സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം

ഐ.എ.എസ്‌, ഐ.പി.എസ്‌, ഐ.എഫ്‌.എസ്‌ തുടങ്ങിയ 24 സിവില്‍ സര്‍വീസ്‌ കേഡറുകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ (യു.പി.എസ്‌.സി) നടത്തുന്ന സിവില്‍ സര്‍വ്വീസസ്‌ പരീക്ഷയ്‌ക്ക്‌ മാര്‍ച്ച്‌ 18 വരെ അപേക്ഷിക്കാം. ഇന്ത്യന്‍ ഫോറസ്റ്റ്‌ സര്‍വീസിലേക്ക്‌ അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ്‌ പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്‌. ജൂണ്‍ 2 -നായിരിക്കും പ്രിലിമിനറി എഴുത്തു പരീക്ഷ.

പ്രിലിമിനറി ജയിക്കുന്നവര്‍ക്ക്‌ മെയിന്‍ പരീക്ഷയും തുടര്‍ന്ന്‌ ഇന്റര്‍വ്യൂവും ഉണ്ടാവും. പ്രിലിമിനറി പരീക്ഷയ്‌ക്കു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവയാണ്‌ കേരളത്തിലെ കേന്ദ്രങ്ങള്‍. 24 സിവില്‍ സര്‍വ്വീസ്‌ വിഭാഗങ്ങളിലായി 896 ഒഴിവാണുള്ളത്‌.
പ്രായം: 2019 ഓഗസ്റ്റ്‌ 1 ന്‌ 21-32 വയസ്സ്‌. 1987 ഓഗസ്റ്റ്‌ 2-നും 1998 ഓഗസ്റ്റ്‌ 1-നും ഇടയില്‍ ജനിച്ചവരാവണം. എസ്‌.സി, എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക്‌ മൂന്നുവര്‍ഷവും വിമുക്ത ഭടര്‍ക്ക്‌ അഞ്ചുവര്‍ഷവും അംഗപരിമിതര്‍ക്ക്‌ (അന്ധര്‍, ബധിരര്‍, അസ്ഥിഭംഗം വന്നവര്‍) 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ്‌ അനുവദിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അവസാന വര്‍ഷപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ സിവില്‍ സര്‍വീസ്‌ മെയിന്‍ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍ ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ നേടിയിരിക്കണം. 2019 സെപ്‌റ്റംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ മെയിന്‍ പരീക്ഷ നടത്തും.
ഗവണ്‍മെന്റ്‌ അംഗീകൃത പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ബിരുദങ്ങള്‍ നേടിയവര്‍ക്കും സിവില്‍ സര്‍വ്വീസ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം. എം.ബി.ബി.എസ്‌. ഫൈനല്‍ പരീക്ഷ ജയിച്ചവര്‍ക്ക്‌ ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം. ഇവര്‍ ഇന്റര്‍വ്യൂ സമയത്ത്‌ ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കിയതുള്‍പ്പെടെയുള്ള ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മതി.
സിവില്‍ സര്‍വ്വീസ്‌ പരീക്ഷ എഴുതുന്നതിന്‌ നിബന്ധനകളുണ്ട്‌. ജനറല്‍ വിഭാഗക്കാരെ ആറുതവണ മാത്രമേ സിവില്‍ സര്‍വീസ്‌ പരീക്ഷ (പ്രിലിമിനറി ഉള്‍പ്പെടെ) എഴുതാനനുവദിക്കൂ. ഒ.ബി.സി ക്കാര്‍ക്ക്‌ ഒമ്പതുതവണ പരീക്ഷ എഴുതാം. എസ്‌.സി, എസ്‌.ടി ക്കാര്‍ക്ക്‌ എത്രതവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല. ജനറല്‍ വിഭാഗക്കാരായ അംഗപരിമിതര്‍ക്ക്‌ ഒമ്പതുതവണ പരീക്ഷ എഴുതാം.
അപേക്ഷാഫീസ്‌: 100 രൂപ. വനിതകള്‍, അംഗപരിമിതര്‍, എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ ഫീസില്ല. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ കാഷ്‌ ആയും നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യമുപയോഗിച്ചും ഫീസടയ്‌ക്കാം.
