ആഗോള സഭയില്‍ ക്രൈസ്തവ സംഘടനകളുടെ പ്രസക്തി

ലേവി  പടപുരക്കല്‍

യേശുക്രിസ്തുവിന്റെ ഭൗതികശരീരമാണ് ക്രൈസ്തവ സഭ. സഭയുടെ ശിരസ്സാണ് യേശു മിശിഹ. ക്രൈസ്തവ സഭ ക്രിസ്തുവില്‍ നിന്നും ഭിന്നമല്ലെന്നും ക്രിസ്തുവിന്റെ ബലിയുടെ തുടര്‍ച്ചയാണെന്നും സിദ്ധിക്കുന്നു . അതായത് ആകമാന സഭ ക്രിസ്തു കേന്ദ്രീകൃതമാണെന്ന് തിര്‍ദേഷെര്‍ഡാന്‍ അഭിപ്രായപ്പെടുന്നത് യുക്തിസഹമാണ് എന്നര്‍ത്ഥം. ആഗോള സഭയുടെ ജീവത്തായ പ്രവര്‍ത്തനമെന്ന് പറയുന്നത് മുന്തിരിവള്ളിയും അതിന്റെ ശാഖകളും അഭേദ്യമായിരിക്കുന്നതുപോലെ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ നിന്ന് ജീവന്‍ പകര്‍ന്നെടുക്കലാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.ആഗോളസഭയുടെ  ആത്മീയ പശ്ചാത്തലം ദൈവികമായ പൂര്‍ണതയിലേക്ക് മനുഷ്യനെ നയിക്കുക എന്നതാണ്. എന്റെ പിതാവ് പൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്‍ണ്ണരായിരിക്കുക എന്ന ക്രിസ്തുവിന്റെ വാക്കുകളാണ് ഇവിടെ പ്രസക്തം. പൂര്‍ണത തേടിയുള്ള യാത്രയില്‍ ആഗോള സഭയ്ക്ക് മാനദണ്ഡമായി നില്‍ക്കുന്നത് വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന ക്രിസ്തുവചനം തന്നെ .ചുരുക്കത്തില്‍ ക്രിസ്തു കാണിച്ച മാര്‍ഗ്ഗത്തിലൂടെ ക്രിസ്തുവിലൂടെ പ്രയാണം ചെയ്തുകൊണ്ട് മാത്രമാണ് ആകമാന സഭ നീങ്ങേണ്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും അരൂപിയിലും ആവിഷ്‌കരിക്കുക  എന്നതാണ് സഭയുടെ ദൗത്യം. ക്രിസ്തുവില്ലാതെ സഭയില്ല. ക്രിസ്തുവിനെ സാക്ഷാല്‍ക്കരിച്ചാണ് സഭ എല്ലാ തലങ്ങളിലും എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കേണ്ടത്.
ആദിമ ക്രൈസ്തവസഭയുടെ പാരമ്പര്യവും മറ്റൊന്നല്ല. അവര്‍ ഒരുമിച്ച് ഭക്ഷിക്കുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ചായിരിക്കുകയും ചെയ്തുകൊണ്ട് ക്രിസ്തുവിനോടുള്ള അനന്യത വ്യക്തമാക്കി. അരൂപിയിലുള്ള ഐക്യം മറ്റേതൊരു ലൗകിക ബന്ധത്തേക്കാളും ശക്തവും ദൃഢവുമാണെന്ന് അവര്‍ സ്വയം ബോധ്യപ്പെടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ക്രിസ്തുവിലായിരിക്കുക എന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തി. തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പണം ശിഷ്യരെ ഏല്പിച്ച് പൊതുവായ നീതിയനുസരിച്ച് ആവശ്യങ്ങള്‍ നിറവേറ്റി അവര്‍ മുന്നോട്ട് പോയി, നിര്‍ഭയരും ലളിത മനസ്‌ക്കരുമായി ജീവിച്ചു. ഉപവിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്വയം മുഴുകുമ്പോഴും തങ്ങള്‍ മഹത്തായതെന്തോ അനുഷ്ടിക്കുന്നു എന്ന ഭാവം പോലും അവര്‍ക്കുണ്ടായിരുന്നില്ല. അത്ര സ്വാഭാവികമായിരുന്നു ആ ജീവിതേൈശലി.വിശ്വാസം, ശരണം, ഉപവി എന്നീ മൂന്നു ദൈവീകപുണ്യങ്ങള്‍ തന്നെയാണ് സഭയുടെ ആന്തരികത. ഈ മൂന്നു കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലാതെ നിലനില്‍ക്കുക എന്നതായിരുന്നു അപ്പസ്‌തോലന്‍മാരുടേയും തുടര്‍ന്നുള്ള ആത്മീയാചാര്യന്മാരുടേയും ജീവിതപാത ആ പാതയിലൂന്നി നില്‍ക്കുമ്പോള്‍ മരണമോ രക്തസാക്ഷിത്വമോ ഒന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. കര്‍ത്താവിന്റെ നീതിയെ സര്‍വത്ര അന്വേഷിക്കുന്ന ജനതയായി അവര്‍ മറ്റ് ജനങ്ങള്‍ക്ക് വഴികാട്ടിയും മാതൃകയുമായി. 
