പ്രവാസി-കവിത

ജേക്കബ് കരികുളത്തിൽ

നിറം പിടിപ്പിച്ച സ്വപ്നങ്ങൾക്ക് വേണ്ടി
ഉറക്കം പണയം വെച്ച്
വിരഹത്തിന്റെ ഉമിത്തീയിൽ എരിഞ്ഞ്
ചൂടും വെളിച്ചവും നൽകി
കരിക്കട്ടയായ് കുപ്പത്തൊട്ടിയിൽ
വിശ്രമിച്ച് തീർക്കുന്നവൻ..

നാളെകൾക്ക് വേണ്ടി
ഇന്നുകൾ കടം കൊടുത്ത്
ഇന്നലെകളിലേക്ക് നോക്കി
നെടുവീർപ്പിടുന്നവൻ..

മരുഭൂമിയിലെ മരീചികൾ നോക്കി
പോയ കാലത്തെ
മഴക്കാലങ്ങൾ ചികഞ്ഞെടുത്ത്
കവിഞ്ഞൊഴുകുന്ന
തോടുകളിൽ
ആർത്ത് വിളിച്ച് നീന്തി നടക്കുന്നവൻ.

ഉപ്പു കൂട്ടി തിന്നുതീർത്ത
പച്ച മാങ്ങാ സ്മരണകൾ
ഉറവെടുപ്പിക്കുന്ന
ഉപ്പുരുചിയുള്ള ഉമിനീരിൽ
ദാഹം ശമിപ്പിക്കുന്നവൻ.

ഉള്ളിലുറങ്ങുന്ന
അഗ്നിപർവ്വതങ്ങളെ
ചെറുപുഞ്ചിരിയിലൊളിപ്പിച്ച്
ഇല്ലായ്മയെ
നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്ത്
അഭിമാനിയായ്
ജീവിക്കാർ വിധിക്കപ്പെട്ടവൻ…

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.