഷിയിടങ്ങൾ തട്ടുതട്ടായി തിരിച്ചിരിക്കുന്നു. വിളവെടുപ്പിൻറെ കാലമല്ലാത്തതിനാലാവാം  നാരങ്ങയും ഓറഞ്ചും അല്ലാതെ ഈന്തപ്പഴം പോലും കാണാൻ കഴിഞ്ഞില്ല. എങ്കിലും വേനൽക്കാലത്തും,ശീതകാലത്തും ഫലം തരുന്ന സസ്യലതാദികൾ പുഷ്ടിയോടെ വളരുന്നത് ഞങ്ങൾ കൊതിയോടെ നോക്കിക്കണ്ടു. സൈനികശക്തിയിൽ മാത്രമല്ല ശാസ്ത്രസാങ്കേതിക വിദ്യയിലും,കാര്ഷികമേഖലയിലും ഇസ്രായേൽ നൽകുന്ന പ്രാധാന്യം സമ്മതിക്കാതിരിക്കാൻ വയ്യ.

യാത്രമദ്ധ്യേ ചരിത്രത്തിൻറെ ചവർകൂമ്പാരത്തിൽനിന്നും മറിയം മഗ്ദലനയുടെയും,കാനായിലെ കൽഭരണികളുടെയും ശേഷിപ്പുകൾ കണ്ടെടുക്കുകയുണ്ടായി.താബോർമലയുടെ നിറുകയിൽനിന്നും തിരികെ നടക്കുമ്പോൾ പത്രോസിനെപ്പോലെ എനിക്കും തോന്നി ‘ഇവിടെയായിരിക്കുന്നത് നല്ലതെന്ന്’. കുന്നുകളും താഴ്വരകളും ജലാശയങ്ങളും ചേർന്ന് പ്രകൃതിയുടെ മായംകലരാത്ത സൗന്ദര്യം അവിടെ കാണാം. മതവിശ്വാസങ്ങൾക്കപ്പുറം പ്രായഭേദമന്യെ എല്ലാവർക്കും ആസ്വദിക്കാൻപറ്റുന്ന ഒരിടമാണ് എൻ്റെ കാഴ്ചപ്പാടിൽ ഇസ്രായേൽ. എന്നിരുന്നാലും ഗലീലിയിലെ കൊച്ചുപട്ടണമായ കാഫർണാമിന്റെ വിശേഷങ്ങളാണ്  എൻറെ മനസ്സുനിറയെ.

ജോർദാൻ നദിയിലെ സ്നാനത്തിനു ശേഷം യേശു ആത്മാവിനാൽ നയിക്കപ്പെട്ട് മരുഭൂമിയിലേക്ക് പോയി. പരസ്യജീവിതത്തിനുള്ള ഒരുക്കം പോലെ നാല്പതു രാവും നാല്പതു പകലും ഉപവസിച്ചു പ്രാർത്ഥിച്ചു. രക്ഷാകരദൗത്യം എത്ര കഠിനമായിരുന്നുവോ അതുപോലെതന്നെ കഠിനമായി രുന്നു ഒരുക്കവും.ബേത്ലഹേമിൽ ജനിച്ചു നസ്രായനായിവളർന്ന് പന്ത്രണ്ടാം വയസിൽ ദേവാലയത്തിൽ പണ്ഡിതരെ അത്ഭുതപ്പെടുത്തിയ ബാലൻ ഉപമകളിലൂടെ ഒത്തിരികാര്യങ്ങൾ സ്വന്തം നാട്ടുകാരെ പഠിപ്പിച്ചു. മുപ്പതുവയസായപ്പോഴേക്കും നാട്ടുകാർ അവനെ ഭയപ്പെട്ടു കൊല്ലാൻ ശ്രമിച്ചു. അവരിൽനിന്നും വഴുതിമാറി തൻ്റെ കർമ്മമേഘലയായി യേശു തിരഞ്ഞെടുത്ത പട്ടണമാണ് കഫർണാം. പ്രവാചകശബ്ദത്തിൽ പറഞ്ഞാൽ “സമുദ്രത്തിലേക്കുള്ള വഴിയിൽ ജോർദാന്റെ മറുകരയിൽ സെബുലൂൺ, നഫ്ത്തലി പ്രദേശങ്ങൾ ‘വിജാതിയരുടെ ഗലീലി’ അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു.മരണത്തിൻറെ മേഖേലയിലും, നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു”.(ഏശയ്യാ 9,1 -2 )

ഞായറാഴ്ച്ച വായനകളിലൂടെ നമുക്ക് സുപരിചിതമായ ഒത്തിരി അത്ഭുതങ്ങൾ നടന്ന സ്ഥലമാണിത്. അശുദ്ധത്മാവുബാധിതനെ സുഖപ്പെടുത്തിയ സിനഗോഗ് മുതൽ ഈശോ കഫർണാമിൽ ആയിരുന്നപ്പോൾ താമസിച്ചിരുന്ന ശിമെയോന്റെ അമ്മായിയമ്മയുടെ ഭവനത്തിന്റെ അവശിഷ്ട്ടങ്ങൾവരെ സഞ്ചാരികൾക്കു കണ്ടുവിശ്വസിക്കാൻ ഫ്രാൻസിസ്ക്കൻ സമൂഹം കാത്തുസൂക്ഷിച്ചിരിക്കുന്നത് ഒരുതരം ഉൾപുളകത്തോടെയല്ലാതെ ഓർക്കാൻ കഴിയില്ല.

