മഹാത്മാഗാന്ധി കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം

ലേവി പടപുരയ്ക്കല്‍


1948 ജനുവരി 30 ന് നാഥുറാം ഗോഡ്‌സെ എന്ന കിരാതന്റെ വെടിയേറ്റ് മരിച്ച ഭാരതത്തിന്റെ രാഷ്ട്ര പിതാവ് മാഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ രാഷ്ട്രനേകാക്കള്‍ വീണ്ടും പ്രണാമം അര്‍പ്പിക്കുമ്പോള്‍ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് ആഴമായ വിശകലനം പ്രസക്തമാണ്.ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ സമസ്യകള്‍ക്ക് എന്താണ് ഉത്തരം എന്നന്വേഷിക്കുമ്പോഴാണ് മഹാത്മാഗാന്ധിയുടെ നീമധേയം വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല നൈതിക രംഗത്തും ഭൗതിരംഗത്തും ആത്മീയരംഗത്തും സാമ്പത്തിക രംഗത്തും എന്നുവേണ്ട മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗാന്ധിമാര്‍ഗ്ഗം അന്യൂനവും അവിസ്മരണീയവും അദ്വിതീയവുമായിപ്രകാശിക്കുന്നു.
                                           പഴമയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും പൈതൃകങ്ങളില്‍ നിന്നും ഗാന്ധിജി സ്വയം ഉള്‍ക്കൊണ്ട നിരവധി അമൂല്യ ആശയങ്ങളാണ് ഗാന്ധിമാര്‍ഗ്ഗത്തെ രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും അവയിലെല്ലാം പ്രധാനമായി നില്‍ക്കുന്നത് അഹിംസയാണ്. അഹിംസാ പരമോ ധര്‍മ്മ എന്ന ഔപനിഷദിക വചനം സ്വാംശീകരിക്കാന്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷകള്‍ സാഫല്യം നേടുകയും താന്‍രൂപപ്പെടുത്തിയ ജീവിത ശൈലിയുടെ നെടുനായകമായി അത് മാറുകയും ചെയ്തു. ഉറവയില്‍ നിന്നുമുതിക്കുന്ന കുളിരരുവിയെപ്പോലെ അഹിംസയില്‍ നിന്ന് മനുഷ്യനന്മയുടെ ഉറവ പുറപ്പെടുകയായിരുന്നുവെന്നു പറയാം. അഹിംസ എന്നത് മറ്റൊരാളെ കൊല്ലാതിരിക്കലാണ് എന്നത് ഒരു സങ്കുലിത വീക്ഷണം മാത്രമാണ്. കൊല്ലാതിരിക്കലും  ഉപദ്രവിക്കാതിരിക്കലും മാത്രമല്ല അഹിംസ. പ്രായോഗിക ജീവിതത്തിലേക്ക് വരുമ്പോള്‍ അനേകം അടരുകളുള്ള അഗാധമായ അര്‍ത്ഥതലങ്ങളുള്ള ഒരു ആശയ പ്രപഞ്ചമാണത്. സഹജീവികളെ ശല്യപ്പെടുത്താതിരിക്കല്‍ എന്നതിനു പുറമേ അവരുടെ ജീവിതം സമ്പന്നവും സമ്പൂര്‍ണ്ണവും സന്തുഷ്ടവുമാക്കാന്‍ അവരുടെ സഹായിക്കല്‍ എന്ന ഒരു അര്‍ത്ഥവും ആ വാക്കിനുവന്നുചേരുന്നു. ജീവിക്കുക മാത്രമല്ല ജീവിക്കാന്‍ അനുവദിക്കുക മാത്രവുമല്ല ജീവിക്കാന്‍ സഹായിക്കുക എന്നിങ്ങനെ മേല്‍ക്കുമേല്‍ ഈ വീക്ഷണം വളരുന്നു. അതുകൊണ്ടാണ് അഹിംസയെ പരമമായ ധര്‍മ്മമാണെന്നു പറയുന്നത്.
