“അവൾ”(കവിത)

പാറിപ്പറക്കുന്ന മുടിയിഴയ്ക്കിടയിലൂ-
ടവളെന്നെ നോക്കി കടന്നുപോയി
ചാറ്റൽ മഴയ്ക്കിടയിലൂടെ ഞാൻ അവളെ
നോക്കിയിരുന്നതും കണ്ടുവല്ലോ.

കുളിരുന്ന കാറ്റിനോട് കിന്നാരം ചൊല്ലി
മെല്ലെയവൾ എന്റെ കൈപിടിച്ചു
മറയുന്ന സൂര്യന്റെ ചെറുതരി വെട്ടത്തിൽ
നൽകി ഞാൻ ഒരു മുത്തം അവൾ നെറ്റിയിൽ.

അവളെന്റെ സ്വപ്നത്തിൻ നിറച്ചാർത്തായി
അവളെന്റെ പാതി ജീവനായി മാറി
ഇഴയകലാതെ നെയ്തു അവൾക്കായി
എൻ ജീവിതമാം പട്ടുപുടവ.

അവളുടെ മുടിയിൽ ചാർത്തുവാനായി ഞാൻ
ഒരു പനിനീർപ്പൂ കരുതിവെച്ചു
അവളുടെ കാലിലെ കിലുങ്ങും കൊലുസിന്റെ
താളം കേൾക്കുവാനും കാത്തിരുന്നു.

മന്ദസ്മിതത്താൽ നിറയുന്ന അവളുടെ
ചിത്രമെൻ പുസ്തകത്താളിലുണ്ട്
ഒന്നും പറയാതെ എന്നെവിട്ടകന്നപ്പോൾ
കണ്ണീർ പൊഴിക്കുവാൻ ഞാൻ മാത്രമായി.

അവളുടെ വേദന അവളിലൊതുക്കി
ചിരിച്ചു കളിച്ചുമെൻ കൂടെ വന്നു
തിരുനെറ്റിയിലൊരു സിന്ദൂര പൊട്ടിടാൻ
സമയം അവളെനിക്ക് തന്നില്ലലോ.

അവളുടെ കത്തുന്ന ചിതയിലും കാണാം
എനിക്കായി പൊഴിക്കുന്ന പുഞ്ചിരികൾ
നിർവികാരത്തോടെ നിൽക്കുന്ന എന്നെ
കാണുന്ന അവളിലും ദുഃഖഭാവം.

അവളുടെ പുഞ്ചിരി ഹൃദയത്തിലേന്തി
തിരികെ നടന്നു ഞാൻ മെല്ലെയായി
കൂടെ നടക്കുന്ന അവളുടെ കാലൊച്ച
കേൾക്കാമെൻ ഹൃദയമിടിപ്പിനൊപ്പം.
                ******************ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.