ക്രിസ്മസ്-സദ് വാര്‍ത്തയുടെ രാത്രി

ലേവി പടപുരയ്ക്കല്‍

ദൈവദൂതന്‍ ഇടയന്‍മാരോട് പറഞ്ഞു" ഭയപ്പെടേണ്ട സകല ജനങ്ങള്‍ക്കുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ യേശു ജനിച്ചിരിക്കുന്നു". ഏതൊരു കുഞ്ഞിന്റെ ജനനവും സന്തോഷകരവും ആനന്ദകരവും തന്നെ. കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും സന്തോഷത്തിന് അത് കാരണമാകുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ക്രിസ്തുമസ് സന്തോഷത്തിന്റെ സദ് വാര്‍ത്തയായതെന്ന് ഈ ക്രിസ്തുമസ് ദിനത്തില്‍ വിചിന്തനം ചെയ്യുന്നത് യുക്തിസഹമാണ്. മാനവവര്‍ഗ്ഗം കാത്തിരുന്നതും പ്രവാചകന്മാര്‍ സ്വപ്‌നംകണ്ടിരുന്നതും  ചിന്തകന്‍മാരും സഞ്ചാരികളും ജ്ഞാനികളും ആചാര്യന്മാരുമൊക്കെ ഉന്നംവച്ച് കടന്ന് പോയതും  ഈ രാത്രിക്കുവേണ്ടിയായിരുന്നു. അതെ ഇത് സന്തോഷത്തിന്റെ രാത്രിയാണ് . ഇന്ന് ലോകത്ത് സദ് വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇല്ലാത്തതുകൊണ്ട് ക്രിസ്മസ് രാത്രി കൂടുതല്‍ സന്തോഷത്തിന്റെ രാത്രിയായി മാറിയിരിക്കുന്നു. ദൈവം തന്നെ മനുഷ്യനായി പിറന്നു എന്നതിനാല്‍ ഇതിനേക്കാള്‍ വലിയൊരു സന്തോഷത്തിന്റെ സദ് വാര്‍ത്ത ലോകത്ത് ഇനി കേള്‍ക്കാനുമാവില്ല . ദൈവം ശരീരം എടുത്ത് ദൈവം മനുഷ്യന്റെ രൂപത്തിലായി. "ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യവല്‍ക്കരിച്ച്‌കൊണ്ട് ദാസന്റെ രൂപമെടുത്തു "എന്ന് പൗലോസ് അപ്പസ്‌തോലന്‍ വചനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് അതുകൊണ്ടാണ്.

             ദൈവം മാനവകുലത്തെ സ്‌നേഹിച്ചു. ഒത്തിരി സ്‌നേഹിച്ചു എല്ലാം നല്‍കി സ്‌നേഹിച്ചു.എന്നിട്ടും മനുഷ്യര്‍ക്ക് പരിപൂര്‍ണ്ണമായും ദൈവത്തെ മനസ്സിലായില്ല. മനസ്സിലാകാതെ വന്നപ്പോള്‍ കാലത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഈ ദൈവം മനുഷ്യനെപ്പോലെയായ രാത്രിയെയാണ് ക്രിസ്തുമസ് രാത്രി എന്ന് നാം വിളിക്കുന്നതും നമ്മള്‍ ഓർമ്മിച്ചു ആഘോഷിക്കുന്നതും. ദൈവം മനുഷ്യശരീരം സ്വീകരിച്ചു. മുഖവും മണവും നിറവും കരചരണവും സംസാര ഭാഷയും സ്പര്‍ശന ശേഷിയും കരുണയും സ്‌നേഹവും തര്‍ക്ക സ്വഭാവവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സാധാരണ മനുഷ്യനായി മാറിക്കൊണ്ട് നമ്മുടെ ജീവിതത്തിലേക്കും ഭൂമിയിലേക്കും അവതരിച്ചപ്പോള്‍ ക്രിസ്തുമസ് സദ്വാര്‍ത്തയായി മാറി.ക്രിസ്തുമസ് രാത്രിയുടെ തലേരാത്രി വരെ ദൈവത്തെ തേടിയിരുന്നതും കാണുന്നതും ആകാശത്തിലേക്ക് നോക്കിക്കൊണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുമസ് രാത്രിയില്‍ നാം ദൈവത്തെ കാണുന്നത് ഭൂമിയില്‍ തന്നെയാണ്. ആട്ടിടയര്‍ക്കും രാജാക്കന്മാര്‍ക്കും മാനവരാശിക്കും നടന്നു ചെന്നു കാണുവാന്‍ മാത്രം തൊട്ടടുത്ത് ദൈവം വന്നപ്പോള്‍ ക്രിസ്തുമസ് സദ് വാര്‍ത്തയായി മാറി. നമ്മുടെ ഹൃദയമാകുന്ന വീടുകളിലേക്ക് കടന്നുവരാന്‍ കര്‍ത്താവ് തയ്യാറായ രാത്രിയാണ് ക്രിസ്തുമസ് രാത്രി. ദൈവം മനുഷ്യനോടുള്ള സ്‌നേഹം യഥാംവിധം പ്രകടിപ്പിച്ചത് മനുഷ്യന്റെ ഇടയില്‍ ജനിച്ച്‌കൊണ്ടാണ്. അതുവഴി ക്രിസ്തുമസ് സദ് വാര്‍ത്തയായി മാറി. അതുകൊണ്ടാണ് വിശുദ്ധനായ ജോണ്‍ പോള്‍ മാര്‍പാപ്പ പറഞ്ഞത് "ക്രിസ്തുമസ് രാത്രിയില്‍ മനുഷ്യനെ കാണമോ ബേത്‌ലഹേമിലെ പുല്‍ത്തൊട്ടിയിലേക്ക് പോകുക ദൈവത്തെ കാണണമോ ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തിലേക്ക് തന്നെ പോകുക".
