പ്രവാസി ക്‌നാനായക്കാരുടെ ആകുലതകള്‍ അകറ്റി KSSS UK ഫാമിലി മീറ്റ് സമാപിച്ചു
ജോഷി പുലിക്കൂട്ടില്‍
പ്രവാസി ക്‌നാനായക്കാരുടെ സഭാപരമായ ആകുലതകള്‍ക്ക് ആശ്വാസമേകിയും സമുദായ സ്‌നേഹത്തിന് ആവേശം നല്‍കിയും KSSS UK ഫാമിലി മീറ്റ് ബര്‍മിങ്ഹാമിലെ UKKCA കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഫെബ്രുവരി 23 ശനിയാഴ്ച അതിമനോഹരമായി നടന്നു. രാവിലെ 9 മണിമുതല്‍ ഇംഗ്ലണ്ടിലങ്ങോളമിങ്ങോളമുള്ള ക്‌നാനായക്കാര്‍തങ്ങളുടെ പാരമ്പര്യത്തിലും വംശവിവാഹനിഷ്ഠയിലും ഉറച്ചുനില്‍ക്കുന്നതിനായും കോട്ടയം രൂപതയുടെ അജപാലനധികാരം ലോകമെമ്പാടും ലഭിക്കുന്നതിനുമായി ശ്രമിക്കുന്ന KSSS UK യിലെ കുടുംബസംഗമത്തിനായി എത്തിച്ചേര്‍ന്ന് തുടങ്ങിയിരുന്നു. പ്രവാസി ക്‌നാനായക്കാരുടെ സഭാപരമായ പ്രശ്‌നങ്ങളില്‍ എന്നും കൈത്താങ്ങായി നില്‍ക്കുന്ന KSSS ന്റെ ഭാരവാഹികളായ ഡോ. സനല്‍ ജോര്‍ജ് ചെമ്മലക്കുഴിയെയും ശ്രീ. മോന്‍സി കുടിലിലിനെയും UKKCA കമ്മ്യൂണിറ്റി സെന്റര്‍ നിറഞ്ഞു നിന്ന സദസ്സ് കൈയ്യടികളോടെയാണ് സ്വാഗദമേകിയത്.
UK യിലെ ക്‌നാനായക്കാരുടെ അഭിമാനമായ കമ്മ്യൂണിറ്റി സെന്ററില്‍ അണിനിരന്ന ക്‌നാനായക്കാര്‍ മര്‍ത്തോമന്‍ പാടിയാണ് യോഗം ആരംഭിച്ചത്. വംശാവലിയും സ്വവംശ വിവാഹ നിഷ്ഠയും പ്രതിപാദിക്കുന്ന ബൈബിള്‍ വായനക്ക് ശേഷം UK KSSS കോര്‍ഡിനേറ്റര്‍ ശ്രീ. ജോയി പുളിക്കല്‍ എല്ലാവര്‍ക്കും സ്വാഗതമേകി. നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയ റിജോണ്‍ താമടം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ UK KSSS ന്റെ ഇവിടുത്തെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA ക്ക് ഒപ്പം നിന്നുകൊണ്ട് സമുദായ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന UK KSSS മറ്റ് സാമുദായിക സംഘടനകള്‍ക്ക് ഒരിക്കലും വിലങ്ങുതടിയല്ലെന്ന് ഊന്നിപ്പറഞ്ഞു. UK യിലെ KSSS കോര്‍ഡിനേറ്റര്‍മാരും നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥികളും ഒന്നുചേര്‍ന്ന് ഏഴുതിരികള്‍ കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ. ജോണി കുന്നശ്ശേരി രചിച്ച ഹൃദയത്തിലെരിയുമെന്‍ പൈതൃകത്തിന്‍ തിരി മങ്ങാതെ മായാതെ കാത്തു സൂക്ഷിക്കുവാന്‍ എന്ന് തുടങ്ങുന്ന സ്വാഗത ഗാനം സദസ്സ് ഒന്നാകെ ആവേശത്തോടെയും അതിലേറെ ആത്മാഭിമാനത്തോടെയുമാണ് ശ്രവിച്ചത്. ക്‌നാനായ പൈതൃകം ഹൃദയത്തില്‍ എന്നും കെടാതെ സൂക്ഷിക്കുന്നതിന്റെ ഒരുമയ്ക്കായി കത്തിച്ച തിരികളുമായി സദസ്സ് ഒന്നടങ്കം തങ്ങളുടെ പൈതൃകം സംരക്ഷിക്കുമെന്നും വംശശുദ്ധിയും ക്‌നാനായത്തനിമയും സംരക്ഷിക്കുന്നതിനായി പോരാടുമെന്നും പ്രതിജ്ഞ ചെയ്തു.