തുറിച്ച് നോട്ടവും, കുറ്റപ്പെടുത്തലും.

ഒരു ദേവാലയത്തിലെ കുമ്പസാരക്കൂട്ടിൽ ഏതാനും ദിവസം മാത്രം പ്രായമുള്ള തങ്ങളുടെ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത ഒരു വാർത്ത ഒരു ഭാരമായി ഏവരുടെയും മനസ്സിലുണ്ടാവും. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുവാൻ ആ മാതാപിതാക്കൾ പറഞ്ഞ കാരണം, കൂട്ടുകാർ കളിയാക്കുന്നു എന്നതാണ്. കുട്ടികളുടെ എണ്ണം കൂടി പോയി എന്നതാണ് ആ കളിയാക്കലിന് കാരണം. കുടുംബം ,കുട്ടികൾ മുതലായവയൊക്കെ തികച്ചും ഒരു വ്യക്തിയുടെ സ്വകാര്യതയാണ് എന്നതിൽ തർക്കമുണ്ടാവില്ല. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു നിശ്ചിത കാലഘട്ടം കഴിഞ്ഞാൽ കുടുംബത്തിലുള്ളവരെക്കാൾ ഇത്തരം സ്വകാര്യ കാര്യങ്ങളിൽ ആകാംക്ഷ കാണിക്കുന്നത് മറ്റുള്ളവരാണ്. ചിലരാവട്ടെ ഒരുപടികൂടി കടന്ന് ഉപദേശിക്കാനും മടികാണിക്കാറില്ല. സ്വന്തം കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യത്തിൽ പോലും ഒരു വ്യക്തിക്ക് ഉണ്ടാവേണ്ട സ്വാതന്ത്ര്യം അയാൾക്ക് പൊതുസമൂഹം നൽകുന്നില്ല എന്ന് തന്നെ വേണം കരുതാൻ. കുട്ടികൾ ഉണ്ടാകുവാൻ താമസിച്ചാൽ ചോദ്യങ്ങൾ, പെട്ടെന്ന് ആയാൽ കളിയാക്കൽ, കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞാൽ പ്രശ്നം, കൂടിയാൽ അതിലും പ്രശ്നം. കുട്ടികളുടെ എണ്ണം കൂടാൻ പാടില്ല. കുറഞ്ഞാൽ, അതും പാടില്ല. സമൂഹം നിഷ്കർഷിക്കുന്ന രീതിയിൽ ജീവിച്ചില്ല എങ്കിൽ ആ വ്യക്തിക്കുണ്ടാകുന്ന മാനസിക വ്യഥയുടേയും നിസ്സഹായവസ്ഥ യുടെയും ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കുഞ്ഞിനെ ഉപേക്ഷിച്ച ഈ സംഭവം. കുട്ടികളുടെ എണ്ണം നാട്ടുകാരുടെ കണക്കുകൂട്ടലിൽ നിന്നും കൂടിയപ്പോൾ ഉണ്ടായ കളിയാക്കലുകളും ഒറ്റപ്പെടുത്തലിന്റെയും ബാക്കിയായാണ് കുഞ്ഞിനെ ഉപേക്ഷിക്കുവാനുള്ള തീരുമാനം ആ മാതാപികാക്കൾ എടുത്തത്.സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച ക്രൂരരായ മാതാപിതാക്കൾ ആയാണ് ഇപ്പോൾ പൊതു സമൂഹം അവരെ നോക്കി കാണുന്നത്. എന്നാൽ ഈ അവസ്ഥയിലേക്ക് ആ മതാപിതാക്കളെ തള്ളിവിട്ടത് നാം ഓരോരുത്തരും തന്നെയാണ് എന്നത് ഏവരും സ്വകര്യപൂർവ്വം മറക്കുന്നു. അഞ്ചോ ആറോ ഏഴോ കുട്ടികളുമായി നടന്നുപോകുന്ന മാതാപിതാക്കളെ ഒരിക്കലെങ്കിലും നിങ്ങൾ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് എത്ര ആളുകൾക്ക് പറയുവാൻ സാധിക്കും? ഈ തുറിച്ചുനോട്ടവും ഒരു ഒറ്റപ്പെടുത്തൽ തന്നെയാണ്. ഒട്ടുമിക്ക എല്ലാ മതങ്ങളും ഗർഭനിരോധനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് , കുഞ്ഞുങ്ങൾ ദൈവദാനം ആണെന്നും ആ ദാനം ഏറ്റുവാങ്ങി ജീവിക്കണമെന്നും പഠിപ്പിക്കുന്നു. എന്നാൽ ഈ കുടുംബത്തിന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുവാനുള്ള കെൽപ്പില്ല എങ്കിൽ , അവരെ സഹായിക്കുവാൻ തയാറായി ഒരു മതങ്ങളും മുൻപോട്ട് വന്ന് കാണുന്നില്ല.

തെറ്റ് ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്ന ഉന്നതമായ ദൈവീക നീതിയാണ് ഈ സംഭവത്തിലും ഉയർത്തിപ്പിടിക്കേണ്ടത്. മൂന്നോ നാലോ അതിൽക്കൂടുതലോ കുട്ടികളുമായി പോകുന്ന മാതാപിതാക്കളെ നിങ്ങൾ ഒരിക്കെലെങ്കിലും  തുറിച്ചുനോക്കിയുട്ടുണ്ട് എങ്കിൽ, ഒരിക്കലെങ്കിലും മനസ്സിൽ ചിരിച്ചിട്ടുണ്ട് എങ്കിൽ, നമ്മളിൽ ഒരാൾക്കും കുഞ്ഞിനെ ഉപേക്ഷിച്ച ആ മാതാപിതാക്കളെ കുറ്റം വിധിക്കുവാനേ വിമർശിക്കുവാനോ അർഹതയില്ല എന്ന ചിന്ത നമ്മളിൽ ഉണ്ടാവണം. തുറിച്ചു നോക്കാത്തവർ കല്ലെറിയട്ടെ എന്ന് ആരെങ്കിലും പറഞ്ഞാൽ നം ഓരോരുത്തരായി ഇളിഭ്യരായി തിരിഞ്ഞു നടക്കുകയേ തരമുള്ളൂ എന്നതും ഓർക്കേണ്ടതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.