കാലം മായ്ക്കാത്ത പാദമുദ്രകളുമായി നമ്മുടെ കുന്നശ്ശേരിപിതാവ്

ക്‌നാനായ സമുദായത്തിന്റെ ഭീഷ്മാചാര്യനും നിര്‍ണായകഘട്ടങ്ങളില്‍ സീറോമലബാര്‍ സിനഡിലെ അവസാന വാക്കുമായിരുന്ന അഭിവന്ദ്യ കുന്നശ്ശേരി പിതാവ് കാലയവനികയിലേക്ക് മറഞ്ഞിട്ട്  ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കോട്ടയം അതിരൂപതയിലെ ഓരോ അംഗവും ഇക്കാലമത്രെയും തങ്ങളുടെ ഹൃദയസ്പന്ദനത്തിനൊപ്പം ഈ ഗോത്രപിതാവിനേയും സ്മരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഏതൊരു രൂപതാംഗത്തിനും പേപ്പറും പേനയും കൊടുത്താല്‍ ധാരാളം ധന്യ ഓര്‍മ്മകള്‍ അതില്‍ കുത്തിക്കുറിക്കാൻ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
                   എന്റെ ബാല്യത്തില്‍ കോട്ടയം രൂപതയുടെ പ്രസിദ്ധീകരണമായ തിരുഹൃദയമാസികയില്‍ ഞാന്‍ എഴതിയ"തെറ്റ് "എന്ന ചെറുകഥ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് പിതാവില്‍നിന്ന ലഭിച്ച പ്രോത്സാഹന വാക്കുകളാണ് പിന്നീട് തുടര്‍ച്ചയായി അപ്‌നാദേശിലും ഇതര ആനുകാലിക പ്രസദ്ധീകരണങ്ങളിലും   ലേഖനങ്ങൾ എഴുതുവാൻ എന്നെ പ്രാപ്‌തനാക്കിയത് .പിതാവിനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ മറക്കാതെ മായാതെ കിടക്കുന്ന ധാരാളം കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടെന്നതാണ് വസ്തുത.33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടുത്തുരുത്തി മേരിമാതാ ഐ.ടി.സി.യില്‍  ഞാന്‍ ഇന്‍സ്‌ടെക്ടറായി ജോലി ചെയ്യുന്ന സമയത്ത് 320 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അന്നത്തെ ജീവിതസാഹചര്യത്തില്‍ ഈ ശമ്പളം പോരെന്നും കൂട്ടിനല്‍കണമെന്നും പിതാവിന്റെ അടുത്ത് ആവശ്യപ്പെടുവാന്‍ സ്റ്റാഫ് മീറ്റിംഗ് ചുമതലപ്പെടുത്തിയത് എന്നേയും അന്നത്തെ വൈസ് പ്രിന്‍സിപ്പളായിരുന്ന കെ.ജെ. എസ്തപ്പാന്‍സാറിനേയും ആയിരുന്നു. ഞങ്ങള്‍ നിവേദനവുമായി പിതാവിനെ സമീപിച്ചപ്പോള്‍ പിതാവില്‍ നിന്ന് കിട്ടിയ ശകാരവാക്കുകള്‍ കേട്ട് നിരാശരും ദുഃഖിതരുമായി നിന്ന സമയം ഉച്ചക്ക് 12 മണി. എങ്ങിനെയും തിടുക്കത്തില്‍ തിരികെപോന്നാല്‍ മതി എന്നോര്‍ത്ത് ബിഷപ്പ് ഹൗസില്‍ നിന്നും മുറ്റത്തെത്തിയപ്പോള്‍ പുറകില്‍ നിന്നും ഒരപ്പന്റെ ഗൗരവത്തോടെ ഒരു വലിയ ചോദ്യം എങ്ങോട്ടേക്കാ ഇപ്പം രണ്ടുപേരുംകൂടി? കൂട്ടത്തില്‍ ഒരു താക്കീതും രണ്ട്‌പേരും ചോറ് ഉണ്ടിട്ട് പോയാല്‍ മതി. പിതാവിന്റെയും ഭാഗ്യസ്മരണാര്‍ഹനായ ഫാ. ജേക്കബ് കൊല്ലാപറമ്പിലിന്റെയും അടുത്തിരുത്തി ഭക്ഷണം കഴിപ്പിച്ചിട്ട് ശാന്തനായി അടുത്ത വാക്ക് നിങ്ങള്‍ വന്ന കാര്യത്തില്‍ ഞങ്ങള്‍ ഒന്ന് ആലോചിക്കട്ടെ. പിറ്റെമാസം പതിവുപോലെ 320 രൂപാ കൈപ്പറ്റാന്‍ തയ്യാറെടുത്ത് റവന്യൂസ്റ്റാമ്പ് കോളത്തില്‍ ഒപ്പിട്ടപ്പോള്‍ നോക്കുമ്പോള്‍ അ താ 480 രൂപ. 