                                       ഇന്ന് ലോകത്തുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ഹിംസാത്മകതയില്‍ നിന്ന് ഉദയംചെയ്യുന്നവയാണ്. ചൂഷണത്തിലധിഷ്ഠിതമായ ഏതൊരു ചിന്താഗതിയും ഹിസം തന്നെയാണ്. ചൂഷണത്തിലൂടെ വളരുക എന്ന പ്രാകൃതനിയമം അഹിംസയുടെ തത്വശാസ്ത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. അത് അനാവശ്യമായ മത്സരബുദ്ധിഉളവാക്കുന്നു. മത്സരം മൂത്ത് പരഹിംസയോളം ചെന്നെത്തുന്നു. മൂടിവയ്ക്കാനും ചത്തും കൊന്നും അടക്കാനും അതു മനുഷ്യരെ പ്രേരിപ്പിക്കുന്നു. ഇവിടെയാണ് അഹിംസയുടെ മഹത്വം ചത്തും കൊന്നുമടക്കേണ്ടസര്‍വ്വസമത്വവും തരും എന്ന കവിവാക്യം പോലെ അഹിംസാത്മകമായ സമീപനത്തിലൂടെ ജീവിതം വിജയം കൈവരിക്കണം ഈ ഒരു മനോഭാവമുണ്ടെങ്കില്‍ ഇന്നത്തെ വിപണി സംസ്‌കാരത്തില്‍ നിന്നു നമുക്ക് രക്ഷനേടാം. നേട്ടങ്ങള്‍ ആര്‍ജ്ജിക്കുന്നതിലല്ല ഗുണമേന്മ നിലനിര്‍ത്തി മനുഷ്യരാശിയെ സേവിക്കുന്നതിലും അതിലൂടെ സമ്പത്തും സംതൃപ്തിയും ആര്‍ജ്ജിക്കുന്നതിലുമാണ് ലോകം ശ്രദ്ധിക്കേണ്ടത്. മനുഷ്യരാശിയുടെ ഉന്നമനത്തിന് അഭ്യുദയത്തിന് അത് കാരണമാകും.
                 ശരിയായ ജീവിതലക്ഷ്യം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതും ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നമാണ്. മിക്കവാറും ലക്ഷ്യങ്ങളായി അവര്‍ കാണുന്നത് താല്‍ക്കാലിക ഭൗതിക നേട്ടങ്ങള്‍ മാത്രമാണ്. സ്ഥായിയായ സ്‌നേഹമോ സ്ഥരമായ ആദര്‍ശങ്ങളോ അവര്‍ക്കില്ലാതെപോകുന്നു. അതിവൈകാരിക വിവേകത്തിന്റെ സ്ഥാനം കയ്യാളുന്നു. ജീവിതത്തെ കാര്യമായി കണക്കാക്കാത്തതുകൊണ്ട് ഏതു നിമിഷവും മരണത്തിലേക്കു വഴിതിമാറുന്നു. കാര്യമില്ലാത്ത കാരണങ്ങള്‍ മൂലം ആത്മഹത്യകള്‍ പെരുകിവരുന്നു. സമൂഹത്തെ സ്‌നേഹിക്കാന്‍ മനസ്സുതുറക്കാത്തതുകൊണ്ട് ആത്മവാസനകളിലേക്ക് എളുപ്പം വഴുതി വീഴുന്നു. ജീവിത മൂല്യങ്ങളുടെ പ്രകാശം കടന്നു ചെല്ലാത്തതുകൊണ്ട് തീവ്രവാദത്തിന്റേയും മൗലിക നിലപാടുകളുടെയും ഇരുട്ടിലേക്ക് അവര്‍ കുതിച്ചെത്തുന്നു. അഹിംസയും സാന്ധിമാര്‍ഗ്ഗവും. അമൂല്യങ്ങളുടെ കലവറയാണ് അഹിംസാ സത്യം. അഹിംസ ആര്‍ജ്ജിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല. പ്രത്യാശാനിര്‍ഭരമായ ജീവിതം കൈവരുമെന്നും മറ്റുള്ളവരെ സഹായിക്കുവാനും അവരുടെജീവിതത്തിന് കൈത്താങ്ങാവാനുമുള്ള പ്രേരണ അന്തരാത്മാവില്‍ നിറയുന്നു.
              ഗാന്ധിജി തന്റെ പൊതു ജീവിതം ആരംഭിക്കുന്നതു തന്നെ  കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ്. ജന്മിമാരുടെയും കച്ചവടക്കാരുടെയും ചൂഷണം മാത്രമായിരുന്നില്ല അവരുടെ പ്രശ്‌നം. അന്ധതയും അജ്ഞതയും അനാചാരങ്ങളും വൃത്തിഹീനതയും നിറഞ്ഞു നിന്നിരുന്ന അവരുടെ ജീവിതത്തില്‍ സമഗ്രമായി ഇടപെട്ടുകൊണ്ടാണ് ഗാന്ധിജി അവരെ വിമോചന മാര്‍ഗ്ഗത്തിലേക്ക് നയിച്ചത്. ഗാന്ധിജി ആവിഷ്‌ക്കരിച്ച ആശ്രമ ജീവിതം ഫലപ്രദമായ ഒരു സാമൂഹികൗഷധമായിരുന്നു. അത് ശുചിത്വം പാലിക്കാനും ആതുര സേവനംനിര്‍വ്വഹിക്കാനുംഉപാധിയോടുകൂടിയായിരുന്നു ്ത് ശുചിത്വംപാലിക്കേണ്ടത് എങ്ങനെയെന്ന് പ്രസംഗിക്കാനല്ല ശുചീകരേ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് ഗാന്ധിജി അത് നടപ്പിലാക്കി.  സ്വയംപര്യാപ്തത എന്നത് ആശ്രമ ജീവിതത്തിലെ സുവര്‍ണ്ണ നിയമമായിരുന്നു. ആരേയും കഴിയുന്നത്ര ആശ്രയിക്കാതെ ആത്മാഭിമാനത്തോടെ അദ്ധ്വാനിച്ചു ജീവിക്കുന്നതാണ് ശ്രേഷ്ഠം എന്നു ഗാന്ധിജി പഠിപ്പിച്ചു. ഒട്ടും ആധികാരികമല്ലാത്ത ലളിതസുന്ദരമായ ജീവതശൈലി അനേകായിരങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു.
