മലയാളികളുടെ നാണം.

കഴിഞ്ഞ ഇരുപത് ആഴ്ചകളിലായി നമ്മുടെ ക്നാനായ പത്രത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മറുപുറം എന്ന ലേഖന പംക്തി ഇന്നത്തെ ലക്കത്തോടെ താൽക്കാലികമായി അവസാനിക്കുകയാണ്. ഏതാനും നാളുകളുടെ ഇടവേളക്കുശേഷം മറുപുറം പുതിയ രൂപത്തിൽ  വീണ്ടും നിങ്ങളിലേക്ക് എത്തും .ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ലിജോ വണ്ടംകുഴിയിൽ എഴുതിയ മറുപുറം, ഏല്ലാ ശനിയാഴ്ചകളിലുമാണ് പ്രസദ്ധീകരിച്ചു പോന്നത്. കഴിഞ്ഞ ഏതാനും നാളുകളായി UAE ൽ ജോലി ചെയ്യുന്ന ശ്രീ. ലിജോ ജോയി വണ്ടംകുഴിയിൽ, അലക്സ് നഗർ സെന്റ്. ജോസഫ്സ് പള്ളി ഇടവാഗം ആണ്. നിരവധി വായനക്കാർ മറുപുറത്തിന്റെ വിവിധ ലക്കങ്ങളെ  അഭിനന്ദിച്ച് അവരുടെ വിലയേറിയ അഭിപ്രായങ്ങൾ ക്നാനായ പത്രത്തെ അറിയിച്ചു എന്നത് മാത്രം മതി മറുപുറത്തിന്റെ പ്രാധാന്യം അറിയുവാൻ. അഭിനന്ദനങ്ങൾ അറിയിച്ച ഓരോരുത്തർക്കും ക്നാനായ പത്രത്തിന്റെയും ലിജോ വണ്ടംകുഴിയിലിന്റെയും  പ്രത്യേകമായ  നന്ദി അറിയിക്കുവാൻ ഈ അവസരം ഉപയോഗിക്കുന്നു. മറുപുറത്തിന്റെ  എഴുത്തുകാരനായ ലിജോ വണ്ടംകുഴിയിലിന് ക്നാനായ പത്രം ടീമിന്റെ നന്ദി അറിയിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഇതുപോലെ മികച്ച സൃഷ്ഠികൾ തുടർന്നും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് മറുപുറത്തിന്റെ അവസാന ലക്കം പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു.

മലയാളികളുടെ നാണം.

 

ഒരു ദേശീയ മാധ്യമത്തിലെ ചാനൽ ചർച്ചക്കിടെ അവതാരകൻ കേരളത്തിലെ ജനങ്ങളെ വിശേഷിപ്പിച്ചത് "രാജ്യം കണ്ടതിൽ വച്ച് ഏറ്റവും നാണം ഇല്ലാത്തവരുടെ ഒരു കൂട്ടം എന്നതാണ്". വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയ്ക്കിടയിലാണ് വിവാദ പരാമർശം ഉണ്ടായത്. ഏത് അറിവിന്റെ അടിസ്ഥാനത്തിലാണ് അവതാരകൻ ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായത് എന്നത് വ്യക്തമല്ല.

 ലോകത്തിലെ ഏതു രാജ്യത്തും പോയാലും അവിടെല്ലാം ഒരു മലയാളിയെങ്കിലും ഉണ്ടാകുമെന്നത് അതിശയോക്തിപരമല്ല. ഒരു മലയാളി ആ രാജ്യത്ത് പുതുതായി ചെന്നാൽ, തന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒക്കെ ആ രാജ്യത്ത് എത്തിച്ചും, അവിടെയുള്ള മറ്റു മലയാളികളുമായി ബന്ധംപുലർത്തിയുമൊക്കെ ജീവിച്ചുപോരുന്ന ഒരു സാമൂഹിക അവസ്ഥയാണ് തുടരുന്നത്. ഗൃഹാതുരത്വം ഏറ്റവും കൂടുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന മലയാളികൾ എല്ലാ ഉത്സവങ്ങളും ഒത്തുചേർന്ന് ആഘോഷമാക്കാറുമാണ് പതിവ്. മറ്റു നാട്ടുകാരിൽ ചിലർക്കെങ്കിലും അന്യമായ അർപ്പണബോധവും വിശ്വാസവും മലയാളികൾ അവരുടെ ജോലിയിൽ പ്രകടമാക്കുന്നതിന്റെ ഫലം കൂടിയാണ് വിദേശരാജ്യങ്ങളിൽ നിന്നും മലയാളികൾകൾക്ക് ലഭിക്കുന്ന ആദരവിന്റെ കാരണം.

