മാര്‍ കുന്നശേരി ശക്തനായ അജപാലകന്‍ – മാര്‍ ആലഞ്ചേരി

കോട്ടയം: പ്രേക്ഷിത പ്രവര്‍ത്തനത്തിലും അജപാലനത്തിലും ശ്രദ്ധിച്ചിരുന്ന ഇടയശ്രേഷ്‌ഠനായിരുന്നു മാര്‍ കുര്യാക്കോസ്‌ കുന്നശേരിയെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സഭയില്‍ കൂട്ടായ്‌മ കൊണ്ടുവന്ന്‌ ശക്തമായ അജപാലനത്തിന്‌ അദ്ദേഹം നേതൃത്വം കൊടുത്തു. കുന്നശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ക്രിസ്‌തുരാജ്‌ കത്തീഡ്രലില്‍ നടന്ന അനുസ്‌മരണ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ക്‌നാനായ സമുദായത്തിലെ മോശയായിരുന്നു അദ്ദേഹം. നേതൃത്വശൈലിയില്‍ അദ്ദേഹത്തിന്‌ തനതായ സ്ഥാനം ഉണ്ടായിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയായിരുന്നു. പിതാവിന്റെ ഓര്‍മ്മകള്‍ ഇന്നും പച്ചയായി നിലകൊള്ളുന്നുവെന്ന്‌ കര്‍ദ്ദിനാള്‍ പറഞ്ഞു.അതിരുപത വലിയ വളര്‍ച്ചയില്‍ എത്തിയത്‌ അദ്ദേഹത്തിന്റെ കാലത്താണ്‌. പ്രവാസികള്‍ക്കുവേണ്ടിയും പ്രത്യേക താല്‍പര്യത്തോടെ പ്രവര്‍ത്തിച്ചു. മറ്റുള്ളവരെയും അദ്ദേഹം നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ പ്രത്യേക ശ്രദ്ധിച്ചിരുന്നു. കൂടാതെ സാര്‍വ്വത്രിക സഭയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിശ്വാസ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അതോടൊപ്പം സഭയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വം പഠിക്കേണ്ടതാണ്‌. സഭയുടെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഹൃദയപൂര്‍വം സ്വീകരിച്ചാണ്‌ അദ്ദേഹം ശുശ്രൂഷ ചെയ്‌തിരുന്നത്‌. മറ്റുള്ളവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്‌തിരുന്നതായും മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുസ്‌മരിച്ചു. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ കുര്യന്‍ വയലുങ്കല്‍, മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ മാത്യു അറയ്‌ക്കല്‍, മാര്‍ ജോര്‍ജ്‌ മഠത്തികണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കല്‍ , വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്‌, ഫാ. ലല്ലു കൈതാരം, ഫൊറോന വൈദികര്‍ തുടങ്ങിയവരും സഹകാര്‍മ്മികരായിരുന്നു. ചടങ്ങില്‍ വൈദികരും, കുന്നശേരി കുടുംബാംഗങ്ങളും, ഇടവകകയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംബന്ധിച്ചു.

ബി.സി.എം. ഓഡിറ്റോറിയത്തില്‍ നടന്ന മന്ത്രയില്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ ചെയര്‍മാനായി രൂപീകരിച്ച മാര്‍ കുര്യാക്കോസ്‌ കുന്നശേരി ഫൗണ്ടേഷന്റെ ഉദ്‌ഘാടനവും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു. കൂടാതെ എം.എസ്‌.പി. സമൂഹം പുറത്തിറക്കിയ `പ്രൗഢം ഈ പ്രയാണം’ എന്ന ഓഡിയോ സി.ഡിയുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.