ക്രൈസ്തവ പാരമ്പര്യമെന്നു പറയുന്നത് സഹനത്തിന്റേയും സ്വയം ത്യജിക്കലിന്റേതുമായ പാരമ്പര്യമാണ്. അനനിയാസുമാരോടു കര്‍ക്കശമായി പെരുമാറുന്ന പിതാവായ ദൈവത്തെ അവര്‍ ഭയപ്പെടുമ്പോഴും ക്രിസ്തുവിലൂടെ സത്യമായ ഒരു ബന്ധം അവര്‍ സ്ഥാപിച്ചെടുത്തു.പഴയനിയമത്തില്‍ തോബിയാസിന്റെ ജീവിത മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയായിരുന്നു ക്രൈസ്തവ സമൂഹം. തങ്ങളുടെ ജീവിത രംഗങ്ങളില്‍ ദൈവത്തിനുള്ളത് ദൈവത്തിനും മനുഷ്യനുള്ളത് മനുഷ്യനും കൊടുക്കാന്‍ അവര്‍ ബദ്ധശ്രദ്ധരായിരുന്നു. ദൈവവുമായി മാത്രമല്ല പ്രകൃതിയുമായും സ്വസഹോദരന്‍മാരുമായും വീട്ടുകാരുമായും എന്തിന് അവനവനുമായും പോലും ഒരു സമരസപ്പെടലായിരുന്നു അവര്‍ക്ക് ജീവിതം. ത്യാഗാധിഷ്ഠിതമായ ക്ഷമാപൂര്‍ണ്ണമായ സ്‌നേഹസുരഭിലമായ ഒരു ജീവിത ശൈലി അങ്ങനെ ഉരുത്തിരിഞ്ഞു.
പിന്നീട് സഭ വളര്‍ന്നപ്പോള്‍ വിവിധ ചിന്താഗതികള്‍ കടന്നു വന്നു ദേശീയമായ വൈവിദ്ധ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടായി. സാംസ്‌കാരിക ചിഹ്നമായി ക്രിസ്തുവിന്‍്കുരിശിനെ ഉയര്‍ത്തി കാട്ടുന്ന നിരവധി സമൂഹങ്ങള്‍ ഉണ്ടായി. ക്രിസ്തുവില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ വിവിധ രീതിയില്‍ വിശ്വാസം ആവിഷ്‌ക്കരിക്കുന്ന മാര്‍ഗ്ഗങ്ങളും പ്രസ്ഥാനങ്ങളുമുണ്ടായി സാര്‍വ്വ ലൗകിക സഭ ആന്തരികമായി ഒന്നായിരിക്കുമ്പോള്‍ തന്നെ അനന്തകോടി വൈചിത്ര്യങ്ങള്‍ ആചാരനുഷ്ഠാനങ്ങളിലുണ്ടായി. അങ്ങനെ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളുണ്ടായി. കാലഘട്ടത്തിന്റെ ചുവരെഴുത്തുകളും കാലികമായ വെല്ലുവിളികളും നേരിടാന്‍ നിരവധി സവിശേഷ രൂപകങ്ങള്‍ ആവശ്യമായി വന്നു. അങ്ങനെയാണ് ക്രൈസ്തവ സമുദായങ്ങള്‍ ഉരുത്തിരിഞ്ഞത്. ഭിന്നദേശങ്ങളില്‍ ഭിന്ന രൂപങ്ങളില്‍ ഭിന്ന ശൈലികളില്‍ പടര്‍ന്നു പന്തലിക്കുന്ന ക്രൈസ്തവസഭ ലോകത്തിന്റെ ഉപ്പും മാനവരാശിയുടെ പ്രകാശഗോപുരവുമായി നിലനില്‍ക്കെത്തന്നെ സഭാ സാമുദായിക സംഘടനകള്‍ അതിന്റേതായ ചട്ടക്കൂടുകളില്‍ സഭക്കുള്ളില്‍ രൂപപ്പെട്ടു.
