യാത്രകളിലെ കാഴ്ചകളും ഉൾകാഴ്ചകളും   :       ജോർദാൻ

സിബി ബെന്നി കൊച്ചാലുങ്കൽ

ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗവും ഇപ്പോൾ യു കെ യിലെ നോട്ടിംഗ്ഹാമിൽ സ്ഥിരതാമസവുമായ കൊച്ചാലുങ്കൽ ബെന്നി ജയിംസിന്റെ ഭാര്യ ശ്രീമതി സിബി ബെന്നി ഇത്തവണ യൂ കെ കെ സി യുടെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ നാട് തീർത്ഥാടനത്തെ ആസ്പദമാക്കി തന്റെ യാത്രാ അനുഭവവും വിശുദ്ധ നാട് വിശേഷങ്ങളും ഏതാനും ഭാഗങ്ങളായി ക്നാനായ പത്രം വായനക്കാർക്ക് വേണ്ടി പങ്കുവെക്കുകയാണ് . എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 

2019 ഫെബ്രുവരി 15 മുതൽ പത്തുദിവസത്തേക്കു UKCC യുടെ നേതൃത്വത്തിൽ ആഷിൻ സിറ്റിയോടൊപ്പം നൂറിലധികം വരുന്ന ഒരു തീർത്ഥാടകസംഘത്തിന്റെ ഭാഗമാകുവാൻ എനിക്കും കഴിഞ്ഞു. കുടുംബത്തിന്റെ കൊച്ചുകൊച്ചു  സന്തോഷങ്ങളും അതിലേറെ ഉത്തരവാദിത്വങ്ങളുമായി പോകുന്ന  എന്നെ സംബന്ധിച്ചു അവിശ്വസനീയവും അതിലേറെ ആവേശകരവുമായിരുന്നു യാത്രയിലെ ഓരോ നിമിഷങ്ങളും. തിരിച്ചെത്തി  പഴയ ഉത്തരവാദിത്വങ്ങളിൽ മുഴുകിയെങ്കിലും ഓർമ്മകൾ വിടാതെ പിന്തുടരുന്നു.ഞാൻ കണ്ട പുണ്ണ്യഭൂമിയുടെ ഉൾക്കാഴ്ചകളിലേക്കാണ് ഇപ്പോഴത്തെ ഈ യാത്ര.

പത്തുദിവസങ്ങൾ, നാലു രാജ്യങ്ങൾ,പരസ്പരം കോർത്തിണക്കിയതും എന്നാൽ കെട്ടുപിണഞ്ഞതുമായ  മത -രാഷ്ട്രീയ  ബന്ധങ്ങൾ. ഭൂപ്രകൃതിയാലും,സാംസ്കാരിക പൈതൃകങ്ങളാലും നൂറ്റാണ്ടുകളുടെ പാരമ്പര്യം അലങ്കരിക്കുന്നവർ. ചില ഇതിഹാസ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നപോലെ നിഗൂഢവും ഉത്തേജിതവും മതിവരാത്തതുമായ മായികലോകമാണ് ഇന്നും എൻറെ ഓർമ്മകളിൽ .

തുടക്കം ജോർദാനിൽ നിന്നായിരുന്നു;ചരിത്രം ഉറങ്ങുന്ന നാട്, സമാധാനം ആഗ്രഹിക്കുന്ന ഭരണാധികാരി, സൽക്കാരപ്രിയരായ ജനത, പുഞ്ചിരിക്കുന്ന മുഖങ്ങൾ.അവരുടെ സാഹോദര്യവും അയൽരാജ്യങ്ങളോടുള്ള ഐക്ക്യദാർഢ്യവും എളുപ്പം മറക്കാവുന്നതല്ല. ഒരുപക്ഷെ ചാർച്ചക്കാരായ മറ്റു അറബുരാജ്യങ്ങളോട് ഒത്തുപോകാനുള്ള എണ്ണസമ്പത്തോ അയൽരാജ്യമായ ഇസ്രായേലിനോട് കിടപിടിക്കാനുള്ള ഭൂസമ്പത്തോ ഇല്ലാത്തതാവാം ഈ ഒതുങ്ങിക്കൂടലിനുപിന്നിലെ രഹസ്യം. അതോ മുൻകാലങ്ങളിലെ യുദ്ധക്കെടുതികളുടെ പ്രകമ്പനങ്ങളോ?