35  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.സി.വൈ.എല്‍ ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ സാന്ദര്‍ഭിഗമായി പിതാവ് പറയുന്നു B +ve രക്തഗ്രൂപ്പുകാര്‍ക്ക് സമുദായ ചരിത്രം പഠിക്കുവാനും പഠിപ്പിക്കുവാനും പ്രത്യേക താല്‍പ്പര്യമുണ്ടെന്ന്. പിതാവിന്റെ അന്നത്തെ വാക്കുകള്‍ എന്നില്‍ മാത്രമല്ല എത്രയോ സമുദായാംഗങ്ങളിലാണ് അതിന്റെ പ്രതിസ്ഫുരണം ഉണ്ടായത് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഒറ്റവാക്കില്‍പറഞ്ഞാല്‍ പാഴ് വാക്കുകളാകാത്ത നമ്മുടെ കുന്നശ്ശേരിപിതാവ് ഒരു മഹാ പ്രതിഭതന്നെ ആയിരുന്നു.

1968 മുതല്‍ 1974 വരെ കോട്ടയം രൂപതയുടെ സഹായമെത്രാനായും തുടര്‍ന്ന് 2005 വരെ രൂപതാദ്ധ്യക്ഷനായും 2006 വരെ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായും അജപാലന ശുശ്രൂഷ ചെയ്ത കുന്നശ്ശേരി പിതാവിന്റെ കാലഘട്ടം അതീവ സുന്ദരമായിരുന്നു. സഭാസമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്ക്കും ക്‌നാനായ സമുദായത്തിന്റെ സമഗ്രമായ ഉന്നമനത്തിനും ദീര്‍ഘവീക്ഷണത്തിനും സമര്‍പ്പണ മനോഭാവത്തിനും ഒരു ചരിത്രകാരനും മറിച്ചൊരഭിപ്രായം പ്രകടിപ്പിക്കുക സാധ്യമല്ല. ഭാരതത്തിലെ വൈവിദ്ധ്യങ്ങളിലെ ഏകത്വത്തെ ദര്‍ശിക്കുവാനും നാനാജാതി മതസ്തരെ സ്‌നേഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയ മതനേതാക്കന്മാരേയും ഏത് അര്‍ത്ഥരാത്രിയിലും സല്‍ക്കാരങ്ങള്‍ നല്‍കി ബിഷപ്പ് ഹൗസില്‍ സ്വീകരിക്കുവാനും എല്ലാവരുമായി സ്‌നേഹബന്ധം പുലര്‍ത്തുവാനും അങ്ങനെ ക്‌നാനായ സമുദായത്തിന്റെ സഹകാഹോദര്യത്തെ ജനമധ്യത്തില്‍ പ്രഘോഷിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ 1986 ഫെപ്രുവരി 8 ന് കോട്ടയം ബിഷപ്പ് ഹൗസില്‍ സ്വീകരിക്കുവാന്‍ പിതാവിന് സാധിച്ചത് രൂപതയ്ക്ക് എന്നും അഭിമാനകരമായി.