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം ഡോ. സനല്‍ ജോര്‍ജ് ചെമ്മലക്കുഴി നടത്തിയ സാമുദായിക ക്ലാസ്, UK ക്‌നാനായര്‍ക്ക് അറിവിന്റെ പുതിയ വാതായനങ്ങള്‍ നല്‍കുന്നതായിരുന്നു. തങ്ങളുടെ വംശപാരമ്പര്യത്തെക്കുറിച്ച് ഊറ്റംകൊള്ളുന്ന ക്‌നാനായക്കാരുടെ സിരകളിലോടുന്ന രക്തത്തിന്റെ ഉറവിടം തേടിയുള്ള ഡോ. സനലിന്റെ ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഏഴു ഇല്ലങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പ്രൗഡഗംഭീരമായ കൈയ്യടികളോടെയും അതിലേറെ ആത്മാഭിമാനം നിറഞ്ഞുള്ള മനസ്സോടെയുമാണ് കേട്ടിരുന്നത്. കേരളത്തിന്റെ  ഇരുപതു നൂറ്റാണ്ടുകളുടെ ചരിത്രവും ക്‌നാനായ കുടിയേറ്റത്തിന്റെ പതിനേഴു നൂറ്റാണ്ടുകളുടെ ചരിത്രവും കേരളത്തിന്റെയും റോമ സാമ്രാജ്യത്തിന്റെയും അറബി നാടുകളുടെയും രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതിന്റെ നേര്‍രേഖാ ചിത്രം തന്റെ ക്ലാസ്സിലൂടെ പകര്‍ന്നു നല്‍കി സദസ്സിന്റെ താരമായി മാറുവാന്‍ ഡോ. സനല്‍ ജോര്‍ജിനു സാധിച്ചു.
KSSS ന്റെ പിറവിയും പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള പ്രയാണവഴികളും എന്ന വിഷയത്തില്‍ ശ്രീ. മോന്‍സി കുടിലില്‍ നടത്തിയ ക്ലാസ് പ്രവാസി ക്‌നാനായര്‍ ഇന്ന് നേരിടുന്ന എല്ലാ ആശങ്കകളും അകറ്റുന്നതിന് സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല. ആനുകാലിക സാമുദായിക പ്രശ്‌നങ്ങളില്‍ സഭാനേതൃത്വത്തിന് ഒപ്പം നിന്നുകൊണ്ട് സമുദായ അംഗങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്താതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് നന്ദി അറിയിച്ചത്. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളയില്‍ UK യിലെ ക്‌നാനായക്കാര്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ശ്രീ. സിബി കണ്ടത്തില്‍, ജെയിംസ് ഓക്‌ഫോര്‍ഡ്, അനു ചെംസ്‌ഫോര്‍ഡ്, ഷാലു ഉറുമ്പേത്ത് എന്നിവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സദസ്സ് തുടര്‍ ചോദ്യങ്ങളുമായി ഒത്തുചേര്‍ന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സൗമ്യമായ ഉത്തരങ്ങളിലൂടെ എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കുവാന്‍ ഡോ. സനല്‍ ജോര്‍ജിനും ശ്രീ. മോന്‍സി കുടിലിനും സാധിച്ചു. ചോദ്യോത്തര വേള അതിമനോഹരമായി അവതരിപ്പിച്ച ശ്രീ. സോബന്‍ ഇലവുങ്കല്‍, ശ്രീ. ബെന്നി കൊള്ളിയില്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു.
UK KSSS ന്റെ ഇതുവരെയുള്ള പ്രവര്‍ത്തന നാള്‍വഴികള്‍ ശ്രീ.  ബിനീഷ് പെരുമപ്പാടം അവതരിപ്പിച്ചു. ശ്രീ. ജിമ്മി ചെറിയാന്റെ നന്ദി പ്രസംഗത്തിന് ശേഷം ശ്രീ. കോട്ടയം ജോയിയുടെ നേതൃത്വത്തില്‍ ശ്രവ്യമനോഹരമായ സംഗീതസന്ധ്യ അരങ്ങേറി. ഗംഭീരമായ ഭക്ഷണത്തിന് ശേഷം എല്ലാവരും ക്‌നാനായ പൈതൃകത്തിന്റെ ഊര്‍ജ്ജം പുതുക്കിയതിന്റെ ആവേശത്തിലാണ് ഭവനങ്ങളിലേക്ക് മടങ്ങിയത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.