മലബാറിലെ ക്‌നാനായ ജനത നഞ്ചിലേറ്റിയ ചരിത്രയാത്രയുടെ 75 വര്‍ഷങ്ങള്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ (1943-2018)

കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും, ഐതിഹാസികവും, അതിസാഹസികവുമായ സംഭവങ്ങളിലൊന്നായിരുന്നു മലബാര്‍കുടിയേറ്റം. കുടിയേറ്റ പാരമ്പര്യത്തിന്റെ ചരിത്രം നെഞ്ചിലേറ്റുന്ന ഒരു ജനതയാണ് ക്‌നാനായ കത്തോലിക്കര്‍. എ.ഡി. 345 ല്‍ തുടങ്ങിയ ചരിത്രപരമായ കുടിയേറ്റത്തിന്റെ അതേ പുനസൃഷ്ടിപോലെ തന്നെയാണ് മലബാര്‍ കുടിയേറ്റവും. ഓരോ കുടിയേറ്റങ്ങളും ജനതയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കോ, അല്ലെങ്കില്‍ ക്രൈസ്തവസഭയുടെ നിലനില്‍പ്പിനോവേണ്ടിയായിരുന്നു എന്നത് ചരിത്ര സത്യം. ഭാരതസഭയിലെ ക്രൈസ്തവ സഹോദരങ്ങള്‍ നേരിടുന്ന സഭാ പ്രതിസന്ധിക്ക് പരിഹാരത്തിന് വേണ്ടിയും, കൂടാതെ വാണിജ്യാവശ്യത്തിനും വേണ്ടി ആയിരുന്നു ക്‌നായിതോമ്മായുടെ ആദ്യ പ്രേഷിതയാത്ര. 7 ഇല്ലങ്ങളില്‍പ്പെട്ട 72 കുടുംബങ്ങളില്‍പ്പെട്ട 400 ഓളം പേര്‍ക്കൊപ്പം ഉറഹായിലെ മാര്‍ യൗസേപ്പ് മെത്രാനും നാലുവൈദീകരും, ഏതാനും ശെമ്മാശന്മാരും ഈ യാത്രാസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. വാണിജ്യ ശ്രേഷ്ഠനായ ക്‌നായിത്തോമ്മയായിരുന്നു സംഘതലവന്‍. ക്‌നായിത്തോമായെയും സംഘത്തെയും സ്വീകരിക്കാന്‍ ചേരമാന്‍ പെരുമാള്‍ ഉണ്ടായിരുന്നു. ക്‌നായിത്തോമാക്ക് പ്രഭുപദവിയും 72 വീടുകള്‍ പണിയുവാനും കോട്ടകൊത്തളങ്ങള്‍ നിര്‍മ്മിക്കാനും ദൈവാലയം സ്ഥാപിക്കാനും സ്ഥലം നല്‍കുകയും 72 പദവികള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ആദ്യയാത്രയെ സ്വീകരിക്കാന്‍ തരിശുഭൂമികളും, വന്യജീവികള്‍ നിറഞ്ഞ കുറേയധികം വനപ്രദേശങ്ങളും മാത്രം. എങ്കിലും ആ തരിശുഭൂമിയില്‍ രക്തം വിയര്‍പ്പാക്കി പടുത്തുയര്‍ത്തിയതാണ് ഇന്ന് കാണുന്ന മലബാര്‍ മേഘലകള്‍.

കേരളചരിത്രത്തിന്റെ ഭാഗമായ ആദ്യമലബാര്‍യാത്ര

1943 ഫെബ്രുവരി 2-ാം തീയതി ബഹു. അഭിവന്ദ്യ ചൂളപ്പറമ്പില്‍പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്തിന്റെയും, ഫാ. മാത്യു ചെറുശ്ശേരിയുടെയും നേതൃത്വത്തില്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയിലെ രാജപുരം കോളനിയിലേക്കായിരുന്നു സംഘടിതമായആദ്യകുടിയേറ്റം. വി. പത്താം പീയൂസ് മാര്‍പ്പാപ്പ 191 ആഗസ്റ്റ് 29 ന് ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി കോട്ടയം രൂപത സ്ഥാപിച്ചു. അഭി. മാക്കീല്‍ പിതാവിന്റെ കൈകളിലേക്ക് പിറന്ന് വീണ കോട്ടയം രൂപതയെ വളര്‍ത്തി വലുതാക്കിയത് നമ്മുടെയെല്ലാം ബഹുമാനപ്പെട്ട മെത്രാന്മാര്‍തന്നെയാണ്. 1911 മുതലുള്ള കാലഘട്ടങ്ങള്‍ കോട്ടയം രൂപതയെ സംബന്ധിച്ചിടത്തോളം വളരെ കഷ്ടതകള്‍ നിറഞ്ഞത് തന്നെയായിരുന്നു. മാര്‍ മാക്കീല്‍ പിതാവിന് ശേഷം നിയമിതനായ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് സഭയെ കെട്ടിപ്പടുക്കുവാന്‍ ഒട്ടേറെ പരിശ്രമിച്ചു. അന്നത്തെ ബ്രിട്ടീഷ് ഭരണവും, നാട്ടുരാജാക്കന്മാരുടെ ഭരണവും, ക്രൈസ്തവരോടുള്ള പീഠനങ്ങളും സാമ്പത്തികവും കാര്‍ഷിക മേഘലയിലെ പ്രശ്‌നങ്ങളും പട്ടിണിയും തീണ്ടലും തൊടീലും എല്ലാം എല്ലാം കൊണ്ട് വീര്‍പ്പ്മുട്ടിയിരിക്കുന്ന കാലം, കൂടാതെ സ്വാതന്ത്രസമരങ്ങള്‍, ലഹളകള്‍, സത്യാഗ്രഹങ്ങള്‍ എല്ലാംകൊണ്ട് ജനം ആകെ പൊറുതിമുട്ടിയിരിക്കുന്ന കാലംകൂടി ആയിരുന്നു. തന്റെ മക്കളുടെ ഈ വിഷമതകള്‍ക്കെല്ലാം പരിഹാരംവേണമെന്ന് അഭി. പിതാവ് വളരെ ആഗ്രഹിച്ചു. മധ്യതിരുവിതാംകൂറിലെ ഈ ജീവിതസാഹചര്യത്തില്‍ നിന്നും കുറച്ച്കൂടി നല്ലജീവിതം ലഭിക്കുമെന്നുള്ള ഒരു ഉള്‍ക്കാഴ്ചകൊണ്ട് തന്നെയാകാം അഭി. ചൂളപ്പറമ്പില്‍ പിതാവ് മലബാര്‍ കുടിയേറ്റത്തിന് സാഹചര്യം ഒരുക്കിയത്. ആ കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ വിവിധ രൂപതകളില്‍നിന്നും ഒറ്റക്കും, ചെറിയ കൂട്ടങ്ങളായും മലബാറിലേക്ക് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ കുടിയേറിയിരുന്നു. എന്നാല്‍ ഒരു സംഘടിത കുടിയേറ്റം ഒരു പിതാവിന്റെ ആശീര്‍വാദത്തോടും പിന്തുണയോടും കൂടിനടന്നത് ക്‌നാനായക്കാരുടെ മാത്രമായിരുന്നു. കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ ക്‌നാനായക്കാരുടെ മലബാര്‍ കുടിയേറ്റം രേഖപ്പെടുത്തിയതില്‍ നമുക്ക് അഭിമാനിക്കാം.

എ.ഡി. 345 ല്‍ 72 കുടുംബങ്ങള്‍ ക്‌നായിത്തോമ്മായുടെ നേതൃത്വത്തില്‍ നടത്തിയ സാഹസികമായ യാത്രയുടെ അതേ പകര്‍പ്പ് പോലെതന്നെയാണ് ആദ്യമലബാര്‍ കുടിയേറ്റവും. മധ്യതിരുവിതാംകൂറിലെ കോട്ടയം രൂപതയില്‍പ്പെട്ട വിവിധ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 72 കുടുംബങ്ങള്‍ തങ്ങളുടെ ജന്മനാടിനെയും ഉറ്റവരെയും ഉടയവരെയും വിട്ട് തങ്ങള്‍ക്ക് വീതംകിട്ടിയ സ്വത്ത് വകകള്‍വിറ്റ് തോള്‍സഞ്ചിയും, പായും, തലയണയും, ചട്ടിയും, കൊട്ടയും, പണിയായുധങ്ങളും, തൂക്ക് വിളക്കും, വിവിധതരം വിത്തുകളും എല്ലാം എല്ലാം കൊണ്ട് നടന്നും കാളവണ്ടിയിലും ലോറിയിലും കല്‍ക്കരി തീവണ്ടിയിലും എല്ലാം മാറിമാറി കയറി കണ്ണൂര്‍, കാഞ്ഞാങ്ങാട് വഴി നടത്തിയ അവിസ്മരണീയമായതും, സാഹസികവുമായ ആദ്യയാത്ര. ആ 72 കുടുംബാംഗങ്ങളുടെ മനസ്സിലെ സ്വപ്‌നങ്ങളും, പ്രതീകങ്ങളും എത്രത്തോളം ആയിരുന്നു എന്ന് ഇപ്പോള്‍ നമുക്ക് ഒന്ന് സങ്കല്‍പ്പിച്ച് നോക്കാം.

ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും, നൊമ്പരങ്ങളുടെയും കഥകള്‍ പറയുവാനുണ്ടാകും. മധ്യതിരുവിതാംകൂറിന്റെ കാലാവസ്ഥകളില്‍നിന്നും തികച്ചും വ്യത്യസ്തമായപുതിയ അന്തരീക്ഷം വളരെ പ്രയാസകരമായിരുന്നു. ചുറ്റും കൊടുംവനം ആനയോടും മലമ്പാമ്പിനോടും മറ്റ് മൃഗങ്ങളോടും, കോളറപോലുള്ള മാരകരോഗങ്ങളോടുമെല്ലാം മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുക വളരെ വിഷമകരവും വേദനാജനകവുമായിരുന്നു. എങ്കിലും തങ്ങളുടെ വന്ദ്യപിതാവിന്റെ വാക്കുകളും, എപ്പോഴും പിന്തുണനല്‍കുന്ന ബഹു. വൈദികരുടെ സ്‌നേഹവും, സര്‍വ്വേശ്വരന്റെ അനുഗ്രഹങ്ങളുംകൊണ്ട് മലബാര്‍ ഇന്ന് മനോഹരമായ പ്രദേശങ്ങളാക്കി വളര്‍ത്തിക്കൊണ്ട് വന്നു. തങ്ങളുടെ കുടുംബത്തിന്റെ ഉന്നമനത്തോടൊപ്പം, ആധ്യാത്മികമായ വികാസവും, സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും പരിശ്രമിച്ചു. ഓരോ സ്ഥലങ്ങളിലും തങ്ങളുടേതായ പള്ളികള്‍ സ്ഥാപിച്ചു. അന്നത്തെ ബഹു. വൈദികര്‍ ഒരുപാട് കഷ്ടപ്പെടുകയും വിവിധസ്ഥലങ്ങളിലേക്ക് തങ്ങളുടെ ശുശ്രൂഷകളുടെ പൂര്‍ത്തീകരണത്തിനായി മാറിമാറിപ്പൊയ്‌ക്കൊണ്ടിരുന്നു. 1975 ല്‍ പെരിക്കല്ലൂര്‍പള്ളിയുടെ വികാരിയായ ബഹു. ഫിലിപ്പ് തൊടുകയില്‍ അച്ചന്‍ തന്റെ മലബാര്‍ ജീവിതത്തെക്കുറിച്ച് വികാരപരമായി പറഞ്ഞ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ ഇപ്പോള്‍ കടന്ന് പോകുന്നു. കോട്ടയത്തുനിന്നും ഒരിക്കല്‍ മലബാറിലേക്ക് പോയപ്പോള്‍ ബൈക്ക് ്പകടത്തില്‍പ്പെട്ടതും വൈദികവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് ഓടിക്കൂടിയ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യത്തോടെ തന്നെ ശുശ്രൂഷിച്ച കാര്യവും ഓര്‍മ്മിപ്പിച്ചു.