കേരളത്തിലെ സർക്കാരുകളുടെ വരുമാനത്തിന്റെ ഒരു പ്രധാന പങ്കും സംഭാവന ചെയ്യുന്നത് വിദേശ മലയാളികളാണ് എന്നത് കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ച 197O – കൾ മുതലാണ് കേരളത്തിൻറെ മുഖച്ഛായ മാറുവാൻ ആരംഭിക്കുന്നത്. മലയാളികളുടെ ആളോഹരി വരുമാനം, പുതുതലമുറയുടെ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ, ഭൗതീക വികസന കാഴ്ചപ്പാടുകൾ, തുടങ്ങിയവയിലെല്ലാം ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമായത് വിദേശമലയാളികളുടെ വരുമാനം തന്നെയാണ്. വിദേശ രാജ്യങ്ങളിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി ജോലി ചെയ്തുവരുന്ന മലയാളികളുടെ അർപ്പണ മനോഭാവത്തോടുള്ള ആ നാട്ടുകാരുടെ ആദരമായാണ് വിദേശ സഹായത്തെ കണക്കിലെടുക്കേണ്ടത്.

ഭൂരിപക്ഷം ദേശീയ-അന്തർദേശീയ മാധ്യമങ്ങളും, ലോക നേതാക്കളും, അന്തർദേശീയ സംഘടനകളും മലയാളികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചപ്പോൾ , അതിൽ അസ്വസ്ഥത കാണിക്കുന്ന ചില തൽപരകക്ഷികളുടെ രാഷ്ട്രീയമാണ്  ഇത്തരം അഭിപ്രായപ്രകടനങ്ങളിൽ നിഴലിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അനുവദിച്ച കേന്ദ്രവിഹിതമായ അരിക്കും, മണ്ണെണ്ണയ്ക്കും ഉള്ള വില ഈടാക്കിയ കണ്ണിൽ ചോരയില്ലായ്മയെ വിശേഷിപ്പിക്കുവാൻ മലയാളികൾക്ക് പ്രത്യേകഭാഷാ പരിശീലനത്തിന്റെ ആവശ്യമില്ല. അത്യാവശ്യഘട്ടങ്ങളിൽ ഒരുമിച്ച് നിന്ന് ലോകത്തിനു മാതൃകയായ മലയാളികൾ, തങ്ങളുടെ ഇടയിലെ കുലംകുത്തികളെ തിരിച്ചറിഞ്ഞ് മാറ്റി നിർത്തുവാൻ ആണ് ഇനി ഊന്നൽ കൊടുക്കേണ്ടത്. നമ്മുടെ നാടിന് വന്ന ആപത്തിൽ സഹായിക്കാത്ത, നാടിന് ലഭിക്കുമായിരുന്ന സഹായധനം നിഷേധിക്കപ്പെട്ടതിൽ സന്തോഷിക്കുന്ന, ഒരുകൂട്ടം വിഷ മനസ്സുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയില്ല എങ്കിൽ, ഇത്തരക്കാരുടെ വിഷചിന്തകൾ പ്രചരിപ്പിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങളും പൊതുഇടങ്ങളും മാറിയേക്കാം എന്നതിൽ സംശയമില്ല. ഇത്തരം ആശയ പ്രചരണ പ്രക്രിയകൾ സമൂഹത്തിൽ നടക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് നവമാധ്യമങ്ങളിൽ ഉണ്ടായ ചില അഭിപ്രായ പ്രകടനങ്ങൾ. കേരളത്തിന് സഹായം ആവശ്യമില്ല എന്ന് പ്രചരിപ്പിച്ചവരും, ദുരിദാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ അസഭ്യം വിളിച്ചു പറഞ്ഞ ചെറുപ്പക്കാരനും, ശൂന്യമായ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച് പേരുണ്ടാക്കാൻ ശ്രമിച്ചവരും, ഏറ്റവും അവസാനം മലയാളികളെ ഒന്നാകെ നാണം ഇല്ലാത്തവർ എന്ന് വിളിച്ച് അപമാനിച്ച ചാനൽ പ്രവർത്തകനും എല്ലാം പിൻപറ്റുന്ന ആശയങ്ങൾ ഒന്നാണ് എന്നതാണ് ആശങ്കാജനകം.

ഒരു സംഘടിത ആക്രമണം പലവിധത്തിൽ കേരളത്തിനെതിരെ, മലയാളികൾക്കെതിരെ ഉണ്ടാകുന്നു എന്നതാണ് ഈ പ്രളയാനന്തരം വെളിവാക്കപ്പെടുന്ന അപ്രിയ സത്യങ്ങളിൽ ഒന്ന്. മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ തമ്മിൽ തല്ലിച്ച് രക്തം കുടിക്കുവാൻ പരിശീലനം ലഭിച്ചവർ നമുക്കിടയിൽ ഉണ്ട് എന്ന ചിന്തയോടെ, അത്തരക്കാരെ പ്രത്യേകം സൂക്ഷിച്ചു കൊണ്ട് വേണം നാം മുൻപോട്ടു പോകുവാൻ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.