ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയും കരിങ്കല്‍ കുരിശും ക്‌നാനായ സമുദായത്തിന്റെ വിശ്വാസ ഗോപുരം

അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെയും ക്നാനായ സമുദായത്തിന്റെയും  അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പത്രമാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിൽ കടുത്തുരുത്തി വലിയപള്ളിയുടെയും കരിങ്കൽ കുരിശിന്റെയും  യഥാർത്ഥ വിശ്വാസ ചരിത്രവസ്തുത സമുദായാഗങ്ങളുടെ താൽപര്യമനുസരിച്ച് ഒരു വർഷത്തിനു ശേഷം ഞങ്ങൾ പുനപ്രസിദ്ധീകരണം ചെയ്യുകയാണ്. ഒരു വർഷം മുമ്പ് ക്നാനായ പത്രത്തിനുവേണ്ടി  മുൻ യു കെ കെ സി എ പ്രെസിഡന്റും കടുത്തുരുത്തി വലിയപള്ളി ഇടവകാംഗവുമായ ശ്രി ലേവി പടപ്പുരക്കൽ തയ്യാറക്കിയതാണ് ഈ ചരിത്ര വസ്തുതകൾ 

 

ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയും കരിങ്കല്‍ കുരിശും ക്‌നാനായ സമുദായത്തിന്റെ വിശ്വാസ ഗോപുരം

തയ്യാറാക്കിയത്

ലേവി പടപുരക്കൽ

ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറ്റവും ചരിത്രപ്രാധാന്യമുള്ളത് കടുത്തുരുത്തി വലിയപള്ളിയാണ്. പോര്‍ട്ടുഗീസുകാരുടെ വരവിന് മുൻപ് പൗരസ്ത മെത്രാന്മാരുടെ കാലത്തു നിര്‍മ്മിക്കപ്പെട്ട കേരളത്തിലെ ചുരുക്കം ചിലദേവാലയങ്ങളിലൊന്നാണ് കടുത്തുരുത്തി വലിയപള്ളി. ക്‌നാനായക്കാരുടെ ഇപ്പോഴത്തെ തലപ്പള്ളി കടുത്തുരുത്തി വലിയപള്ളിയാണ്.സെന്റ് തോമസിന്റെ ആഗമനശേഷം കേരളത്തില്‍ നിലവിലിരുന്ന ക്രൈസ്തവ കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കടുത്തുരുത്തിക്കുണ്ടായിരുന്നത്. ചെറുതെങ്കിലും വിശ്വാസ തീക്ഷ്ണതയോടുകൂടിയ  ഒരു ക്രൈസ്തവസമൂഹം എ.ഡി. നാലാം നൂറ്റാണ്ടില്‍ തന്നെ കടുത്തുരുത്തിയില്‍ നിലവിലുണ്ടായിരുന്നു. അക്കാലത്തുതന്നെ ഇവിടെ ഒരു ദേവാലയം കന്യകാമാതാവിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്നു. കടുത്തുരുത്തിയിലേയും സമീപപ്രദേശങ്ങളിലെയും വിശ്വാസ സമൂഹത്തിന്റെ മാതൃദേവാലയം വലിയപള്ളിയാണ്. ചേരരാജാക്കന്മാരുടെ കാലഘട്ടത്തില്‍ ഉടനീളം കടുത്തുരുത്തി ഒരു വിശ്വാസ കേന്ദ്രമെന്ന നിലയിലും പുകള്‍പെറ്റിരുന്നു. കടുത്തുരുത്തിയിലെ ആദ്യത്തെ ദേവാലയത്തിന് ‘ചതുരപ്പള്ളി’ എന്നായിരുന്നു പേര്. തടികൊണ്ട് സമചതുരാകൃതിയില്‍ പണിത് പനയോലകൊണ്ട് മേഞ്ഞതിനാലായിരിക്കാം ഈ പേര് വന്നത്. ആദ്യത്തെ ദേവാലയം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചുപോയതുകൊണ്ടോ വര്‍ദ്ധിച്ച് വന്ന ജനസമൂഹത്തിന് സ്ഥലസൗകര്യം ലഭിക്കാത്തതുകൊണ്ടോ ആയിരിക്കാം രണ്ടാമത്തെ ദേവാലയം ചെങ്കല്ല് അഥവാ വെട്ടുകല്ല്‌കൊണ്ട് പണിതുയര്‍ത്തിയത്.

