ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും സംഘാടകനും കോട്ടയം നീണ്ടൂര്‍ ജെയെസ് ഫാംസ് ഡയറക്ടറുമായ പരേതരായ നീണ്ടൂര്‍ ചെമ്മാച്ചേല്‍ ലൂക്കോസിന്റെയും അല്ലി ടീച്ചറിന്റെയും മകനുമായ ജോയി ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഷൈല, കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം. മക്കള്‍: ലൂക്കാസ്, ജിയോ, അല്ലി, മെറി. സഹോദരങ്ങള്‍: മോളി, മത്തച്ചന്‍ (ഇരുവരും ചിക്കാഗോ) ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍, ലൈബി, തമ്പിച്ചന്‍ (മൂവരും ചിക്കാഗോ), ലൈന (ഫ്‌ളോറിഡ). പരേതനായ ഉപ്പച്ചന്‍.

അമേരിക്കയിലെ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജോയിച്ചന്‍ ഇന്ത്യയിലും കാര്‍ഷിക, സാമുദായിക, സിനിമ, സീരിയില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോട്ടയം സിഎംഎസ് കോളജിലെ എഡിറ്ററായി തുടങ്ങിയ ജോയിച്ചന്‍ അമേരിക്കയിലെത്തിയ ശേഷം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാന വൈസ് പ്രസിഡന്റ്, കെസിസിഎന്‍എ വൈസ് പ്രസിഡന്റ്, ഷിക്കാഗോ കെസിഎസ് പ്രസിഡന്റ്, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ക്‌നാനായ പളളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ആദ്യ ക്‌നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളുടെയും സമ്മേളനങ്ങളുടെയും നേതൃനിരയില്‍ സജീവമായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയും നല്ല കര്‍ഷകനുമായിരുന്ന ജോയിച്ചന്‍ നീണ്ടൂരില്‍ നിരവധി പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നത് അടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

നീണ്ടൂരിലെ സ്വന്തം വീടിനോട് ചേര്‍ന്നു ജോയിച്ചന്‍ സ്ഥാപിച്ച ജെയെസ് ഫാംസ് എന്ന കാര്‍ഷിക ഗ്രാമം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിന് ജനങ്ങളാണ് ദിവസവും എത്തുന്നത്. മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ഫാമില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പലതവണ എത്തിയിട്ടുണ്ട്.

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ.എം. മാണി, പ്രഫ. കെ.വി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിനോയി വിശ്വം, ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.