അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി പ്രസിദ്ധീകരിക്കുക. ''മറുപുറം'' എന്ന പേരിലുള്ള ഈ പംക്തി കൈകാര്യം ചെയ്യുന്നത് ലിജോ വണ്ടംകുഴിയിൽ ആണ്. ഇതിനുമുൻപും പല ലേഖനങ്ങളിലൂടെ ക്നാനായ പത്രത്തിന്റെ വായനക്കാർക്ക് പരിചിതനായ ശ്രീ. ലിജോ, അലക്സ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗവും വണ്ടംകുഴിയിൽ കുടുംബാംഗവും ആണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം യുഎഇയിലെ ഫുജൈറയിൽ  താമസിക്കുന്നു.മാറിക്കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ നാമേവരും ചിന്തയ്ക്ക് വിധേയമാക്കേണ്ട ചില വാർത്തകളുടെ വ്യത്യസ്തമായ ഒരു മറുപുറം ആവും ഈ പംക്തി. ''മറുപുറം'' ആദ്യ ലക്കം ഇന്ന് പ്രസിദ്ധികരിക്കുകയാണ് .മറുപുറത്തിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ [email protected] എന്ന ഇമെയിലേക്ക് അയച്ചു തരുവാൻ സ്നേഹപൂർവം ഓർമിപ്പിക്കട്ടെ .നിങ്ങളുടെ അഭിപ്രായങ്ങൾ എന്നും വ്യത്യസ്തവും പുതുമയും നിറഞ്ഞ കാര്യങ്ങൾ ആഗ്രഹിക്കുന്ന ക്നാനായ പത്രത്തിന് അത് വേണ്ടുവോളം  ഉപകരിക്കും എന്ന് സ്നേഹപൂർവം ഓർമ്മിപ്പിച്ചുകൊണ്ട് ലിജോ വണ്ടംകുഴിയിലിന്റെ മറുപുറത്തിന്റെ ഈ ലക്കം  പ്രിയ വായനക്കാർക്കായി  സമർപ്പിക്കുന്നു…….

അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

     വിശുദ്ധ പൗലോസ് അപ്പസ്തോലൻ അദ്ദേഹത്തിന്റെ ലേഖനത്തിൽ  പ്രതിപാദിക്കുന്ന ഒരു വാക്ക്യം ഉണ്ട്, ''ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി " എന്നതാണത്. ഞാനെന്റെ ഓട്ടം ഒന്നാമതായോ അല്ലെങ്കിൽ രണ്ടാമതായോ ആണ് പൂർത്തിയാക്കിയത് എന്ന് എവിടെയും അദ്ദേഹം പ്രതിപാദിച്ചിട്ടുമില്ല. അപ്പോൾ പൂർത്തിയാക്കുക എന്നത് തന്നെയാണ് പ്രധാനം.നമ്മുടെ സമൂഹം എല്ലാ സാമൂഹ്യ ജീവികൾക്കും അവരുടെ ഓട്ടം പൂർത്തിയാക്കുവാനുള്ള അവസരം കൊടുക്കുന്നില്ല എന്നതിന് ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ ഒരു സ്കൂളിൽ നടന്ന ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ.

    പഠിക്കുവാൻ അത്ര മിടുക്കനായിരുന്നില്ല അവൻ, എങ്കിലും എല്ലാ വിഷയങ്ങൾക്കും അവൻ വിജയിച്ചിരുന്നു. പത്താം ക്ലാസിലെ പുസ്തകങ്ങൾ വാങ്ങി, വർണ്ണക്കടലാസ് കൊണ്ട് പുസ്തകങ്ങൾ പൊതിഞ്ഞ്, നെയിം സ്ലിപ്പ് ഒട്ടിച്ചു പേരും എഴുതി, തന്റെ കൂട്ടുകാരോടൊപ്പം പുതിയ ക്ലാസ്സിൽ പഠിക്കുവാൻ തയ്യാറായ  ആ 14 വയസ്സുകാരനോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് പത്താംതരത്തിലെ പുസ്തകം തിരിച്ചുതരിക എന്നതായിരുന്നു. ഈ കുട്ടി, പത്താം ക്ലാസിൽ പഠിച്ച് പൊതുപരീക്ഷയിൽ വിജയിക്കുമോ എന്ന സംശയത്താൽ ആണ് സ്കൂൾ അധികൃതർ അപ്രകാരം ചെയ്തത്. താൻ ജീവിതത്തിലും ഒരു പരാജയമാണ് എന്നു കരുതിയാവാം അവൻ അവന്റെ ജീവിതം തന്നെ വേണ്ട എന്ന് വച്ചത്.