ഇപ്പോഴത്തെ പള്ളി മൂന്നാമത്തെ പള്ളിയാണെന്നു പറയപ്പെടുന്നു. ഈ പള്ളി 1456 ല്‍ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. വടക്കുംകൂര്‍ രാജവംശത്തോട് കൂറുപുലര്‍ത്തുന്നവരും രാജ്യസേവനത്തില്‍ തല്‍പ്പരരുമായിരുന്ന ക്രിസ്ത്യാനികള്‍ ഒരു ആരാധനാലയം പണിയുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ രാജാവ് അതിനുവേണ്ട സഹായം നല്‍കി. 1590 ല്‍ ഈ പള്ളി വലുതാക്കിപ്പണിതു. അതിനായി നാല് വൈദികരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ അബ്രാഹം മെത്രാപ്പോലീത്താ കല്ലിട്ടു എന്ന് പള്ളിയുടെ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കരിങ്കല്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ അബ്രാഹം മെത്രാപ്പോലീത്താതന്നെ പള്ളി അഭിഷേകം ചെയ്യുകയും ചെയ്തു. 1887 വരെ ഇതല്ലാതെ കേരളത്തില്‍ വേറൊരു ദേവാലയവും അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. 1965 ല്‍ ഫാ. അബ്രഹാം കൊച്ച്പറമ്പില്‍ പള്ളിവികാരിയായിരുന്നപ്പോള്‍ പള്ളി പുതുക്കിപ്പണിതു. 1456 ലെ പള്ളിയുടെ രണ്ട് നെടും ഭിത്തികള്‍ മാത്രമെ ഇന്ന് അവശേഷിക്കുന്നുള്ളൂ. ആ ഭിത്തികള്‍ക്ക് നാലടിയില്‍ കൂടുതല്‍ ഘനമുണ്ട്. രണ്ട് വശത്തും ഓരോവാതിലും മുഖവാരത്തില്‍ ആനവാതിലും അല്ലാതെ ഭിത്തികളില്‍ ജനാലകളൊന്നും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചാല്‍ അകത്ത് കൂരിരുട്ടാണ്. എങ്കിലും പള്ളിക്കകത്ത് ഇരുന്നാല്‍ എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിനകത്തെ അനുഭവമാണ് ഉണ്ടായിരുന്നത്.

ഇത് സാധ്യമായത് ഭിത്തിയുടെ നിര്‍മ്മാണത്തില്‍ ചെയ്ത സാങ്കേതിക വൈദഗ്ധ്യമാണ്. ഈ ഭിത്തിയുടെ ഉള്‍വശം പൊള്ളയാണ്. അത് വെറും ആറ്റ് മണല്‍ ഇട്ട് നിറച്ചിരിക്കുകയാണ്. പുറത്ത് എത്ര കൂടിയ ചൂട് അനുഭവപ്പെട്ടാലും ്ത് അകത്ത് കടക്കാതിരിക്കത്തക്കവിധമാണ് ഇതിന്റെ സംവിധാനം അതുപോലെ ഈ ഭിത്തിയുടെ മറ്റൊരു പ്രത്യേകതയാണ് സ്വരനിയന്ത്രണം. തന്മൂലം ഭിത്തിയില്‍ തട്ടുന്ന സ്വരം പ്രതിബിംബിക്കാന്‍ ഇടയാകുന്നില്ല. പള്ളിയുടെ എല്ലാ ഭാഗത്തും മുഴക്കംകൂടാതെ സ്വരം ശ്രവിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഈ രണ്ട് സംവിധാനങ്ങളും പള്ളി പുതുക്കിപ്പണിതതോടുകൂടി തകരാറിലായി. പള്ളിക്കകത്ത് വെളിച്ചം കടക്കുന്നതിനുവേണ്ടി ജനലുകള്‍ പള്ളിയുടെ ഇരുവശങ്ങളിലും സ്ഥാപിച്ചു. പള്ളിയില്‍ ഉണ്ടായിരുന്ന തട്ടുകള്‍ പൊളിച്ചുമാറ്റി. സീലിംഗ്, മൊസൈക് ഫ്‌ളോര്‍ തുടങ്ങിയവ പള്ളിക്ക് കൂടുതല്‍ ഭംഗിവരുത്തി.

