മരം ഞാനൊരു മരം(കവിത)

മരം ഞാനൊരു മരം(കവിത)

 

മരം  ഞാനൊരു മരം,

നിന്നോട് ചേർന്നും, നിനക്ക് ചുറ്റും,

നിനക്ക് ദൂരെയായും കാണുന്ന മാത്രയിൽ,

ഞാനുണ്ട് എന്നെ നീ അറിയുന്നുവോ?

 

പാഴ്മരമായെന്നെ വെട്ടിമുറിക്കുമ്പോൾ,

മറ്റൊരു മരമാകാൻ നട്ടുവളർത്തുമോ?

ചുറ്റിലുമുള്ളയെൻ കൂട്ടര് വീഴുമ്പോൾ,

അറിയാതെ ഞാനും കണ്ണീർ പൊഴിക്കുന്നു.

 

ആരുടെയൊക്കെയോ കൂര തകർത്തു,

മാളിക കെട്ടിയുയർത്തുവാൻ ഞാൻ വേണം,

കൂട്ടം പിരിഞ്ഞു പറക്കുന്ന പക്ഷിക്ക്, 

കൂടണയാൻ നേരം ഞാനില്ലാതാകുന്നു.

 

തെളിഞ്ഞു കത്തുന്ന സൂര്യന്റെ ചൂടും,

കരകവിഞ്ഞൊഴുകുന്ന മലവെള്ളപ്പാച്ചിലും,

തടയുവാൻ ഞാനും കൂട്ടരുമില്ലെങ്കിൽ,

തളരുന്ന മർത്യരായി മാറും നിങ്ങൾ.

 

കാടിന്റെ മക്കൾക്ക് ഞാൻ തുണയാണ്,

കായ്കനികൾ നൽകാൻ ഞാൻ ഇണയാണ്,

കാടേറി എന്നെ വെട്ടിനിരത്തുമ്പോൾ, 

അവരെല്ലാം ഒന്നൊന്നായി നാടേറുന്നു.

 

മരമായ ഞാനൊരു വരമാണെന്നൊക്കെ,

ഉറക്കെ പറഞ്ഞൊരു കാലമുണ്ട്,

എനിക്കായി കൈകോർക്കാൻ സമയമില്ലൊട്ടും,

തിരക്കിന്റെ വീഥിയിൽ ഞാനേകനായി.

 

ഇലകൾ കൊഴിഞ്ഞും ചില്ലയൊടിഞ്ഞും,

ഞാനൊരു പടുവൃദ്ധ മരമായല്ലോ,

തണലേകാനും ജീവവായുവേകാനും,

ഇനിയും ഞാനില്ല ഈ ഭൂമിയിൽ.

 

പുനർജ്ജന്മം നൽകി എന്നെ വളർത്തുവാൻ,

ഒത്തുചേരുമോ ഒരിക്കൽകൂടി,

ഇനിയെന്നെയും എൻകൂട്ടരേയും നിങ്ങൾ,

ഹരിത ഭംഗിയുടെ നിറമണിയിക്കൂ.

***************

സിജു സൈമൺ

മള്ളൂശ്ശേരി ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.