           ഗാന്ധിജിയുടെ വിദ്യാഭ്യാസ സങ്കല്പവും സ്വയംപര്യാപ്തമായിരുന്നു.വിദ്യാഭ്യാസത്തിനുവേണ്ടി വരുന്ന സാമ്പത്തികം കുട്ടികള്‍ സ്വയം അദ്ധ്വാനത്തിലൂടെ സ്വയം കണ്ടെത്തണമെന്ന രീതിയാണ് അദ്ദേഹം ആവിഷ്‌ക്കരിച്ചത്. തൊഴില്‍ പഠനം നിര്‍ബന്ധമായും വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം ലോകവീക്ഷണത്തോടൊപ്പം പ്രകൃതിനിരീക്ഷണവും ജീവിത വീക്ഷണവുമുണ്ടാകണണെന്നും ഗാന്ധിജി കരുതി. ഇന്ന് വിദ്യാഭ്യാസത്തിനുവേണ്ടി മാതാപിതാക്കള്‍ക്കു ലക്ഷങ്ങള്‍ വേണ്ടിവരുന്നു. നല്ലൊരു  പങ്കിനും ശ്രേഷ്ഠ വിദ്യാഭ്യാസം ഒരു കടങ്കഥയായി മാറുന്നു. വിദ്യാഭ്യാസ രംഗം തന്ാനെ ചൂഷണ വേദിയായി മാറുന്നു. അറിവുകള്‍ കുത്തകയാക്കുന്ന കുട്ടികള്‍ക്കാകട്ടെ പ്രായോഗി ജ്ഞാനം കുറിക്കുന്നു ക്രിത്രിമ ജീവിത രീതി അവലംബിക്കുന്നതുമൂലം ശരിയായ യാഥാര്‍ത്ഥ്യബോധം നഷ്ടമാകുന്നു. ഗാന്ധിമാര്‍ഗ്ഗത്തില്‍ ഇത്തരമൊരു പരിസ്ഥിതി ഇല്ലാതാക്കാനുള്ള മാര്‍ക്കമാണ് എന്നു നാം കാണേണ്ടതുണ്ട്.നാം മനുഷ്യര്‍ പ്രകൃതിയോട് സ്വീകരിച്ച വിധ്വംസക പ്രവര്‍ത്തനങ്ങളും ഇന്ന് തിരിച്ചടിയാകുന്നത് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വനവല്‍ക്കരണവും ജൈവവള പ്രയോഗങ്ങളുമെല്ലാം വഴിയും നമ്മുടെ തെറ്റുകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. മണ്ണ് അമൂല്യമാണെന്ന കണ്ടെത്തല്‍ അതിലെസൂക്ഷ്മ പ്രപഞ്ചം ജീവിക്കുന്ന മറ്റുള്ള സ്ഥൂലപ്രപഞ്ചത്തിന്റെ ആധാരമാണെന്നും നാം പഠിച്ചു കഴിഞ്ഞു. കഴിയുന്നത്ര മണ്ണിളക്കാതെ സൂക്ഷ്മജീവികള്‍ക്ക് ഹാനിവരാതെയുള്ള കൃഷിരീതികളും പ്രചരിച്ചുകൊണ്ടിരിക്കുന്നു. അഹിംസാത്മക കൃഷിയുടെ യുഗത്തിലേക്ക് നാം പ്രവേശിക്കുകയാണ് ആരോഗ്യപരിപാലനരംഗത്തും അഹിംസാത്മക സമീപനമാണ് യുക്തമായിട്ടുള്ളത് എന്നും ചിന്താധാരകളുണ്ട്. ഗാന്ധിജി പ്രകൃതി ചികിത്സക്കുള്ള പ്രാധാന്യം കണ്ടെത്തുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സ്വയം അനുഷ്ഠിക്കുകയും ചെയ്യുന്നത് ഈ ദിശയിലുള്ള പ്രയാണം തന്നെയാണ്. 