പാവങ്ങളോടും രോഗികളോടും പിതാവിന് പ്രത്യേകമായ ഒരു കരുതല്‍ സ്‌നേഹമുണ്ടായിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയിലൂടെ ജാതിവര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ലാതെ അനേകര്‍ക്ക് സഹാ  യമെത്തിക്കാന്‍പിതാവിന് കഴിഞ്ഞിട്ടുണ്ട്. കാരിത്താസ് ആശുപത്രി, കാരിത്താസ് കാന്‍സര്‍ഇന്റ്‌റിറ്റിയൂട്ട്, കാരിത്താസ് ആയുര്‍വേദ ആശുപത്രി, അനേകം സ്‌കൂളുകളും കോളജുകളും കടുത്തുരുത്തി  മേരിമാതാ ഐ.റ്റി.സി ഉള്‍പ്പെടെയുള്ള  ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി എവിടെയെല്ലാം ദൈവത്തില്‍ പ്രത്യാശവച്ച് കൈകള്‍ വച്ചുവോ അവിടെ നിന്നെല്ലാം നൂറ്‌മേനി ഫലം കൊയ്യുവാൻ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ നല്ല മനസ്സിന്റെ പരിണതഫലമായിരുന്നു.ക്‌നാനായ സമുദായത്തെ നേരിട്ട് നാല്‍പ്പത് വര്‍ഷക്കാലം അതിന്റെ തനിമയിലും ഒരുമയിലും നയിക്കുവാന്‍ നേതൃത്വം നല്‍കിയ ധി ക്ഷണാശാലിയായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശ്ശേരി .ഇടയന്‍ ആടുകളെ പേര് ചൊല്ലി വിളിച്ചിരുന്നതുപോലെ ഒരിക്കല്‍കണ്ട ഏതൊരു മുഖവും മറക്കാതെ വര്‍ഷങ്ങള്‍ എത്രകഴിഞ്ഞാലും പേര് ചൊല്ലിവിളിച്ചിരുന്ന പിതാവിന്റെ ഗോത്രസ്‌നേഹം നമുക്ക് മറക്കാനാവില്ല. വിവാഹാവസരത്തിലോ മൃതസംസ്‌കാര ശുശ്രൂഷാ വേളയിലോ ഒക്കെ സ്വന്തം ജനത്തെ കണ്ട് കുശലാന്വേഷണം നടത്തുന്ന പിതാവിന്റെ സമുദായ സ്‌നേഹം വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ല. കെ.സി.വൈ.എല്‍., കെ.സി.ഡബ്ല്യു എന്നിവയെ പരമാവധി പ്രോത്സാഹിപ്പിച്ചുകൊണ്ട് സമുദായ സ്‌നേഹം ഊട്ടി ഉറപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭാരതത്തിന് വെളിയിലുള്ള ക്‌നാനായ മക്കളെ ഒന്നിച്ച് നിര്‍ത്തുവാന്‍ കാലാകാലങ്ങളില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുപോന്നു.