എ.ഡി. 345 ല്‍ കൊടുങ്ങല്ലൂരില്‍ എത്തിയ ക്‌നാനായ സമുദായം കാലക്രമത്തില്‍ വാണിജ്യവും രാജ്യസേവനവും ലക്ഷ്യമാക്കി സമുദായാംഗങ്ങള്‍ ജലമാര്‍ഗ്ഗം എത്തിച്ചേരാവുന്ന വിവിധകേന്ദ്രങ്ങളില്‍ താമസമാക്കി. വാണിജ്യ തല്‍പ്പരരായിരുന്നതിനാല്‍ കുരുമുളകും ചുക്കും മറ്റ് സുഗന്ധദ്രവ്യങ്ങളും ശേഖരിച്ച് കൊടുങ്ങല്ലൂര്‍ തുറമുഖത്തേക്ക് കയറ്റി അയക്കുന്നതിന് ക്‌നാനായ കുടുംബക്കാര്‍ അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കടുത്തുരുത്തിയിലേക്ക് കുടിയേറി.പില്‍ക്കാലത്ത് കോഴിക്കോട്ട് സാമൂതിരിയും കൊച്ചിരാജാവും തമ്മിലുള്ള മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ പട്ടണം പലപ്പോഴും രണഭൂമിമയായിമാറി. എ.ഡി. 1524 ല്‍ സാമൂതിരിയുടെ സൈന്യം കൊടുങ്ങല്ലൂര്‍ ആക്രമിക്കുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു. ആ അവസരത്തില്‍ ക്രൈസ്തവ ഭവനങ്ങളും ദേവാലയങ്ങളും കത്തിനശിച്ചു. അവിടെനിന്നും രക്ഷപ്പെട്ട ധാരാളം ക്രിസ്ത്യാനികള്‍ കടുത്തുരുത്തിയില്‍ വന്ന് താമസമുറപ്പിച്ചു.സമുദായ തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍ പരമ്പരാഗതമായി അനുഷ്ഠിച്ചിരുന്ന ആചാര മര്യാദകളും കാലാകാലങ്ങളില്‍ ലഭിച്ചിരുന്ന പദവികളും അധികാരചിഹ്നങ്ങളും പൂജ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന തിരുശേഷിപ്പുകള്‍, തിരുസ്വരൂപങ്ങള്‍ തുടങ്ങിയവയും അവരോടൊപ്പം പുതിയസ്ഥലങ്ങളില്‍ വന്നുചേര്‍ന്നു.

പൂര്‍വ്വകാലം മുതല്‍ കല്‍ദായ സഭയിലും അവിടെനിന്ന് സ്വീകരിച്ച് കൊടുങ്ങല്ലൂരിലും ക്‌നാനായക്കാര്‍ ആചരിച്ചിരുന്ന യൗനാന്‍ ദീര്‍ഘദര്‍ശിയുടെ സ്മരണയെ ഉണര്‍ത്തുന്ന മൂന്നു നോമ്പ്, കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളായി സ്വീകരിക്കപ്പെട്ടു. 1524 ലെ യുദ്ധത്തില്‍ കൊടുങ്ങല്ലൂര്‍ നഗരവും ദേവാലയവും അഗ്നിക്കിരയായപ്പോള്‍ അവിടുത്തെ സ്ത്രീകള്‍ അവരുടെ ചാരിത്ര്യശുദ്ധി പാലിക്കപ്പെടുവാന്‍ അനുഗ്രഹം ലഭിക്കുന്നതിനായി നേര്‍ന്ന് പുതുതായി ആരംഭിച്ച എട്ടുനോമ്പ് കടുത്തുരുത്തിയില്‍ രണ്ടാം തിരുനാളായും ആഘോഷിക്കുവാന്‍ തുടങ്ങി. മൂന്നുനോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം കരിങ്കല്‍കുരിശിന്‍ ചുവട്ടില്‍ വച്ച് പരമ്പരാഗതമായി നടത്തിവരുന്ന ഒരു പ്രാര്‍ത്ഥനയാണ് പുറത്ത് നമസ്‌ക്കാരം. കൊടുങ്ങല്ലൂരില്‍ കുടിയേറിപ്പാര്‍ത്ത ക്‌നായിതോമായും സംഘവും അവരുടെ യാത്രവിജയപ്രദമായിതീര്‍ന്നതിന് ദൈവത്തിന് നന്ദിപറയുന്നതിനും ഇന്ത്യയിലെ അവരുടെ ദൗത്യവിജയത്തിന് ദൈവസഹായം അപേക്ഷിക്കുന്നതിനുമുള്ള സ്‌തോത്രഗീതങ്ങളുമാണ് ഇതില്‍ ഒരുഭാഗം. കൊടുങ്ങല്ലൂരുനിന്ന് കടുത്തുരുത്തിയിലേക്ക് കുടിയേറിയ സംഘം അവരുടെ പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ഇവിടെയും നടപ്പാക്കിയതാണ് പുറത്ത് നമസ്‌ക്കാരം.

