അവനവന്റെ കണ്ണിലെ പൊടി……… മറ്റുള്ളവരുടെ കണ്ണിലെ തടി…..

പ്രണയിച്ചതിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഒരു കൊലപാതകം നടന്നു. നിയമപരമായി വിവാഹം കഴിക്കുവാൻ തയാറായ അവരെ , ജീവിക്കാൻ അനുവദിക്കില്ല എന്ന വാശിയിൽ വരനെ നിഷ്ഠൂരം കൊന്നുകളഞ്ഞു. ഈ വാർത്ത ലോകമെമ്പാടും എത്തിച്ചതും , മലയാളി സമൂഹത്തിന് ഒരു ആത്മപരിശോധനയ്ക്ക് സമയമായി എന്ന സന്ദേശം നൽകുകയും ചെയ്തത് മാധ്യമങ്ങളാണ്, മാധ്യമ ചർച്ചകൾ കൊണ്ടാണ്. പൊതുസമൂഹത്തിൽ ഒരു ചർച്ചയ്ക്ക് ഈ കൊലപാതകം കാരണമായിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും ദൃശ്യ പത്ര മാധ്യമങ്ങളുടെ പങ്ക് വലുതാണ്.ഇരുപത്തിരണ്ടാം വയസ്സിൽ തന്റെ സ്വന്തക്കാരാൽ വിധവ ആക്കപ്പെട്ട, കരഞ്ഞു തളർന്ന, ഒരു ദിവസം പോലും തൻറെ ഭർത്താവിനോടൊപ്പം ജീവിക്കാൻ കഴിയാതെ പോയ പെൺകുട്ടിയോട് ഒരു മാധ്യമപ്രവർത്തക ചോദിച്ച ചില ചോദ്യങ്ങൾ ഏതാനും സാധാരണക്കാരിൽ എങ്കിലും അസ്വസ്ഥതയുണ്ടാക്കി എന്നത് പറയാതെ വയ്യ. വ്യക്തിപരമായി ഈ പ്രവർത്തി ചെയ്ത മാധ്യമപ്രവർത്തകയുടെ ചെയ്തിയെ വിമർശിക്കൽ അല്ല നാം ചെയ്യേണ്ടത് , മറിച്ച് നമ്മളിൽ ചിലരെങ്കിലും ഇങ്ങനെ ചെയ്യാറില്ലേ എന്ന പരിശോധനയാണ് നാം നടത്തേണ്ടത്. കേട്ടാൽ കേൾവിക്കാർക്ക് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ നമ്മളിൽ പലരും ചോദിക്കാറില്ലേ? അവധിക്ക് വന്ന പ്രവാസികളോടും പട്ടാളക്കാരോടും അങ്ങനെ പലരോടും ഏറ്റവും ആദ്യം ചോദിക്കുന്ന ചോദ്യം , എന്നാ പോകുന്നത് എന്നതാണ്. രോഗം ബാധിച്ച് ചികിത്സ കഴിഞ്ഞു വന്ന ഒരാളെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ആദ്യം ചോദിക്കുന്നത് ക്യാൻസറാണ് അല്ലേ? അറിഞ്ഞായിരുന്നു,എന്നതാവും. 30 – 33 വയസ്സ് കഴിഞ്ഞ അവിവാഹിതരോട് കല്യാണം ആയില്ല അല്ലേ? എന്ന് ചോദിക്കുവാൻ ഒരു മടിയും നമ്മൾ കാണിക്കാറില്ല. പഠനം പൂർത്തിയാക്കി പരീക്ഷാഫലവും സർട്ടിഫിക്കറ്റും ലഭിക്കുവാനുള്ള കാലതാമസത്തിൽ വീട്ടിൽ വന്നു താമസിക്കുന്ന ചെറുപ്പക്കാരോട് ജോലി ഒന്നും ആയില്ലേ ? പുറത്തേക്കൊന്നും നോക്കുന്നില്ലേ ? കൂട്ടുകാരൊക്കെ പോയല്ലോ? ഈ വക ചോദ്യങ്ങൾ ഒരു മടിയും കൂടാതെ ചോദിക്കുവാനും നമ്മളിൽ ചിലർക്ക് മാത്രമേ സാധിക്കൂ.