ഒന്നാംസ്ഥാനത്തോട് കൂടി വിജയിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ് ഈ ലോകം എന്ന മിഥ്യാധാരണ ചില അധ്യാപകർക്കും സ്കൂൾ അധികാരികൾക്കും തോന്നിയതിന്റെ ഫലമാണ് ഈ മനുഷ്യക്കുരുതി. ഒന്നാം സ്ഥാനം കിട്ടിയില്ല എങ്കിൽ എന്തോ വലിയ കുറവാണ് ജീവിതത്തിൽ സംഭവിക്കുന്നത് എന്ന സങ്കല്പം ചില മാതാപിതാക്കളും കുട്ടികളിൽ അടിച്ചേൽപ്പിക്കാറുണ്ട്.  പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്കു മുൻപ് ഒരു വിദ്യാർത്ഥി പോലും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലോ, തോറ്റു പോയതിന്റെ പേരിലോ ജീവിതം അവസാനിപ്പിച്ചതായ വാർത്തകൾ വളരെ വിരളമായിരുന്നു, എന്നതിന്റെ കാരണവും മാതാപിതാക്കൾ ആലോചിക്കേണ്ടത് തന്നെയാണ്. അടുത്ത വീട്ടിലെ കുട്ടിക്ക് കിട്ടിയ മാർക്കിനേക്കാൾ കൂടുതൽ മാർക്ക് വാങ്ങുവാൻ തന്റെ കുട്ടിയെ നിർബന്ധിക്കുന്ന രക്ഷകർത്താവും, ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഇരിക്കുവാനുള്ള സ്ഥലമാണ് ക്ലാസിലെ മുൻ ബെഞ്ചുകൾ എന്നു തീരുമാനിക്കുന്ന അധ്യാപകരും, 100% വിജയം ലഭിച്ചില്ലെങ്കിൽ സ്കൂളിന്റെ ഭാവി പോയി എന്ന് കരുതുന്ന സ്കൂൾ അധികാരികളും  തന്നെയാണ് പൊലിയുന്ന ഓരോ മനുഷ്യ ജീവന്റെയും ഉത്തരവാദികൾ.

            സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വാഭാവിക വ്യതിയാനങ്ങളും തോൽവി, ഒരു മഹാ പാപമാണ് എന്ന തെറ്റിധാരണ പരത്തുവാൻ കാരണമാകുന്നുണ്ട്. തോൽവി അല്ല എല്ലാത്തിന്റെയും അവസാനം എന്നത് നമ്മൾ പഠിച്ചത് കളിസ്ഥലങ്ങളിൽ നിന്നുമാണ്. കളിയുടെ അവസാനം വരെ വിജയിക്കുവാൻ പരിശ്രമിക്കുക,  പരാജയപ്പെട്ടാൽ വിജയിച്ച ടീമംഗങ്ങളെ തോളിൽ തട്ടി അഭിനന്ദിക്കുക,  തോൽവിയെ സഹിഷ്ണുതയോട് കൂടി നേരിട്ട് വീണ്ടും പരിശ്രമിക്കുക  മുതലായ ഒട്ടേറെ പാഠങ്ങൾ, കളിസ്ഥലങ്ങൾ നമുക്കു പകർന്നു തരുന്നുണ്ട്. ഓട്ട മത്സരങ്ങളിൽ ആദ്യത്തെ സ്ഥാനങ്ങൾ ആർക്കെങ്കിലും ലഭിച്ചു കഴിഞ്ഞാൽ ബാക്കിയുള്ള മത്സരാർത്ഥികൾ ഓട്ടം നിർത്തി ട്രാക്ക് വിട്ട് പോകാറില്ല. മറിച്ച്, ആ മത്സരം പൂർത്തിയാക്കിയിട്ടേ കളം വിടാറുള്ളൂ.കളിക്കളങ്ങളിലേയും, മത്സര ട്രാക്കുകളിലെയും മാതൃകയും, മാന്യതയും കുട്ടികൾക്ക് ജീവിതത്തിൽ മുതൽക്കൂട്ടാവേണ്ടവയാണ്. അതിനായി പഠനത്തിനായി  നിശ്ചയിക്കപ്പെട്ട സമയ ശേഷം കുട്ടികളെ കളിക്കുവാൻ മാതാപിതാക്കൾ അനുവധിക്കേണ്ടതാണ്. അവർ ജയിച്ചും തോറ്റും കളിക്കട്ടെ.., ആദ്യ സ്ഥാനങ്ങളിൽ വിജയിച്ചവർക്ക് മാത്രമാണ് ഈ ലോകം അവകാശപ്പെട്ടത് എന്ന മണ്ടൻ സിദ്ധാന്തം മാതാപിതാക്കൾ, തന്റെ മക്കളെ പഠിപ്പിക്കാതിരിക്കട്ടെ…

      തന്റെ മക്കൾക്ക് പഠനത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ, അടുത്ത വീട്ടിലെ കുട്ടിയുമായി താരതമ്യം ചെയ്യാതെ തന്റെ കുട്ടിയെ എങ്ങനെ പഠനം മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് ഓരോ അധ്യാപകരും മാതാപിതാക്കളും ചിന്തിച്ചു തുടങ്ങുന്ന സമയം മുതലേ, കുട്ടികൾ മികച്ച മാനസിക ആരോഗ്യമുള്ളവരായി ജീവിക്കാനും തുടങ്ങുകയുള്ളൂ.അവനും അവൾക്കും അവരുടെ ഓട്ടം പൂർത്തിയാക്കുവാനുള്ള അവകാശമുണ്ട്. അവർ ഒന്നാംസ്ഥാനത്തോ  രണ്ടാംസ്ഥാനത്തോ എത്തിയില്ല എങ്കിലും ഇടയ്ക്കുവെച്ച് ഓട്ടം അവസാനിപ്പിച്ച്  പോകാതെ, അവർക്കത്  പൂർത്തിയാക്കാനുള്ള സാവകാശം നമ്മൾ നൽകേണ്ടതാണ്. തന്റെ മക്കൾക്ക്, ചെറിയ ഒരു പനിയോ ജലദോഷമോ പോലുള്ള ഏതെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ പോലും, ഒട്ടേറെ ഉത്ഖണ്ഡയോട് കൂടി പ്രതികരിക്കുന്ന മാതാപിതാക്കൾ,  തന്റെ മക്കളുടെ മാനസിക ആരോഗ്യവും ഏറ്റവും കുറഞ്ഞ രീതിയിൽ എങ്കിലും പരിഗണിക്കണം എന്ന  യാഥാർഥ്യത്തിലേക്കാണ് ഓരോ വിദ്യാർഥി ആത്മഹത്യകളും വിരൽചൂണ്ടുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.