കനത്തഭിത്തികളും, റോമന്‍, പേര്‍ഷ്യന്‍, പോര്‍ട്ട്ഗീസ് ശില്പമാതൃകയിലുള്ള കലാരൂപങ്ങളും ഈ ദേവാലയത്തിന്റെ സവിശേഷതയാണ്. കല്ലില്‍തീര്‍ത്ത ചിത്രപ്പണികള്‍ ചെയ്ത മാമ്മോദീസാ തൊട്ടി, ഭിത്തിയിലും കബറിടങ്ങളിലും കാണുന്ന ലിഖിതങ്ങള്‍ തുടങ്ങി നിരവധി ചരിത്രസ്മാരകങ്ങള്‍ ഈ പള്ളിയിലുണ്ട്. എ.ഡി. 1599 ല്‍ സുറിയാനി ക്രിസ്ത്യാനികളെ തന്റെ അധീനതയിലാക്കുവാന്‍ പോര്‍ട്ടുഗീസുകാരനായ മെനേസിസ്‌മെത്രാപ്പോലീത്താ വലിയപള്ളിയില്‍വച്ച് വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തി. 1653 ലെ കൂനന്‍ കുരിശ് സത്യത്തിന് ശേഷം ഗാർസിയ മെത്രാപ്പോലീത്താക്ക് വിധേയത്വം പ്രഖ്യാപിച്ച ക്‌നാനായ സമുദായത്തിന്റെ നിലപാടിനെ ശ്ലാഘിച്ച്‌കൊണ്ട് 7-ാം അലക്‌സാണ്ടര്‍ മാര്‍പ്പാപ്പ അയച്ച തിരുവെഴുത്ത് വിളമ്പരം ചെയ്തത് കടുത്തുരുത്തിവലിയപള്ളിയില്‍വച്ചാണ്. വിഖ്യാതനായ അര്‍ണോസുപാതിരിയും മറ്റ് നിരവധി വിദേശപുരോഹിതരും ഈ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