ഗലീലിയതടാകത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിൻറെ മറ്റൊരു പ്രത്യേകത എന്നുപറയുന്നത് ദീർഘദൂരസഞ്ചാരികളുടെയും കച്ചവടക്കാരുടെയും;ഗ്രീക്കുകാർ ,മെസപ്പെട്ടോമിയർ അടക്കമുള്ള മറ്റ് വിദേശീയരുടെയും ഒരു വിശ്രമസങ്കേതവും നികുതി പിരിവുകാരുടെ ആസ്ഥാനവും ആയിരുന്നു കടൽക്കരയിലെ ഈ മുക്കുവപ്പട്ടണം.സിറിയയേയും ഈജിപ്തിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ദേശീയപാതയുടെ അവശിഷ്ട്ടങ്ങളും ഒന്നാംനൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചുങ്കക്കാരൻ മത്തായിയെ യേശു തൻ്റെ ശിഷ്യഗണത്തിലേക്ക് വിളിച്ചതും ഈ പട്ടണത്തിൽ വച്ചുതന്നെയാണ്.തന്നിൽ വിശ്വസിച്ചവരാരും നശിച്ചുപോകരുതെന്നായിരുന്നല്ലോ ആകാശപുത്രന്റെ ആഗ്രഹം .അതിൽ പാപികളും, രോഗികളും, സമരിയക്കാരും, കാനാൻകാരും, ചുങ്കക്കാരും വ്യഭിചാരികളും ഉൾപ്പെട്ടിരുന്നു .

വി .യോഹന്നാൻറെ സുവിശേഷം ആറാം അദ്ധ്യായത്തിൽ ജീവൻറെ അപ്പത്തെക്കുറിച്ചുള്ള നീണ്ട പ്രഭാഷണം നടത്തുന്നത്‌ കാഫർണാമിലെ സിനഗോഗിൽവച്ചാണ് .കുഷ്ഠരോഗി , ശതാധിപൻറെ ഭ്രത്യൻ ,പത്രോസിൻറെ അമ്മായിഅമ്മ പിന്നെ പുരമുകളിൽ കയറി ശയ്യയോടെ യേശുവിൻറെ മുൻപിൽ എത്തിച്ച തളർവാതരോഗി ഇവയെല്ലാം ഇവിടെ, ഈശോയ്ക്ക് പ്രിയപ്പെട്ട ഈ പട്ടണത്തിൽ യേശൂ  നടത്തിയ അത്ഭുതങ്ങളായിരുന്നു. എന്നിട്ടും മാനസാന്തരപ്പെടാത്ത ഈ നഗരത്തോട് ഈശോ കോപിച്ചു “കാഫർണമേ,  നീ സ്വർഗംവരെ ഉയർത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും.നിന്നിൽ സംഭവിച്ച അത്ഭുതങ്ങൾ സോദോമിൽ സംഭവിച്ചിരുന്നെങ്കിൽ അത് ഇന്നും  നിലനിൽക്കുമായിരുന്നു.വിധിദിവസത്തിൽ സോദോമിന്റെ സ്ഥിതി നിന്റേതിനേക്കാൾ സഹനീയമായിരിക്കും”.വിധിദിവസത്തിൽ ഇങ്ങനെ കേൾക്കാൻ നമുക്ക് ഇടയാകാതിരിക്കട്ടെ.

തിബേരിയോസ് തടാകം

തൊണ്ണൂറുകളിൽ തച്ചങ്കരി ആൽബത്തിലൂടെ മലയാളക്കര ഹൃദയത്തിലേറ്റിയ ഒരിടമാണ് സുവിശേഴത്തിലേ ഗലീലി കടൽക്കര. .ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. ശുദ്ധജലമത്‌സ്യം ‘സെൻറ്‌ പീറ്റേഴ്‌സ് ഫിഷ്’ എന്ന് പ്രദേശവാസികൾ പേരിട്ടിരിക്കുന്ന tilopia മത്സ്യങ്ങൾ വളരുന്നിടം, ചാവുകടൽ കഴിഞ്ഞാൽ സമുന്ദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെ സ്ഥിതിചെയ്യുന്നിടം, ഏതാണ്ട് 21 km നീളവും 13 km വീതിയുമുള്ള ഈ തടാകത്തിന്റെ ആഴം എന്നുപറയുന്നത് 141 അടി.