                  ക്രിസ്തുമസ് രാത്രിയുടെ തലേനാള്‍ വരെ നമ്മള്‍പറഞ്ഞിരുന്നത് നമ്മള്‍ ദൈവത്തിന്റെ കരങ്ങളിലാണെന്നാണ്. എന്നാല്‍ ക്രിസ്തുമസ് രാത്രിയില്‍ നമ്മള്‍ ഉണ്ണിയായി പിറന്ന ദൈവത്തെ കയ്യിലെടുക്കുന്നു. അതുകൊണ്ടാണ് ക്രിസ്തുമസ് രാത്രി സദ് വാര്‍ത്തയുടെ രാത്രിയായി മാറുന്നത്. ക്രിസ്തുമസ് രാത്രിയുടെ തലേനാള്‍ വരെ നമ്മള്‍ പറഞ്ഞിരുന്നത് ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നു എന്നായിരുന്നു. എന്നാല്‍ ക്രിസ്തുമസ് രാത്രിയില്‍ നമ്മള്‍ ദൈവത്തെ പേരുചൊല്ലി വിളിക്കുന്നു. ആ പേര് യേശു എന്നും ഇമ്മാനുവേല്‍ എന്നുമാണ്. ക്രിസ്തുമസ് രാത്രിമുതല്‍ സകല മനുഷ്യര്‍ക്കും വലിയൊരു സ്വാതന്ത്ര്യം ദൈവം തന്നു. പേര് ചൊല്ലിവിളിക്കാനും കൈയ്യിലെടുക്കാനും സാധിക്കുന്ന സദ് വാര്‍ത്തയുടെ സ്വാതന്ത്ര്യം. ലോകചരിത്രത്തെ എ.ഡി.എന്നും ബി.സി. എന്നും രണ്ടായി വിഭജിച്ച ദൈവമാണ് ഉണ്ണിയേശു. ഈ കുഞ്ഞുപിറന്നത് രാജകൊട്ടാരത്തിലോ സുഖവാസ കേന്ദ്രത്തിലോ അല്ല. പിന്നെയോ പാവപ്പെട്ടവനില്‍ പാവപ്പെട്ടവനായി യാതൊരു വിജയസാദ്ധ്യതകളുമില്ലാത്ത ഒരു ദരിദ്ര സാഹചര്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കും എത്ര കഴിവ് ഇല്ലാത്തവര്‍ക്കും പ്രത്യാശയ്ക്ക് വക നല്‍കുന്ന രാത്രിയാണ് സദ് വാര്‍ത്തയുടെ ക്രിസ്തുമസ് രാത്രി.