പോര്‍ച്ചുഗലില്‍ നിന്നു ലഭിച്ച പഞ്ചലോഹ നിര്‍മ്മിതമായ പള്ളിമണിക്ക് നാല് നൂറ്റാണ്ടോളം പഴക്കമുണ്ട്. അതില്‍ 1647 എന്ന സംഖ്യകൊത്തിയിരിക്കുന്നത് അതിന്റെ ജന്മവര്‍ഷത്തെ സൂചിപ്പിക്കുന്നതാണ്. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ തീരത്തുള്ള കണ്ണങ്കര ഇടവകക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടായത് 1842 ലാണ്. അതിന് മുന്‍പ് അവര്‍ കടുത്തുരുത്തി ഇടവകക്കാരായിരുന്നു. പഴയകാലങ്ങളില്‍ കിഴക്കന്‍ കാറ്റ് അനുകൂലമായിരുന്ന സാഹചര്യത്തില്‍ കടുത്തുരുത്തിയിലെ പള്ളിമണിയുടെ ശബ്ദം കണ്ണങ്കര നിവാസികള്‍ക്ക് കേള്‍ക്കാമായിരുന്നു. ഇന്ന് കടുത്തുരുത്തിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കരഭൂമിയും വൃക്ഷലതാദികളും മറ്റും അന്നില്ലായിരുന്നു. കൂടാതെ ഇന്നുപയോഗിക്കുന്ന മണിനാക്ക് അല്ലായിരുന്നു അന്നുണ്ടായിരുന്നത്. 1790 നോടടുത്ത് ടിപ്പുസുല്‍ത്താന്‍ കേരളം ആക്രമിച്ചപ്പോള്‍ കടുത്തുരുത്തി പള്ളി സൂക്ഷിപ്പുകാർ ,പള്ളിയിലേ നിക്ഷേപങ്ങള്‍ ഓരോന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. മണിമാളികയില്‍ നിന്നും പള്ളി മണി താഴെയിറക്കി മണിയും അതിന്റെ നാക്കും വേര്‍പെടുത്തി പ്രത്യേകം സ്ഥാനങ്ങളില്‍ കുഴിച്ചിട്ടു. മണിനാക്ക് ഒരു കിണറ്റിലാണ് ഇട്ടിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആലുവാപ്പുഴയിലെ വെള്ളപ്പൊക്കം നിമിത്തം ടിപ്പുവിന് കടല്‍കടക്കാന്‍ കഴിയാതെ അദ്ദേഹവും സൈന്യവുംതിരിച്ച് പോയി. ആക്രമണഭീതി അകന്നതോടെ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്ന നിക്ഷേപങ്ങളെല്ലാം പുറത്തെടുത്ത് കൊണ്ടുവന്നു. എന്നാല്‍ പള്ളി മണിയുടെ നാക്ക് നഷ്ടപ്പെട്ടു.അതിനാല്‍ ഓട്‌കൊണ്ടുള്ള മണിനാക്ക് സ്ഥാപിച്ചു. പക്ഷേ ആദ്യമുണ്ടായിരുന്ന ദൂരരവ്യാപകമായ മണിമുഴക്കം വീണ്ടെടുക്കുവാന്‍ സാധിച്ചില്ല.കടുത്തുരുത്തി വലിയപള്ളിയുടെ തെക്കുവശത്തെ ഭിത്തിയോട് ചേര്‍ന്ന് ഒരു മുറിയിലാണ് മാമ്മോദീസാ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ബൃഹത്തായ ഒരു കരിങ്കല്‍ തൊട്ടിയുണ്ട്. ഇത്രയും വലിപ്പമുള്ള ഒരു മാമോദീസാ കല്ല് കേരളത്തില്‍ മറ്റൊരു ദേവാലയത്തിലും ഇല്ല എന്നതാണ് പൊതു ധാരണ. വൃത്താകൃതിയിലുള്ള ഈ കല്‍ത്തൊട്ടിയില്‍ വെള്ളം നിറച്ചാല്‍ ശിശുക്കളെ അതില്‍ മുക്കി  ജ്ഞാനസ്‌നാനം നല്‍കാവുന്നതാണ്. മാമ്മോദീസാ കല്ലിന്റെ പുറകുവശത്ത് ചുറ്റുമായി കരിങ്കല്‍കൊത്തിയ ചിത്രവേലകള്‍ കാണാവുന്നതാണ്.

കടുത്തുരുത്തി വലിയപള്ളിയിലെ മദ്ബഹായും അള്‍ത്താരയും ശില്പകലാവൈദഗ്ദ്ധ്യത്തിന് മകുടോദാഹരണമാണ്. മദ്ബഹായുടെ ചട്ടക്കൂട്ടില്‍ തടിയില്‍ കൊത്തി വര്‍ണ്ണഭംഗി പിടിപ്പിച്ചിട്ടുള്ള തൂണുകളും അതിന്മേലുള്ള പുഷ്പങ്ങളും ലതകളും ചിത്രകലയുടെ നിദര്‍ശനങ്ങളാണ്. ത്രിത്വക  ദൈവംമാതാവിനെ സ്വര്‍ഗ്ഗറാണിയായി മുടിധരിപ്പിക്കുന്ന രംഗമാണ് ഏറ്റവും മുകളില്‍ തങ്കവര്‍ണ്ണത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. തിരുക്കുരിശിന്റെ ഏറ്റവും ചെറിയ ഒരംശം കടുത്തുരുത്തി പള്ളിയിൽ അരുളിക്കായിൽ സുഷിച്ചിട്ടുണ്ട് . ദുഃവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങളുടെ സമാപനത്തിലുള്ള ആശീര്‍വാദം  ഇതുകൊണ്ടാണ്. ഈ തിരുശേഷിപ്പ് പള്ളിക്ക് നല്‍കിയത് 1897ൽ റോമിൽ വച്ച് വൈദിക വിദ്യഭ്യാസം പൂർത്തിയാക്കിയ വട്ടക്കളത്തില്‍ മത്തായി അച്ചനാണ്. വലിയപള്ളിയില്‍ രാവിലെയും വൈകുന്നേരവും പള്ളിമണിയടിക്കുമ്പോള്‍ വിശ്വാസികള്‍ പള്ളിയില്‍പ്രവേശിച്ച് കൂട്ടമായി പ്രാര്‍ത്ഥിച്ചിരുന്നു. ഇന്നത്തെ കൊന്തനമസ്‌ക്കാരവും കര്‍ത്താവിന്റെ മാലാഖ എന്ന പ്രാര്‍ത്ഥനയും പിന്നീട് ഉണ്ടായതാണ്. ആദ്യകാലങ്ങളില്‍ സുറിയാനിയിലായിരുന്നു പ്രാര്‍ത്ഥനകളും പാട്ടുകളും പാടിയിരുന്നത്.  ഉദയംപേരൂര്‍ സുന്നഹദോസില്‍വച്ച് നെസ്‌തോറിയന്‍ പാഷണ്ഡത ആരോപിച്ച്‌കൊണ്ട് മെനേസിസിന്റെ കല്പനപ്രകാരം പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ അഗ്നിക്കിരയാക്കി. ഭാരതീയ സഭയിലെ പ്രാര്‍ത്ഥനാ രീതികള്‍ മാറ്റി തല്‍സ്ഥാനത്ത് പാശ്ചാത്യസഭയിലെ പ്രാര്‍ത്ഥനകള്‍ നടപ്പിലാക്കി.ആദ്യകാലത്ത് വൈദികര്‍ വിവാഹിതരായിരുന്നു. പോര്‍ട്ട്ഗീസ് മെത്രാന്മാരുടെ കാലത്താണ് വൈദികര്‍ അവിവാഹിതരായിരിക്കണമെന്ന കല്‍പ്പന നിലവില്‍വന്നത്.

