ബ്ലൂ വെയിൽ എന്ന കൊലയാളി.

ലിജോ ജോയി വണ്ടംകുഴിയിൽ.,ഫുജൈറ, യു എ ഇ.

എന്റെ മകന് / മകൾക്ക് ഫോണിലെ എല്ലാ കാര്യങ്ങളും ചെയ്യുവാൻ അറിയാം, എനിക്ക് അറിയാത്ത കാര്യങ്ങൾ വരെ കുട്ടികൾ ഫോണിൽ ചെയ്യും, എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയാൽ ഫോൺ കളിക്കാൻ കൊടുത്താൽ പിന്നെ കുട്ടികൾ ശാന്തരാകും, അത് കