കടക്കൂ പുറത്ത്.

മഴക്കെടുതിമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത് പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാൻ ആരംഭിച്ചപ്പോൾ, മാധ്യമപ്രവർത്തകരുടെ തിക്കിലും തിരക്കിലുംപെട്ട് പ്രതികരിക്കാതെ പോയ മുഖ്യമന്ത്രിയുടെ പ്രവർത്തിയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ രസകരമായ ഒരു ചർച്ചാവിഷയം. ഇതിനുമുൻപും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് ഇത്തരത്തിൽ പ്രതികരിച്ചതായി നമുക്കറിയാം.  ഏതെങ്കിലും ഒരു പൊതു വിഷയവുമായി ബന്ധപ്പെട്ട് ഒരു ഉന്നതസ്ഥാനീയനായ വ്യക്തി പ്രതികരിക്കണം എന്നതാണ് സ്വാഭാവിക കീഴ്‌വഴക്കം. ഈ പ്രതികരണങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാധ്യമപ്രവർത്തകരുടെ പ്രാഥമിക ജോലിയും. ഏതെങ്കിലും ഒരു ജോലി ചെയ്യുന്നവരോട് ആ ജോലി ചെയ്യരുത് എന്ന് പറയുവാൻ ആർക്കും സാധിക്കില്ല. കാരണം, അത് ഓരോരുത്തരുടെയും അവകാശമാണ്. ജോലി ചെയ്യാനുള്ള അവകാശത്തോടൊപ്പം  മാധ്യമസ്വാതന്ത്ര്യത്തെയും ഒട്ടും ചെറുതായി കാണുവാൻ സാധിക്കില്ല. എന്നാൽ, ഒരു വ്യക്തി ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് ശേഷം മാത്രമേ പോകാനാവൂ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വിവേചന അധികാരത്തിലും അവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും ഉള്ള കൈകടത്തലാണ്. പ്രതികരിക്കുവാൻ ഒരാൾക്ക് അവകാശമുള്ളതുപോലെ തന്നെ പ്രതികരിക്കാതിരിക്കാൻ ഉള്ള അവകാശത്തെയും മാനിക്കേണ്ടതാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ, പത്തോളം വാർത്താചാനലുകൾ മലയാളത്തിൽ ഉണ്ട് എന്നതുകൊണ്ടുതന്നെ മലയാളികളുടെ വാർത്താ ഭ്രമത്തെകുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ടുതന്നെ ഓരോ വാർത്തയും വളരെ പ്രാധാന്യത്തോടുകൂടി സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുവാൻ വാർത്താ ചാനലുകൾക്കും സമ്മർദ്ദമുണ്ട്. ചാനലുകൾ തമ്മിലുള്ള മത്സരം അനാരോഗ്യപരമായി മാറുന്നതായാണ് സമീപകാല സംഭവങ്ങളിൽ നിന്നും മനസിലാകുന്നത്. വാർത്തകൾക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത ഒരു മാധ്യമ പ്രവർത്തന ശൈലിയും സമീപകാലത്ത് കണ്ടു വരുന്നു എന്നത് ആശ്വാസകരമായ  കാര്യമല്ല.

 ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയ്ക്ക് അനുസൃതമായി പച്ചക്കള്ളങ്ങൾ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന  മാധ്യമ പ്രവർത്തന ശൈലി നമ്മുടെ രാജ്യത്ത് വ്യാപിച്ചു വരുന്നു. കൂലിയെഴുത്തുകാർ ആയി മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നു എന്ന വിമർശനം സമൂഹത്തിൽ ഉയർന്നുവന്ന് തുടങ്ങിയിട്ട് ഏതാനും കാലങ്ങളേ ആയിട്ടുള്ളൂ. രാഷ്ട്രീയ ചായ്‌വുകൾ പല മാധ്യമങ്ങളും പ്രകടമായി തന്നെ കാണിക്കാറുണ്ട് എന്നാൽ, രാഷ്ട്രീയം മാത്രം മുഖമുദ്രയാക്കി മാധ്യമ പ്രവർത്തനം നടത്തുന്ന മാധ്യമങ്ങളെ അകറ്റിനിർത്തുവാൻ മലയാളികൾ ശീലിക്കേണ്ടതാണ്. ഇത്തരക്കാരുടെ ദുഷ്പ്രചരണങ്ങളിൽ വീഴാതിരിക്കാനുള്ള സാമാന്യ പക്വത സമൂഹം കാണിക്കണം. വർഗീയത വളർത്തുക, കലാപങ്ങൾക്ക് വഴിമരുന്നിടുന്ന വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, വാർത്തകൾ വളച്ചൊടിച്ച് സമൂഹത്തിൽ അസ്വസ്ഥത പടർത്തുക, മുതലായ തീർത്തും അപലപനീയമായ കാര്യങ്ങളും ചില മാധ്യമങ്ങൾ ചെയ്യുന്നുണ്ട് എന്നത് പറയാതെ വയ്യ.ഏറ്റവും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ള ആളുകൾ പ്രതികരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അവർക്കുള്ള വേദിക്കരികിൽ ഒരു പ്രത്യേകത സ്ഥലത്ത്, അവരവരുടെ ഉപകരണങ്ങളുമായി മാധ്യമപ്രവർത്തകർ കാത്തുനിന്നാൽ തീരാവുന്ന ആശയക്കുഴപ്പങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത് എന്ന് തോന്നുന്നു. വിദേശരാജ്യങ്ങളിലെ മാധ്യമ പ്രവർത്തന ശൈലിയും ഇതേ രീതിയിലാണ്. ഇത്തരം നല്ല മാതൃകകൾ അനുകരിച്ച് തങ്ങളുടെ ജോലി ഏറ്റവും നന്നായി ചെയ്യുവാൻ മാധ്യമപ്രവർത്തകർ തന്നെയാണ് മുൻകൈയെടുക്കേണ്ടത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.