          നമ്മളിൽ പലരും കുശലാന്വേഷണങ്ങൾ എന്നുകരുതി ചോദിക്കുന്ന ഇത്തരം ചോദ്യങ്ങൾ എത്രമാത്രം അലോസരവും മാനസിക അസ്വസ്ഥതയുമാണ് കേൾവിക്കാരിൽ ഉണ്ടാക്കുന്നത് എന്ന് പലരും ഓർക്കാറില്ല. നാട്ടുകാർ അതുമിതും ചോദിക്കും എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുന്ന പല ചെറുപ്പക്കാരെയും നമുക്കുതന്നെ അറിയാമായിരിക്കും. അല്ലെങ്കിൽ നമ്മളിൽ ചിലർക്കെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നിരിക്കാം. നമ്മൾ നാട്ടുനടപ്പിന്റെ പേരിൽ ചോദിച്ച കാര്യങ്ങൾ തന്നെയാണ് ആ മാധ്യമപ്രവർത്തക അവരുടെ ജോലിയുടെ ഭാഗമായി ചോദിച്ചത്. ഇതിന്റെ പേരിൽ ആ മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സൈബർ പോരാളികൾ തങ്ങളുടെ വൃത്തികെട്ട മാനസികാവസ്ഥ സോഷ്യൽ മീഡിയയിൽ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. തങ്ങൾക്ക് ആരോടും എന്തും എപ്പോഴും ചോദിക്കാം, പക്ഷേ തങ്ങളോട് ആരും ഒന്നും ചോദിക്കരുത്. എന്തൊരു ഇരട്ടത്താപ്പും അസഹിഷ്ണുതയും ആണിത്?

        സ്വന്തം പെങ്ങളെ ഇരുപത്തിരണ്ടാം വയസ്സിൽ വിധവ ആക്കിയതും, പെങ്ങളുടെ ഭർത്താവിനെതിരെ കൊട്ടേഷൻ കൊടുത്തതും, മകനും അപ്പനും കൊലക്കുറ്റത്തിന് പ്രതികളായി ജയിലിൽ പോയതും, കുടുംബത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുവാൻ ആണ് എന്ന പൊതുബോധമാണ് സങ്കടകരം. പ്രതിപ്പട്ടികയിലെ ആദ്യസ്ഥാനങ്ങളിൽ ആ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആണ് എങ്കിലും ,കൊലപാതക പ്രേരണാ കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെടേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. മകൾ ഒളിച്ചോടി പോയി അല്ലേ? , ജോലിയൊക്കെ ഉള്ളവന്റെ കൂടെ ആണോ പോയത്? , വിവാഹം കഴിഞ്ഞോ?, പയ്യന്റെ വീട്ടിൽ ചുറ്റുപാടൊക്കെ ഉണ്ടോ?, എന്നാലും ആ പെൺകൊച്ചിനെ കണ്ടാൽ പറയോ ഇങ്ങനെയൊക്കെ കാണിക്കും എന്ന്?, പയ്യന്റെ വീട്ടുകാര് നമ്മുടെ കൂട്ടരാണോ?, വളർത്തു ദോഷം എന്നല്ലാതെ എന്ത് പറയാനാ….ഈ വക ചോദ്യങ്ങൾക്കും പുറമേ ഈ കാര്യം അറിയാത്ത ഏതാനും ആളുകളെ കൂടി അറിയിക്കുവാൻ പരിശ്രമിക്കുന്ന മനാസിക അവസ്ഥയിൽ ജീവിക്കുന്ന നമ്മളിൽ ചിലരെങ്കിലും തന്നെയാണ് ഈ കൊലപാതകക്കേസിലെ കൂട്ട് പ്രതികൾ.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.