അപ്പത്തിന് പകരം തേളിനെ കൊടുക്കുന്ന മാതാപിതാക്കൾ………

പിതാവിന്റെ മദ്യപാനത്തിൽ മനം നൊന്ത് 17 കാരൻ തൂങ്ങിമരിച്ചു. അച്ഛൻ എന്റെ ചിത കത്തിക്കരുത്, മദ്യപാനം നിർത്തണം, എന്നിവയായിരുന്നു ആത്മഹത്യാ കുറിപ്പിലെ മകന്റെ പിതാവിനോടുള്ള ആവശ്യങ്ങൾ. അഞ്ഞൂറിൽ 464 മാർക്ക് വാങ്ങിയ പഠനത്തിൽ കഴിവ് തെളിയിച്ച മിടുക്കൻ. ഞായറാഴ്ച എൻട്രൻസ് പരീക്ഷ എഴുതുവാൻ ഒരുങ്ങിയിരിക്കുക യായിരുന്നു ആ വിദ്യാർത്ഥി. മാതാപിതാക്കളുടെ മദ്യപാന ശീലത്തിന്റെ രക്തസക്ഷി പട്ടികയിലേക്ക് ഒരാൾകൂടി.മദ്യപാനം ഒരു ദുശീലമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവാനിടയില്ല. ചില കുടുംബങ്ങളിൽ എങ്കിലും മദ്യപാനം ഒരു ശീലമാണ് എന്ന് പറഞ്ഞ് അഭിമാനിക്കുന്നവരും ഉണ്ട്. മാതാപിതാക്കളുടെ മദ്യപാനം, ശീലം ആയാലും ദുശ്ശീലം ആയാലും അത് കുടുംബങ്ങളിലെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തേയും വ്യക്തിത്വ വികാസത്തെയും ബാധിക്കുമെന്നതിൽ സംശയമില്ല. എല്ലാദിവസവും പതിവായി മദ്യപിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടായേക്കാവുന്ന പഠന വൈകല്യങ്ങളും നമ്മൾ ഓർക്കേണ്ടതുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉണ്ടായേക്കാവുന്ന സർവ്വസാധാരണമായ ചില അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും വലിയ ബഹളങ്ങളിലേക്കും  കയ്യേറ്റങ്ങളിലേക്കും  നീങ്ങുവാൻ മദ്യപാനവും കാരണമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന കുടുംബങ്ങളിലെ കുട്ടികളിൽ, സമൂഹത്തെ മോശമായി ബാധിക്കാവുന്ന ശീലങ്ങളും പെരുമാറ്റങ്ങളും ഉണ്ടായേക്കാം എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്.

     ഏതാനും ദിവസങ്ങൾക്ക് മുൻപ്, തന്റെ അവിഹിതബന്ധം വീട്ടുകാർ അറിയാതിരിക്കുവാൻ കുടുംബാംഗങ്ങളെ ഓരോരുത്തരായി കൊലപ്പെടുത്തിയ യുവതിയുടെ അറസ്റ്റ് വാർത്തകളിൽ നിറഞ്ഞത്  നമുക്കറിയാം. എലിവിഷം കുറേശ്ശെ കുറേശ്ശെ ഭക്ഷണത്തിൽ കലർത്തി നൽകി, കുടുംബാംഗങ്ങളെ കൊലപ്പെടുത്തുവാൻ ഉള്ള ക്രിമിനൽ ബുദ്ധി യുവതി ആർജിച്ചത് സീരിയലുകളിൽ നിന്നാണ് എന്നത്, സീരിയലുകൾക്ക് മനുഷ്യമനസ്സുകളിൽ ഉണ്ടാക്കാവുന്ന  സ്വാധീനത്തെയാണ് കാണിക്കുന്നത്. പുരുഷന്മാരിൽ മദ്യപാനം എന്നതുപോലെതന്നെ സ്ത്രീകളിലെ വളർന്നുകൊണ്ടിരിക്കുന്ന ദുശ്ശീലമാണ് സീരിയൽ അടിമത്വം. ന്യൂനപക്ഷ കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ സാമാന്യവൽക്കരിച്ച്, എല്ലാ കുടുംബങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്ന പൊതുബോധം ചില സീരിയൽ കഥകളെങ്കിലും പ്രേക്ഷകരിൽ  ഉണ്ടാക്കുന്നുണ്ട്. അമ്മായിയമ്മ മരുമകൾ കലഹം, കുടുംബത്തിനുള്ളിലും പുറത്തുമായുള്ള അവിഹിത ബന്ധങ്ങൾ, നീണ്ടുനിൽക്കുന്ന ഗർഭകാലം, സംസാരിക്കാൻ പോലും അവകാശമില്ലാത്ത ഭർത്താക്കന്മാരും ആൺമക്കളും, ഇത്രയുമൊക്കെ ചേരുവകൾ ഉണ്ടെങ്കിൽ ഒരു സീരിയൽ കഥയായി എന്ന പരമാർത്ഥം പൊതുസമൂഹം ആശങ്കയോടെയാണ് കാണേണ്ടത്. ഇതാണ് കുടുംബം, ഇത്തരത്തിലാണ് കുടുംബബന്ധങ്ങൾ, എല്ലാ കുടുംബങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആണ് നടക്കുന്നത്, എന്നൊക്കെയുള്ള ഒരു തോന്നൽ സീരിയൽ പ്രേക്ഷകർക്കിടയിൽ ചില സീരിയലുകൾ എങ്കിലും ഉണ്ടാക്കുന്നുണ്ട്.കൗമാരക്കാരായ വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ അനുഭവിക്കുന്ന മാനസിക വ്യഥയുടെ കാരണങ്ങളിൽ ഒന്നാമത്തേത് പിതാവിൻറെ മദ്യപാനശീലം ആണെങ്കിൽ, രണ്ടാമത്തേത് മാതാവിന്റെയോ മറ്റു കുടുംബാംഗങ്ങളുടെയോ സീരിയൽ അടിമത്വമാണ്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളോടൊപ്പം അവരുടെ വിശേഷങ്ങൾ കേൾക്കുവാനോ അവരോടൊപ്പം സമയം ചിലവഴിക്കുവാനോ കഴിയാത്ത മാതാപിതാക്കൾ, അവരവരുടെ ചേയ്തികൾ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

   കൗമാരക്കാരായ തങ്ങളുടെ മക്കൾ പറഞ്ഞാൽ അനുസരിക്കുന്നില്ല, രാത്രിയിൽ ഒട്ടേറെ താമസിച്ച് വീട്ടിൽ വരുന്നു, പഠനത്തിൽ താൽപര്യം കാണിക്കുന്നില്ല, കൂട്ടുകാരോടൊപ്പം ദുശ്ശീലങ്ങൾക്ക് അടിമകളാകുന്നു, മുതലായ പതിവു പരാതികൾ പറയുന്ന മാതാപിതാക്കൾ സന്ധ്യാപ്രാർത്ഥനയുടെ സമയത്ത് സീരിയൽ കാണുന്ന ശീലം തങ്ങൾക്കും ഉണ്ടോ? ഭാര്യയോടും കുട്ടികളോടുമൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാതെ സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുകൂടൽ കൾക്ക് പ്രാധാന്യം കൊടുക്കുന്ന പിതാവാണോ താൻ? മുതലായ ചോദ്യങ്ങൾ സ്വയം ചോദിച്ചതിനു ശേഷം തങ്ങളുടെ കുട്ടികളുടെ സ്വഭാവ വൈകല്യങ്ങളുടെ മറ്റുകാരണങ്ങൾ അന്വേഷിക്കുന്നതാവും ഉചിതം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.