ഈ ഉണ്ണിയേശുവില്‍ദൈവവും മനുഷ്യനും ഒന്നു ചേര്‍ന്നിരുന്നതിനാലാണ് ജ്ഞാനികള്‍ അവിടെ പോയി പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയായി സമര്‍പ്പിച്ചത്. അറിവ് കുറഞ്ഞ പാവപ്പെട്ടവരുടെ പ്രതിനിധിയായി ആട്ടിടയന്മാര്‍ ഉണ്ണിയേശുവിന്റെ അടുത്ത് എത്തുവാന്‍ വേണ്ടി ദൈവദൂതന്മാര്‍ അവരെ തേടി എത്തി.എന്നാല്‍ ജ്ഞാനികള്‍ക്ക് ഉണ്ണി യേശുവിന്റെ അരികില്‍ എത്തുവാന്‍ നല്‍കിയ അടയാളം കിഴക്കുദിച്ച നക്ഷത്രമായിരുന്നു. ദൈവ പദ്ധതി പ്രകാരം ഇരുകൂട്ടരും ദൈവത്തെ ആരാധിച്ച് മടങ്ങി.ക്രിസ്തുമസ് രാത്രിയില്‍ നമുക്കൊരു രക്ഷകനെയാണ് ദൈവം തന്നത്. ഏത് വിധത്തിലുള്ള പാപ ,ശാപ രോഗബന്ധനനത്തിനെയും  മോചിപ്പിക്കുവാനും  തകര്‍ക്കുവാനും കഴിയുന്ന ശക്തനായരക്ഷകന്‍ .ഇരുള്‍ മൂടിയ ലോകത്തെ പ്രകാശത്തിലേക്ക് നയിക്കുവാന്‍ ഈ രക്ഷകന്‍ പ്രാപ്തനായതുകൊണ്ടാണ് ക്രിസ്തുമസ് രാത്രി സദ് വാര്‍ത്തയുടെ രാത്രിയായിമാറിയത്.വലിയവന്‍ എന്ന ഭാവത്തില്‍ നിന്നും മാനവന്‍ എന്ന ഭാവത്തിലേക്ക് ചുരുങ്ങുമ്പോഴാണ് ക്രിസ്തുമസ് ആഘോഷം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ വിനീതനായി ജനിച്ച ഉണ്ണിയേശു, അന്ത്യയത്താഴ സമയത്ത് ശിഷ്യന്മാരുടെ കാല്‍പ്പാദങ്ങള്‍ കഴുകി ചുംബിച്ച യേശു, മരകുരിശില്‍ ക്രൂശിതനായി മരിച്ച യേശുമഹത്വ പൂർണ്ണമായി  പുനരുദ്ധാനം ചെയ്ത യേശു ,നമ്മുടെ ജീവിതത്തില്‍ എത്രമാത്രം നിറഞ്ഞു നില്‍പ്പുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.ദെവം ,ദൈവത്തിന്റെ ഉപകരണമായി സ്വന്തം പുത്രനെത്തന്നെ ജനനം മുതല്‍ മരണംവരെ ഉപയോഗപ്പെടുത്തിയെങ്കില്‍ കണ്ണിന് കണ്ണും കാതിന് കാതും കരത്തിന് കരവും കാലുകള്‍ക്ക് കാലും ഹൃദയത്തിന് ഹൃദയവും എല്ലാം ചേരുംപടി ചേര്‍ത്ത് നമ്മെ സൃഷ്ടിച്ച ദൈവത്തിന് എന്ത് ക്രിസ്തുമസ് സമ്മാനമാണ് ഈ ക്രിസ്തുമസ് നാളില്‍ നമ്മള്‍ കൊടുക്കുക?
                    ദൈവച്ചായയില്‍ സൃഷ്ടിക്കപ്പെട്ട സഹോദരങ്ങളുടെ ദുഃഖങ്ങളില്‍ സന്തോഷിക്കുകയും സന്തോഷങ്ങളില്‍ ദുഃഖിക്കുകയും ചെയ്യുന്ന ചിന്താധാര നമ്മുടെ ജീവിതങ്ങളിലേക്ക് കടന്നു വരുന്നുവെങ്കില്‍ ക്രിസ്ത്യാനി എന്ന പേര് നമ്മില്‍ നിന്നും എടുത്ത് മാറ്റേണ്ടിയിരിക്കുന്നു.ചിന്തകളിലും ആശയങ്ങളിലും പ്രവര്‍ത്തികളിലും യേശുവിന്റെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കുമ്പോഴാണ് ഒരുവൻ യഥാര്‍ത്ഥ ക്രിസ്ത്യാനിയായി മാറുക.മീകാ പ്രവാചകനിലൂടെ കര്‍ത്താവ് ആവശ്യപ്പെടുന്നത്  "നീതി പ്രവര്‍ത്തിക്കുക കരുണകാണിക്കുക ദൈവത്തിന് മുന്‍പില്‍ വിനീതനായി ചരിക്കുക "എന്ന ഈ  ത്രിമാന ദര്‍ശനം. ജീവിതത്തില്‍ അനുകരിച്ച് ഉണ്ണിയേശുവിന് സമ്മാനിക്കുമ്പോള്‍ നമ്മുടെ ഓരോ ഹൃദയങ്ങളിലും ശാന്തിയും സമാധാനവുമായി ഉണ്ണിയേശു ജനിച്ച് രക്ഷയും ജീവനും പ്രത്യാശയും നമ്മുടെ കുടുംബങ്ങള്‍ക്ക് പ്രതിസമ്മാനിക്കും എന്ന് ഉറപ്പാണ്. ആഗതമാകുന്ന ക്രിസ്തുമസ് നവവത്സരാശംസകള്‍ ഓരോ വായനക്കാർക്കും സന്തോഷപൂര്‍വ്വം നേരുന്നു.
 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.