ആത്മസുഹൃത്തേ സ്നേഹപ്രണാമം  : ഫാ. സജി മെത്താനത്ത്

മരണമില്ലാത്ത നാട്ടിലേക്ക് നീ യാത്രയായി….
ഇനി നിനക്കു മരണമില്ല….
ഇന്നു നീ മരിച്ചതിനാൽ നാളെ നിനക്ക് മരിക്കേണ്ടതുമില്ല…..
മുമ്പേ പോയ നിന്റെ പിമ്പേ വരാനുള്ളവരാണല്ലോ ഞങ്ങളും; ഇത് ഒരു ഓർമ്മപ്പെടുത്തലാവട്ടെ….
അതിരൂപതയിലെ ഒരു വൈദികന്റെ മൃതസംസ്ക്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ പോയതിനാൽ രണ്ടു രാത്രിയിലെ ഉറക്കക്ഷീണം…. അതുകൊണ്ട് ശനിയാഴ്ച രാത്രിയിൽ നന്നായി ഉറങ്ങണമെന്നു കരുതി…. കാരണം, ഞായറാഴ്ച രണ്ടു കുർബാനയും തുടർന്ന് ഒരു തിരുനാൾ പ്രസംഗവുമുണ്…
പക്ഷേ, എന്റെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു…. ശനിയാഴ്ച നേരത്തേ കിടക്കണമെന്ന് കരുതിയ ഞാൻ കിടന്നപ്പോൾ ഞായറാഴ്ച പുലർച്ചേ ഒരുമണി… കിടന്നിട്ട് ഞാനുറങ്ങിയോ..? അറിയില്ല…. പക്ഷേ ഒരു കാര്യം വ്യക്തം – കണ്ണടച്ചപ്പോഴെല്ലാം നീ എന്റെ മുന്നിലുണ്ടായിരുന്നു…
ജോയിച്ചാ, നീ യാത്ര പറയാൻ വന്നതായിരുന്നോ…..?
ഇന്ന് രണ്ടു കുർബാനയും കഴിഞ്ഞ് ഫോണിൽ നോക്കിയപ്പോൾ മിസ്കോളുകളുടെ പരമ്പര… കാര്യം ഗ്രഹിക്കാൻ ആരേയും വിളിക്കേണ്ടി വന്നില്ല…
തിരുനാൾ പ്രസംഗത്തിനായി അടുത്തുള്ള പള്ളിയിലെത്തിയപ്പോൾ വികാരിയച്ചൻ ആദ്യം പറഞ്ഞത് നിന്നെക്കുറിച്ചാണ്… എനിക്ക് അഭിമാനം തോന്നി…. കാരണം, ഒരിക്കലെങ്കിലും നിന്നോട് സംസാരിച്ചിട്ടുള്ളവർക്ക് നിന്നെ മറക്കാനാവുമോ….?
ഞാൻ വളരെ അസ്വസ്ഥനാണ്… മനസിനു വല്ലാത്ത വിങ്ങലും…
എന്റെ വിഷമം ആരോടാ പറയുക….? ആലോചിച്ചു… ഒന്നല്ല, പലവട്ടം… ഒടുവിൽ ഉത്തരം കിട്ടി… നിന്നോട്…. അതെ നിന്നോട് പറഞ്ഞാലേ എന്റെ ഉള്ള് സ്വസ്ഥമാകൂ…
ആരോ പറഞ്ഞു: മൃതസംസ്ക്കാരം നടത്തുന്ന വൈദികനും പോസ്റ്റ്മോർട്ടം നടത്തുന്ന ഡോക്ടറും ഒരിക്കലും കരയരുതെന്ന്….
അവരും മനുഷ്യരല്ലേ ജോയിച്ചാ….
അഞ്ചു വർഷത്തെ അടുത്ത സൗഹൃദം…..
നീ പലതുമായിരുന്നു: ഭർത്താവ്, പിതാവ്, സഹോദരൻ, സ്നേഹിതൻ, ഉപകാരി, കലാകാരൻ, നേതാവ്, സാമൂഹിക പ്രവർത്തകൻ, ഈശ്വരസ്നേഹി, പ്രാർത്ഥനയുടെ മനുഷ്യൻ………
എന്നാൽ എനിക്ക് നിന്നെക്കുറിച്ച് പറയാൻ ഒന്നേയുള്ളൂ – നല്ലൊരു മനുഷ്യൻ….ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തപ്പെട്ട നല്ലൊരു മനുഷ്യൻ….

നീ മരണനിദ്രയിലാണ്…. നിദ്ര എന്നാൽ ഉറക്കമാണല്ലോ… അതിനാൽ നീ നിദ്ര വിട്ട് ഉണരുമെന്ന് പ്രത്യാശിക്കട്ടെ…..
നിന്റെ നന്മകൾക്ക് പ്രതിഫലം നൽകുന്ന ഈശ്വരൻ നീ ഉണരുമ്പോൾ ദൈവിക ച്ഛായ നിനക്ക് ദൃശ്യമാക്കട്ടെ…..

ജോയിച്ചാ, ഞാനും എന്റെ മനസിനെ സ്വസ്ഥമാക്കട്ടെ….
ധ്യാനത്തിൽ കേട്ടത് മനസിൽ നിറയുന്നു – God never makes mistake – അവന്റെ ഇഷ്ടം നിറവേറട്ടെ….

ജോയിച്ചാ, കൊച്ചേട്ടനും അല്ലി ടീച്ചറിനും സ്വർഗ്ഗത്തിൽ നിന്നെയും വേണം….. കാരണം, അവർക്കും തിരുക്കുടുംബമാകേണ്ടേ…
ഏവർക്കും പ്രാർത്ഥനാപൂർവ്വം അനുശോചനം….
(ഇത് എന്റെ വ്യക്തിപരമായ ഓർമ്മക്കുറിപ്പാണ് )
ഫാ. സജി മെത്താനത്ത്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.