എസ്‌.ബി.ഐ.യില്‍ കാഷ്‌ ആയി ഫീസടയ്‌ക്കുന്നവര്‍ ഓണ്‍ലൈനില്‍ പാര്‍ട്ട്‌ I രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന പേഇന്‍സ്ലിപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പൂരിപ്പിച്ചാണ്‌ പണമടയ്‌ക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ: www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്ക്‌ രണ്ട്‌ പാര്‍ട്ടുണ്ടാവും. പാര്‍ട്ട്‌ I പൂരിപ്പിച്ച്‌ സമര്‍പ്പിച്ചതിനുശേഷം ഫീസടയ്‌ക്കാനുള്ളവര്‍ പേസ്ലിപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഫീസടയ്‌ക്കണം. അതിനുശേഷം പാര്‍ട്ട്‌ II പൂരിപ്പിച്ച്‌ സമര്‍പ്പിക്കണം.
ഫീസടയ്‌ക്കേണ്ടതില്ലാത്തവര്‍ക്ക്‌ പാര്‍ട്ട്‌ I നുശേഷം തുടര്‍ച്ചയായി പാര്‍ട്ട്‌ II ഉം പൂരിപ്പിച്ച്‌ സമര്‍പ്പിക്കാം. പാര്‍ട്ട്‌ I സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ഡി. പ്രിന്റെടുത്ത്‌ സൂക്ഷിച്ചുവെക്കണം. ഇതുപയോഗിച്ചാണ്‌ പാര്‍ട്ട്‌ II ലേക്ക്‌ എന്റര്‍ ചെയ്യേണ്ടത്‌. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷകരുടെ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തീയതി: മാര്‍ച്ച്‌ 18. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ സൂക്ഷിച്ചുവെക്കണം. പാലില്‍ അയയ്‌ക്കേണ്ടതില്ല.
പരീക്ഷ
സിവില്‍ സര്‍വ്വീസസ്‌ പരീക്ഷയ്‌ക്ക്‌ പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ട്‌ ഘട്ടങ്ങളാണുള്ളത്‌. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയ്‌ക്കാണ്‌ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിന്‍ പരീക്ഷയ്‌ക്ക്‌ അര്‍ഹരായവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. 2019 -ല്‍ തന്നെ മെയിന്‍ പരീക്ഷ നടക്കും. മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ്‌ പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം.
ഒഴിവിന്റെ 12/13 മടങ്ങ്‌ പേരെ മെയിന്‍ പരീക്ഷയ്‌ക്കായി തിരഞ്ഞെടുക്കും. പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക്‌ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്‌ പരിഗണിക്കില്ല. 200 മാര്‍ക്ക്‌ വീതമുള്ള രണ്ട്‌ പേപ്പറാണ്‌ പ്രിലിമിനറി പരീക്ഷയ്‌ക്കുണ്ടാവുക. രണ്ട്‌ മണിക്കൂര്‍ വീതമായിരിക്കും ദൈര്‍ഘ്യം. രണ്ട്‌ പേപ്പറും ഒബ്‌ജക്‌ടീവ്‌ രീതിയിലായിരിക്കും. രണ്ടാംഘട്ടമായ മെയിന്‍ പരീക്ഷയ്‌ക്ക്‌ ഡിസ്‌ക്രിപ്‌റ്റീവ്‌ രീതിയിലുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാകും.
എഴുത്തുപരീക്ഷയ്‌ക്ക്‌ ഇംഗ്ലീഷും ഭാഷാവിഷയവും അഞ്ച്‌ നിര്‍ബന്ധിത ജനറല്‍ സര്‍വ്വീസ്‌ പേപ്പറുകളും രണ്ട്‌ ഐച്ഛിക വിഷയങ്ങളുമടക്കം ഒമ്പത്‌ പേപ്പറുണ്ടാവും.
പേപ്പറുകളും തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളും ഇതോടൊപ്പം പട്ടികയില്‍. വിശദമായ സിലബസ്‌ വെബ്‌സൈറ്റില്‍ ലഭിക്കും. എഴുത്തുപരീക്ഷയില്‍ നിര്‍ദിഷ്‌ട കട്ട്‌ഓഫ്‌ മാര്‍ക്ക്‌ ലഭിക്കുന്നവരെ അഭിമുഖത്തിന്‌ പരിഗണിക്കും.
ഒഴിവിന്റെ രണ്ടുമടങ്ങ്‌ പേരെയാണ്‌ അഭിമുഖത്തിന്‌ ക്ഷണിക്കുക. 275 മാര്‍ക്കാണ്‌ അഭിമുഖത്തിന്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.