ജോർദാൻ നദിയില്ലാതെ ജോർദാനില്ല, ലെബനോൻറെ നിറുകയിൽനിന്ന് മൂന്നു തായ്‌വഴികളായി ആരംഭിച് 251KM നീളത്തിൽ ഇസ്രായേലിനെയും ജോർദാനെയും വേർതിരിച്ചു് WESTBANK നെ തലോടിചാവുകടലിലേയ്ക്ക്.സമുദ്രനിരപ്പിൽനിന്നും താഴെയായി ഒരു കാട്ടരുവിയായി സ്വച്ചന്ദം ജോർദാനെ അനുഗ്രഹിച്ചും സഹായിച്ചും ബഹളങ്ങളില്ലാതെ കാലാകാലങ്ങളായി  പണ്ടുപണ്ട് അബ്രാഹത്തിന്റെയും ലോത്തിന്റെയും ജേക്കബിന്റേയും ഒക്കെ കാലം മുതൽ ഒഴുകികൊണ്ടേയിരിക്കുന്നു. ഏലിയാ- എലീഷാ പ്രവാചകന്മാരും ഈ നദി കടന്നുവെന്ന് രാജാക്കന്മാരുടെ പുസ്തകം പറയുന്നു .

സ്നാപകൻ രക്ഷകനെ ലോകത്തിനുപരിചയപ്പെടുത്തിയ ശാന്തസുന്ദരമായ ആ BAPTISAM SITE ലോകമെങ്ങുമുള്ള സഞ്ചാരികൾക്കും വിശ്വാസികൾക്കും പുത്തനുണർവും നവജീവനും പ്രദാനംചെയ്യുന്നു .കാലത്തിന്റെ കുത്തൊഴുക്കിൽ കുലുങ്ങാതെ, വരൾച്ചയുടെ കൊടുംചൂടിൽ തളരാതെ ജോർദാന്റെ നിത്യസമ്മാനംപോലെ ജോർദാൻ നദി എന്നും നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കും.

ജോർദാനിലേക്കുള്ള  സഞ്ചാരികളുടെ  മറ്റൊരു ആകര്ഷണകേന്ദ്രമാണ് ‘ PETRA’;റോസ് സിറ്റി  എന്നറിയപ്പെടുന്ന  ഈ പ്രദേശം  ഇന്ത്യയുടെ pink city രാജസ്ഥാനെ അനുസ്മരിപ്പിക്കും .ആർക്കിയോളജിസ്റ്റുകളുടെ പ്രിയപട്ടണമാണ് ജോർദാൻ എന്ന് പറയാതെ വയ്യ .ഏതാണ്ട് 5000 -6000വര്ഷങ്ങൾക്കുമുന്പുള്ള കടകമ്പോളങ്ങളും തിയേറ്ററുകളും സ്തംഭങ്ങളും കവാടങ്ങളും ഒക്കെ ഈ ഡിജിറ്റൽ യുഗത്തെ അമ്പരപ്പിക്കുകതന്നെ ചെയ്യും .

വാഗ്‌ദത്ത  ദേശമായ ഇസ്രായേലിലേക്ക് പോകുംമുമ്പ്  മോശയോടൊപ്പം  Mount Nebohയിലേക്ക് ഒരു നിമിഷം പോകാം. പ്രായപൂർത്തി ആയ കാലം മുതൽ സ്വജനങ്ങൾക്കുവേണ്ടി നീറിയ മോശ നൂറ്റിയിരുപത് വയസ്സുവരെ ദൈവജനത്തെ ദൈവത്തിനുവേണ്ടി നയിച്ചു. മരിക്കുമ്പോൾ അവൻ്റെ  കണ്ണ് മങ്ങുകയോ, ശക്തി ക്ഷയിക്കുകയോ ചെയ്തിരുന്നില്ല എന്നിട്ടും കാനാൻ ദേശത്തേക്കു പ്രവേശിക്കാനുള്ള ഭാഗ്യം മോശക്കു നിഷേധിക്കപ്പെട്ടു. ചുണ്ടോളാമെത്തിയ മധുചഷകം തട്ടിത്തെറിപ്പിക്കപ്പെട്ട അവസ്ഥ! ദേഷ്യം പതഞ്ഞുവരാവുന്ന സന്ദർഭം,യോഗ്യതകൾ എല്ലാം ഉണ്ടായിരുന്നിട്ടും നിഷേധിക്കപ്പെട്ട അവസരങ്ങളും, സ്ഥാനമാനങ്ങളും നമ്മളുടെ  ജീവിതത്തിലും ഇല്ലാതില്ലല്ലോ?. മോശയെ ഒന്ന് നോക്കുക;കണ്ണുകളിൽ നൈരാശ്യമില്ല ,ചുണ്ടുകളിൽ പരാതിയില്ല !.കർത്താവ് മുഖാമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകൻ പിന്നീട് ഇസ്രായേലിൽ ഉണ്ടായിട്ടില്ല എങ്കിലും ദൈവഹിതം നിറവേറാനല്ലാതെ  മറ്റൊന്നും മോശ ആഗ്രഹിച്ചില്ല. നമുക്കും പ്രാർത്ഥിക്കാം എൻ്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ’.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.