പുതിയനിയമ പുസ്തകങ്ങളിൽ ഗലീലിയകടൽ, തീബിരിയാസ് കടൽ/ തടാകം, ഗനേസരത് തടാകം എന്നീ പേരുകളിൽ വായിക്കുമ്പോൾ, പഴയനിയമത്തിൽ കീന്നേരത്തുതടാകം എന്നാണ് വായിക്കുക.സംഖ്യ(34 :11 ),ജോഷ്വാ(13 :27) .ആകാശത്തുനിന്ന് നോക്കിയാൽ കിന്നേരത് അഥവാ വയലിൻറെ ആകൃതിയാണത്രെ ഈ തടാകത്തിന്.

രാത്രിമുഴുവൻ വലവീശി ഒന്നുംകിട്ടാതെ നിരാശരായി വലയുംകഴുകി ഇരിക്കുകയായിരുന്ന ശിമയോനോടും സഹോദരൻ അന്ത്രയോസിനോടും വലത് വശത്തു് വലയെറിയാൻ പറഞ്ഞു രണ്ടുവള്ളം മീൻ വാരിക്കൂട്ടിയതും, അതോടെ നാല് മുക്കുവരെ മനുഷ്യരെ പിടിക്കാൻ വിളിച്ചതും, ഈ തടാകത്തിന്റെ കഥയാണ്. കൊടുങ്കാറ്റിനെ ശാന്തമാക്കിയതും ഇവിടെതന്നെ. വെള്ളത്തിനുമീതെ നടന്നുവെന്ന് പ്രതിപാദിക്കുന്നത് ഈ ശുദ്ധജലതടാകത്തിലാണ്, ചാവുകടലിൽ അല്ലായെന്നും അറിഞ്ഞിരിക്കുക. മൽസ്യത്തിൻറെ വായിൽനിന്ന് കിട്ടുന്ന നാണയംകൊണ്ട് ദേവാലയനികുതി കൊടുക്കാൻ പത്രോസിന് നിർദേശം കൊടുക്കുന്ന കർത്താവിനെ മത്തായിയുടെ സുവിശേഷം പതിനേഴാം അദ്ധ്യയത്തിൽ കാണാം. പത്രോസിന്റെ വിരലടയാളം പതിഞ്ഞ ആ മീൻപൊരിച്ചതിൻറെ രുചി  വിശുദ്ധനാട് സന്ദർശിച്ചവർക്ക് മറക്കാൻകഴിയുമോ?

ഗലിലി കടലിന് അഭിമുഖമായി നിലകൊള്ളുന്ന ഒരു മലയിലാണ് സുവിശേഷഭാഗ്യങ്ങൾ അഥവാ അഷ്ടസൗഭാഗ്യങ്ങൾ എന്നറിയപ്പെടുന്ന മലയിലെ പ്രസംഗം ഈശോ നടത്തിയത്. ഇന്ന് ആ മലയിൽ  വിശുദ്ധനാടിൻ്റെ വാസ്തുശിൽപ്പി എന്നറിയപ്പെടുന്ന  ഇറ്റാലിയൻ ആർക്കിറ്റെക് Antonio Barluzzi രൂപകല്പനചെയ്ത അതിഗംഭീരമായ ദേവാലയം,‘Church 0f  Beatitudes‘ നിലകൊള്ളുന്നു. നാല് സുവിഷേശകരും പറയുന്ന അപ്പം വർദ്ധിപ്പിച്ച വിജനപ്രദേശം ‘Tabgha‘ ഈ തടാകത്തിനടുത്തുതന്നെ.

ഉത്ഥിതനായ ക്രിസ്തു മൂന്നാംപ്രാവിശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട് അവർക്കുവേണ്ടി പ്രാതൽ ഒരുക്കി അവരോടൊപ്പം ഭക്ഷിച്ചതും തിബേരിയസ് കടൽത്തീരത്താണെന്ന് യോഹന്നാൻറെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധനാടിൻറെ സിരാകേന്ദ്രമായ ജെറുസലേമിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഈ കടലിൻറെ മറ്റൊരു വിശേഷംകൂടി ഞാൻ ഓർമ്മിപ്പിക്കട്ടെ; പത്രോസ്ശ്ലീഹായെ അജപാലക ദൗത്യം ഏൽപ്പിച്ചത് ഇവിടെ വച്ചാണ്. “യോനായുടെ പുത്രനായ ശിമയോനെ നീയെന്നെ സ്നേഹിക്കുന്നുവോ ?—————–ഉവ്വ് കർത്താവേ ഉവ്വ് ————ഇനി പറയുക മനസ്സുകൊണ്ടെങ്കിലും ആ കടൽക്കരയിൽ ഒരുമാത്ര പോകാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ?.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.