കരിങ്കല്‍ക്കുരിശ്

കടുത്തുരുത്തി വലിയപള്ളിയുടെ കിഴക്കെ അങ്കണത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒറ്റക്കല്ലില്‍ തീര്‍ത്തതും 50 അടി ഉയരമുള്ളതുമായ കരിങ്കല്‍ക്കുരിശ് ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കല്‍ക്കുരിശാണ്. 10 അടി നീളവും വീതിയും ഉയരവുമുള്ള പീഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശിന് തന്നെ 40 അടി ഉയരമുണ്ട്. 1599ല്‍ മെനേസിസ് മെത്രാപ്പോലീത്താ കുരിശിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു. വിവിധ ചരിത്രസംഭവങ്ങളുടെ ചിത്രരൂപങ്ങള്‍ കുരിശിന്റെ പീഠത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ക്‌നായിതോമായുടെ ചിത്രം കുരിശില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാന നേര്‍ച്ച കുരിശിന്റെ ചുറ്റുവിളക്കു തെളിയിക്കലാണ്. എല്ലാ വെള്ളിയാഴ്ചകളിലും വിശിഷ്യാ മാസാദ്യവെള്ളിയാഴ്ചകളില്‍ നാനാജാതി മതസ്ഥര്‍ കുരിശിനെ വണങ്ങുകയും ചുറ്റുവിളക്ക് കത്തിക്കുകയും ചെയ്തുവരുന്നു. ഈ ചരിത്രപ്രസിദ്ധമായ കുരിശിന്‍ ചുവട്ടില്‍ വി. കുരിശിന്റെ ഒരംശം നിക്ഷിപ്തമായിട്ടുണ്ട് എന്നതാണ് പൊതുവെയുള്ള വിശ്വാസം. കരിങ്കല്‍ കുരിശ് നാട്ടിനിര്‍ത്തുന്നതിന് ഏറെ പ്രയത്‌നം ചെയ്യേണ്ടിവന്നുവെന്നും തദവസരത്തില്‍ മുത്തിയമ്മയുടെ പ്രത്യേക സഹായം അതിന് ശ്രമിച്ചവര്‍ക്ക് ലഭിച്ചിരുന്നു എന്നും ഇന്നും ജനങ്ങള്‍ വിശ്വസിക്കുകയും അനുസ്മരിച്ച്‌പോരുകയും ചെയ്യുന്നു. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ നിര്‍മ്മിക്കുന്നതിനും മുമ്പ് നിര്‍മ്മിതമായ കടുത്തുരുത്തിയിലെ കരിങ്കല്‍ കുരിശ് സുറിയാനി ക്രിസ്ത്യാനികളുടെ ‘വിശ്വാസസ്തംഭ’മായി ഒരു മഹാത്ഭുതമായി നിലകൊളളുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.