                 സ്വന്ത ജീവിതത്തില്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നു പേരിടുകവഴി സ്വന്തം ആത്മാവിനെത്തന്നെയാണ് ഗാന്ധിജി പ്രാവര്‍ത്തികമാക്കുന്നത്. എന്നും സത്യത്തെ എന്തിലും മീതെ വിലമതിക്കുന്ന സഹജ സ്വഭാവമാണ് ഗാന്ധിജിയെ സൃഷ്ടിച്ചതെന്നു പറയാം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് സത്യം കണ്ടെത്താന്‍ അദ്ദേഹം പരിശ്രമിച്ചത്. അതുകൊണ്ടുതന്നെ ആ ജീവിതം സുതാര്യവും ലളിതവുമായിരുന്നു.അടിച്ചമര്‍ത്തലിനെതിരെ നിരന്തര സമരം മൂലം ഗാനധിജി തുറന്നുവച്ച സ്വകാര്യ ജീവിതത്തിലായാലും വ്യക്തിജീവിതത്തിലായാലും അദ്ദേഹം ആക്രമണത്തിനെതിരേ പോരാടി ഈ മനോഭാവം തന്നെയാണ് സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം പടപൊരുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജനമനസ്സുകളുടെ  ഹൃദയത്തില്‍ ഗാന്ധിജി പ്രതിഷ്ഠിക്കപ്പെടുവാന്‍ കാരണവും അവഗണനകള്‍ക്കും ആക്രമത്തിനുമെതിരെ കലാപക്കൊടി ഉയര്‍ത്തുവാന്‍ അദ്ദേഹം കാണിച്ച നിഷ്ഠയാണ്. ഇത്രയധികം വൈവിധ്യങ്ങളും വേരുദ്ധ്യങ്ങലും നിറഞ്ഞ രാജ്യത്ത് കോടാനുകോടി ജനങ്ങളെ ഒരുമിപ്പിച്ച് ഒരു സാമ്രാജ്യത്വത്തിനെതിരെ അണിനിരത്തി അവര്‍ക്ക് ആത്മവിശ്വാസം നല്‍കി മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും നിലനിര്‍ത്തി അരനൂറ്റാണ്ടോളം പൊരുതിജയിക്കുക എന്നത് ലോക ചരിത്രത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന ഒരനുഭവമാണ്.
                    എല്ലാംകൊണ്ടും ഗാന്ധിജി ഒരു വിസ്മയമായിരുന്നു. ഇരുകാലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലോകവിസ്മയം ഇത്തരമൊരു മനുഷ്യന്‍ ഭൂമിയില്‍ ജിവിച്ചിരുന്നുവോ എന്ന് ഭാവി തലമുറ വിസ്മയംകൊള്ളുമെന്ന് പ്രതിഭാശാലിയായ ഐന്‍സ്റ്റീന്‍ പറഞ്ഞത് ഇന്ന് നമുക്ക് അനുഭവവേദ്യമാണ്. ക്രിസ്തുവിന്റെ പരിത്യാഗ ശീലവും ശ്രീകൃഷ്ണന്റെ ധര്‍മ്മ രക്ഷോപായവും മുഹമ്മദ് നബിയുടെ സ്ഥൈര്യവും രണീദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്ര രാജാവിന്റെ സത്യവും ഒത്തുചേര്‍ന്നൊരാള്‍ എന്ന വള്ളത്തോള്‍ മഹാകവിയുടെ നിരീക്ഷണം ഈ ചരിത്രവിസ്മയത്തിന്റെ ശ്രേഷ്ഠത പ്രകടമാക്കുന്നു.കടലോളം കാരുണ്യമുള്ള യേശുദേവന്റെ കാലടിപിന്തുടരുന്ന പരിശുദ്ധ മാര്‍പ്പാപ്പ 2016 കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ച് ആചരിച്ച സാഹചര്യത്തില്‍ഗാന്ധിജി ഉന്നയിക്കുന്ന മാര്‍ഗ്ഗരേഖകള്‍ പ്രസക്തങ്ങളായിരിക്കും. അഹിംസാദിനമായി ഗാന്ധിജിയുടെ ജന്മദിനം അന്തര്‍ദ്ദേശീയ അഹിംസാ ദിനമായി പ്രഖ്യാപിക്കുന്ന യു.എന്‍.ഒ.യും  ഗാന്ധിജിയുടെ വൈശിഷ്ട്യം കണ്ടെത്തുന്ന പുതിയലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. അതെ, ഗാന്ധിജി സമകാലീന ജീവിതത്തിന്റെ പ്രവാചകനാണ് പ്രചാരകനാണ് പ്രയോക്താവുമാണ്.


 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.