ആദ്യമലബാര്‍കുടിയേറ്റത്തിനുശേഷം 1952, 1960 കാലഘട്ടങ്ങളില്‍ വയനാട് ചുരം കടന്ന് പെരിക്കല്ലൂര്‍, തേറ്റമല, പുളിഞ്ഞാല്‍, വെള്ളമുണ്ട, ഭാഗങ്ങളിലേക്കും തുടര്‍ന്ന് കര്‍ണ്ണാടകയുടെ ഭാഗമായ കടമ്പ, ഹൈറേഞ്ച്, നിലമ്പൂര്‍, കീരിത്തോട്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭാഗങ്ങളിലേക്ക് എല്ലാം ക്‌നാനായ കുടുംബങ്ങള്‍ കുടിയേറിയിട്ടുണ്ട്. ആ കാലഘട്ടങ്ങളില്‍ എന്റെ പിതാവിന്റെ സഹോദരന്മാര്‍ തേറ്റമലക്കം, പയ്യാവൂര്‍, ചമതച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കുടിയേറ്റസ്ഥലങ്ങള്‍ എല്ലാം തന്നെ വികസനപാതയിലൂടെയാണ് നയിക്കുന്നത്. നമ്മുടെ പിതാക്കന്മാരുടെ പിന്തുണയും, ബഹു. വൈദികരുടെ സ്‌നേഹനിര്‍ദ്ദേശങ്ങളും, അത്മായ സംഘടനകളും, വിവിധ സന്യസ്ത സമൂഹത്തിന്റെ സഹായസഹകരണങ്ങള്‍ക്കൊണ്ട് തന്നെയാണ് ഓരോ വികസനങ്ങളും പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നത്.

മലബാര്‍ മേഖലകള്‍ ഫൊറോന ആയി വളര്‍ന്നിരിക്കുന്നു. പെരിക്കല്ലൂര്‍ ഫൊറോനയുടെ കീഴില്‍ 9 പള്ളികളും, രാജപുരം ഫൊറോനയുടെ കീഴില്‍ 13 പള്ളികളും ഉണ്ട്. കൂടാതെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സഭാസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എല്ലാം മലബാറിലെ ക്‌നാനായക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ത്തീകരണമായിക്കൊണ്ടിരിക്കുന്നു. കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്ന ബറുമറിയം പാസ്റ്ററല്‍ സെന്റര്‍വഴി ആണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കോട്ടയത്തുനിന്നും മലബാറിലേക്കുള്ള ദൂരം കൂടുതലാണെങ്കിലും മനസ്സുകൊണ്ടുള്ള അകലം കുറവ്‌കൊണ്ട്തന്നെയാണ് അഭി. പിതാക്കന്മാര്‍ മലബാറിലെ എല്ലാ വിശേഷാവസരങ്ങള്‍ക്കും എത്തിച്ചേരുന്നത്. മലബാറിന്റെ വികസനങ്ങള്‍ക്ക് ആദ്യകാലത്ത് നേതൃത്വം നല്‍കിയത് ബഹു. സ്റ്റീഫന്‍ ജയരാജ് അച്ചന്‍ തന്നെയാണ്. ഇന്നും മലബാറിലെ കുടുംബങ്ങള്‍ വളരെ നന്ദിയോടെതന്നെയാണ് ജയരാജ് അച്ചനെ കാണുന്നത്. മലബാറിലെ മക്കള്‍ നാട്ടില്‍ എന്ത് ആവശ്യങ്ങള്‍ ഉണ്ടെങ്കിലും ഓടിയെത്തും. എന്നാല്‍ നാട്ടിലുള്ളഴര്‍ മലബാറിലേക്ക് എന്തെങ്കിലും ആവഅശ്യങ്ങള്‍ ഉണ്ടെങ്കില്‍ പോകാന്‍ മനസ്സു അത്രകാണിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെ വിവാഹാലോചനകള്‍ വരുമ്പോള്‍ മലബാറിലേക്ക് വണ്ടികയറുവാന്‍ ഇപ്പോഴും മടികാണിക്കുന്നവരും ഉണ്ട്. ഇത് ഒരു സത്യംതന്നെയാണ്.

ജൂബിലി ആഘോഷങ്ങള്‍ക്ക് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു. അഭി. പിതാക്കന്മാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ കലണ്ടര്‍ പ്രകാശനം ചെയ്തിരിക്കുന്നു. അത്രമാത്രം ഈ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്നതില്‍ മലബാര്‍ മക്കള്‍ക്ക് അഭിമാനിക്കാം. തേനും പാലും ഒഴുകുന്ന കനാന്‍ ദേശംപോലെ മലബാറിലേക്ക് പുതിയ വികസനങ്ങളുടെ കര്‍മ്മപദ്ധതികള്‍ തയ്യാറായിരിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.