ആത്മീയ വളര്‍ച്ചക്കായി അദ്ദേഹം നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. അനേകം പള്ളികള്‍, സമര്‍പ്പിത കേന്ദ്രങ്ങള്‍, പാസ്റ്ററല്‍ സെന്റര്‍, തൂവാനീസാ ധ്യാനകേന്ദ്രം മൈനര്‍ സെമിനാരികള്‍ എന്നിവ സ്ഥാപിച്ചു. വിശുദ്ധ പത്താംപീയൂസിന്റെ നാമധേയത്തിൽ മിഷനറി സൊസൈറ്റി ,വെല്ലോംബ്രോസ് സന്ന്യാസ  സഭ, വിശുദ്ധ ജോണ്‍ ഗ്വാല്‍ ബര്‍ട്ടിന്റെ കൊച്ച്മക്കളുടെ സഭ ഇവയൊക്കെയും പിതാവിന്റെ കര്‍മ്മഭൂമിയിലെ ചില തെളിവുകള്‍ മാത്രം. 2005 ല്‍ കോട്ടയം രൂപതയെ അതിരൂപതയായി ഉയര്‍ത്തുവാന്‍ ഇടയായതും പിതാവിന്റെ ശ്രമഫലം ഒന്ന് കൊണ്ട് മാത്രമായിരുന്നു.കടുത്തുരുത്തി വലിയപള്ളി ഇടവകയിലെ കുന്നശ്ശേരി കുടുംബത്തില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1928 സെപ്തംബര്‍ 11 ന് അദ്ദേഹം ജനിച്ചു. കടുത്തുരുത്തി ,തിരുഹൃദയക്കുന്ന് എന്നിവടങ്ങളില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തിരുഹൃദയക്കുന്നിലുള്ള മൈനര്‍ സെമിനാരി പഠനത്തിന് ശേഷം ആലുവ മംഗലപുഴ സെമിനാരിയില്‍ തത്വശാസ്ത്രവും റോമിലെ പ്രൊപ്പഗന്താ കോളജില്‍ ദൈവശാസ്ത്രവും പഠിച്ച് 1955 ഡിസംബര്‍ 21ന്  കര്‍ദ്ദിനാള്‍ ക്ലെമന്റ് മിക്കാറില്‍നിന്ന് വൈദിക പട്ടം സ്വീകരിച്ചു. പിറ്റേദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുള്ള വിശുദ്ധ പത്താം പീയൂസിന്റെ അള്‍ത്താരയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷയേറ്റും ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. രണ്ട് വര്‍ഷത്തിനു ശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. 1967 ഡിസംബര്‍ 9-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപതയുടെ അഡ്ജത്തോര്‍ മെത്രാനായും നിയമിച്ചു. 1968 ഫെബ്രുവരി 24 ന് തിരുഹൃദയക്കുന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് മെത്രാഭിഷേകം നടത്തി. പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാക്‌സ് മില്യന്‍ ഫ്യൂസ്റ്റന്‍ ബര്‍ഗായിരുന്നു പ്രധാന കാര്‍മ്മികന്‍. 1974 മെയ് 5 ന് മാര്‍ തോമസ് തറയിൽ വിരമിച്ചതിനെ തുടർന്ന് മാർ കുര്യാക്കോസ് കുന്നശ്ശേരി രൂപതയുടെ സാരഥ്യം ഏറ്റെടുത്തു. 2005 മെയ് 9ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായി 2006 ജനുവരി 14 ന് മെത്രാൻ ശുശ്രൂഷയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് കാരിത്താസിനടുത്തുള്ള ബി.റ്റി. എമ്മിനോട് ചേര്‍ന്നുള്ള ഭവനത്തില്‍ താമസമാക്കി. 2017 ജൂണ്‍ 14 ന് കാരിത്താസ്  ആശുപത്രിയില്‍ വച്ച് ദൈവഭവനത്തിലേക്ക് യാത്രതിരിച്ചു.സ്‌നേഹത്തിന്റെ ,സാന്ത്വനത്തിന്റെ, ശിക്ഷണത്തിന്റെ, ശാസനയുടെ, പ്രോത്സാഹനത്തിന്റെ ഒരു ജന്മമായിരുന്നു പിതാവിന്റേത്. ധന്യമായ ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ ദിനങ്ങളില്‍ സ്വര്‍ഗത്തിലിരുന്ന് പിതാവ് നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് എന്തായിരിക്കും? പത്ത് ദൈവപ്രമാണങ്ങളും ഏഴ് കൂദാശകളും സ്വവംശവിവാഹനിഷ്ഠയും പരസ്പര പൂരകങ്ങളായി പാലിക്കുവാന്‍ വരും തലമുറയെ പ്രാപ്തരാക്കുക എന്നതായിരിക്കും. അതെ അത് തന്നൊയിരിക്കും. വന്ദ്യപിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ക്നാനായ പത്രത്തിന്റെ സ്‌നേഹ പ്രണാമം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.