                           സഭക്കുള്ളിലെ സംഘടനകളുടെ പ്രവര്‍ത്തനം സഭയെ പരിശോഷിപ്പിക്കുകയാണോ പരിപോഷിപ്പിക്കുകയാണോ എന്നകാര്യത്തില്‍ വിവാദമുണ്ടാകുക സ്വാഭാവികമാണ്. സഭയോടൊട്ടിനിന്ന് സഭയ്ക്ക് ഉപോദ്ബലകമായി നിലനില്‍ക്കേണ്ട സംഘടനകള്‍ സഭയ്ക്ക് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഇത്തരുണത്തിലാണ് സഭാസാമുദായിക സംഘടനകളുടെ പരിധിയും പരിമിതിയും നിര്‍ണ്ണയിക്കേണ്ടത് ആവശ്യമായി വരുന്നത്. സഭയുടെ സന്ദേശത്തേക്കാള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് വിലകല്പിക്കുന്ന നൂതന പ്രവണതകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരമൊരു ചിന്ത പ്രസക്തമാണ്. ഒന്നാമതായി ക്രിസ്തീയ സംഘടനകള്‍ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നവയാകണം. ആഗോള സഭയുടെ ആത്മാവ് ക്രിസ്തീയതയായതുപോലെ പ്രസ്ഥാനങ്ങളുടെയും ആത്മാവ് ക്രിസ്തുവിലായിരിക്കേണ്ടതുണ്ട്. എന്നാല്‍ സ്വന്തം നിലനില്‍പ്പിനായി ചുമത്തപ്പെടുന്ന ചട്ടങ്ങളും വ്യവസ്ഥകളും  ക്രിസ്തുവില്‍നിന്ന് അകലുവാനാണ് ഇടയാക്കുന്നത്. ക്രിസ്തു പ്രഖ്യാപിച്ച ആത്മാവിന്റെ സ്വാതന്ത്ര്യമല്ല, സ്വാര്‍ത്ഥതയുടെ നിഴലുകളുള്ള പൊതു നിയമങ്ങളാണ് സംഘടനക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്നത്. ക്രിസ്തു എന്ന പ്രകാശത്തിന്റെ ഭാഗമായിരിക്കാനല്ല പ്രകാശത്തില്‍ നിന്നകന്ന് മാറി അധികാരഭ്രമത്തിന്റേയും ലൗകികതയുടേയും ഇരുള്‍ പരത്താനാണ് സംഘടനകള്‍ക്കു പലപ്പോഴും താല്പര്യം.തന്നെത്തന്നെ ദാനം ചെയ്തുകൊണ്ടാണ് യേശു ലോകം നേടിയത്. സ്വയം മൃത്യുവരിച്ചുകൊണ്ടാണ് നിത്യജീവന് ക്രിസ്തു അര്‍ഹനായിത്തീരുന്നത്. എന്നാല്‍ സ്വത്വനഷ്ടത്തിന്റെ തത്വശാസ്ത്രവുമായി പൊരുത്തപ്പെടുവാന്‍ സഭാസംഘടനകള്‍ക്ക് കഴിയാതെ പോകുന്നു അവ പലപ്പോഴും സംഘാതരൂപമായ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കും. വെട്ടിപ്പിടിക്കലിന്റേയും അധിനിവേശത്തിന്റേയും ബീജങ്ങള്‍ പേറിയാകും അവ മുന്നേറുക. അങ്ങനെ ജീര്‍ണതയുടെ ലോകത്തിലേക്ക് അവനടന്ന് നീങ്ങുന്നു. ക്രിസ്തുവിന്റെ സാമ്രാജ്യം ദൈവത്തിന്റെ രാജ്യം അനാദിയും  അനന്ത വിസ്തൃതവുമാണെങ്കില്‍ ആഗോള സഭ ആ രാജ്യത്തെ ഭൂമിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും സംഘടനകള്‍ അനിവാര്യമായ ലൗകിക ലക്ഷ്യങ്ങളിലാണ് പ്രവര്‍ത്തനമേഖലയാക്കുന്നത്. ആത്യന്തിക നന്മയെന്നതിനേക്കാള്‍ സാമൂഹ്യവും രാഷ്ട്രീയപരവുമായും സാമ്പത്തികമായും ഉള്ള ആധിപത്യത്തിനും  മേല്‍ക്കോയ്മയ്ക്കും വേണ്ടിയാണ് സംഘടനകള്‍ ശ്രമിക്കുക.കാണാതെപോയ ഒരാടിനെ അന്വേഷിക്കാന്‍വേണ്ടി അജഗണത്തെ വിട്ടുപോരുന്ന ഇടയന്‍ ക്രൈസ്തവ മാനവികതയുടെ വക്താവാണ്. ഇത്തരം  നിലപാടുകളാണ് ആഗോള സഭ എന്നും എടുത്തു പോരുന്നത്. എന്നാല്‍ സംഘടനകളുടെ  നാലതിരുകളാണ് ലോകമെന്ന്‌ തെറ്റിദ്ധരിക്കുന്ന സംഘടനാ നേതൃത്വം വ്യക്തി ദുഃഖങ്ങൾ പരിഗണിക്കാൻ കൂട്ടാക്കാറില്ല .രഹസ്യമായി നന്മ  ചെയ്യുക എന്നതല്ല പരസ്യമായി കൊട്ടിഘോഷിച്ചു നന്മ ചെയ്യുക എന്നതാണ് പൊതുവെ സംഘടനകളുടെ രീതി .അതിനായി അവർ നവ മാദ്യമങ്ങളെ വിപുലമായി ഉപയോഗപ്പെടുത്തുന്നു .
സ്വദേശത്തും വിദേശത്തും ഉള്ള സംഘടനകളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ വ്യക്തമായ പാതയിലൂടെയല്ല സഞ്ചാരം എന്ന് ബോധ്യമാകും .പ്രത്യകിച്ചും ഭാരതത്തിനു വെളിയിലുള്ള കൃസ്തീയ സംഘടനകൾ .ഹൈരാർക്കിയൽ സംവിധാനങ്ങളുടെ കുറവാണ് ഇതിന്റെ അടിസ്‌ഥാന കാരണം .നേതൃത്വത്തിൽ എത്തുന്നവർ താൻ നേതൃത്വവും നൽകുന്നത് ക്രിസ്തുവിനാൽ നയിക്കപ്പെടുന്ന സമൂഹത്തിനാണ് എന്ന ബോധ്യം അവർക്ക് ലഭിക്കാതെ പോകുന്നു.തികച്ചും കേരളീയ ശൈലിയിൽ രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക സംഘടനകളും യെധേഷ്ട്ടം ഉള്ള വിദേശ രാജ്യങ്ങളിൽ ഈ വിധ താല്പര്യം ഉള്ളവർ അതിൽ പ്രവർത്തിക്കുകയും" സഭാ -സാമുദായിക സംഘനകളുടെ നേതൃത്വവും ഏറ്റെടുക്കാതിരിക്കുന്നതും ആണ് ഉത്തമം .രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ ലക്ഷ്യമല്ല കൃസ്തീയ സംഘനകൾക്ക് എന്ന കാതലായ ആശയം മനസ്സിലാക്കിയാൽ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി .സഭാ-സാമുദായിക സംഘടനകളി്ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പലപ്പോഴും സംഭവിക്കുന്ന വ്യക്തിഹത്യകള്‍ ക്രിസ്തീയ സംഘടനക്ക് യോജിച്ചതല്ലെന്ന് മനസ്സിലാക്കണം. ഇലക്ഷന് ശേഷവും രാഷ്ട്രീയ പ്രതിയോഗികളേക്കാള്‍ കൂടുതല്‍ പ്രതികാര ചിന്തകളുമായി നീങ്ങുന്നത് ക്രിസ്തീയ നിഴല്‍ പോലും നമ്മില്‍ വീഴാതെ അകന്ന് പോകും എന്ന് മനസ്സിലാക്കണം.ചുരുക്കത്തില്‍ വിശുദ്ധ ഗ്രനഥമായ ബൈബിളും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും സാമുദായിക ചരിത്രഗ്രന്ഥങ്ങളും ആഴമായി പഠിച്ച് ബോധ്യപ്പെടുവാനും ബോധ്യത്തില്‍ നിന്ന സംസാരിക്കുവാനും സംസാരിക്കുന്നത് പ്രാവര്‍ത്തിക ജീവിതത്തില്‍ എത്തിക്കുവാനും ഇടവരുമ്പോള്‍ സഭക്കുള്ളിലെ സംഘടനാ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണ്ണമാകും. സ്വദേശത്തും വിദേശത്തും നേതൃത്വം നല്‍കുന്ന സംഘടനാ നേതാക്കള്‍ ഈ വഴി ചിന്തിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.