ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതി പ്ലാറ്റിനം ജൂബിലി റാലി

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ പരിസമാപ്തി. കണ്ണൂര്‍ ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പ്ലാറ്റിനം ജൂബിലി  സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി  പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ക്‌നാനായ സമുദായം കേരളത്തിന് നല്‍കിയ സംഭാവന അവിസ്മരണീയമെന്ന്  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.അനുഭവിച്ച ദൈവസ്‌നേഹം പകര്‍ന്ന് നല്‍കിയ സമൂഹമാണ് ക്‌നാനായ സമുദായം എന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ സ്വാഗതം അര്‍പ്പിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍ ജോര്‍ജ്ജ് ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതില്‍ ക്‌നാനായ സമുദായം വഹിക്കുന്ന പങ്ക് വലുതാണ് എന്ന് അദ്ദേഹം പറഞ്ഞു. ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി കര്‍മ്മ പദ്ധതിയുടെ സമര്‍പ്പണം മാര്‍ ജോര്ജ് ഞറളക്കാട്ട് നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മലബാറിലെ വിവിധ ഇടവകകള്‍ ചേര്‍ന്ന് പ്ലറ്റിനം ജൂബിലി വര്‍ഷത്തില്‍ നടത്തിയ കലാമത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മടമ്പം ഫൊറോനയ്ക്ക്  കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയും,  കായിക മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മടമ്പം ലൂര്‍ദ്ദ് മാത ഇടവകയ്ക്ക് ഫൊറോനയ്ക്ക്  മാര്‍ മാത്യു മൂലക്കാട്ടും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടനം ശ്രീമതി ടീച്ചര്‍ എം.പി നിര്‍വ്വഹിച്ചു.  പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഷക  അവാര്‍ഡ് പി. കെ ശ്രീമതി ടീച്ചര്‍ എം.പി അവാര്‍ഡ് ജേതാവ് കെ.എം ജോര്‍ജ് കടന്തനംകുഴിയില്‍ ന് നല്‍കി. കോട്ടയം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. തോമസ്സ് ആനിമൂട്ടില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ ആന്‍ ജോസ് എസ്.വി.എം, കണ്ണൂര്‍ പാവാനാത്മാ വികാര്‍ പ്രോവിന്‍ഷ്യന്‍ ഫാ. സ്റ്റീഫന്‍ ജയരാജ്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്  സ്റ്റിഫന്‍ ജോര്‍ജ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ജെയിംസ്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജയ്‌നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കല്‍, സി.എം.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജിതിന്‍ മുതുകാട്ടില്‍, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. അബ്രാഹം പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു. 2.30 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്നും ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററിലേക്ക് നടത്തപ്പെട്ട ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി  റാലിയോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമായത്. റാലിയുടെ ഫാളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപത വികാരി ജനറല്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. ക്‌നാനായ തനിമയുടെയും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രഘോഷണമായി  നടത്തപ്പെട്ട റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.  

സമാപനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഏപ്രില്‍ 13-ാം തീയതി വെള്ളിയാഴ്ച മിഷിനറി സന്ന്യസ്ത സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു.   കോട്ടയം അതിരൂപതയില്‍പെട്ട എല്ലാ മിഷിനറിമാരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. കോട്ടയം

അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗ്വാളിയാര്‍ രൂപത മെത്രാന്‍ മാര്‍ തോമസ്സ് തെന്നാട്ട് എന്നിവര്‍ സംഗമത്തില്‍ സന്നിഹിതരായിരുന്നു. 

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 1943 ഫെബ്രുവരി 2-ാം തിയതി രാജപുരത്തേക്കും മെയ് മാസം 6-ാം തിയതി മടമ്പത്തേക്കും നടത്തപ്പെട്ട ഐതിഹാസികമായ ക്‌നാനായ മലബാര്‍ കുടിയേറ്റത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായത്. 2015 ഫെബ്രുവരി മാസം 2-ാം തിയതി കുടിയേറ്റ ഭൂമിയായ  രാജപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വിവിധ കമ്മിഷനുകളുടെയും ജൂബിലി കമ്മിറ്റിയുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിശ്വാസ – സമുദായ- സാമുഹിക തലങ്ങളിലുളള വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാക്കി കൊണ്ടുളള ക്രിയത്മകമായ കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.  യുവജന സംഗമം – ഐക്യം 2017, മാതൃ-പിതൃ സംഗമം, കുടിയേറ്റ പ്രേഷിത സംഗമം, എയ്ഞ്ചല്‍സ് മീറ്റ്, മതദ്ധ്യാപക സംഗമം, അധ്യാപക – അനധ്യാപക സംഗമം, ദൈവാലയ ശുശ്രുഷകരുടെ സംഗമം, മിഷിനറി സന്ന്യസ്ത സംഗമം, സമര്‍പ്പിത സംഗമം, വൈദിക സംഗമം, 75 വയസ്സിന് മുകളില്‍ പ്രായം ചെന്നവരുടെ സംഗമം, ജൂബിലി കലാ-കായിക മത്സരങ്ങള്‍, കുടിയേറ്റ പ്രേഷിത സംഗമങ്ങള്‍, ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, സാമുദായ ബോധവത്കരണ ക്ലാസുകള്‍, പ്ലാറ്റിനം ജൂബിലി ഭവന നിര്‍മ്മാണ പദ്ധതി, കാരുണ്യ സ്പര്‍ശം പദ്ധതി, പ്ലാറ്റിനം സ്റ്റാഴ്‌സ് പദ്ധതി, ജൈവഗ്രാമം പദ്ധതി, ആരോഗ്യ സംരക്ഷണ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വരുമാന സംരംഭകത്വ പദ്ധതി. തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ക്‌നാനായ കുടിയേറ്റ  പ്ലാറ്റിനം ജൂബിലിയെ അവിസ്മരണീയമാക്കി. മൂന്ന് വര്‍ഷം നീണ്ട് നിന്ന ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്തു                                                                  ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.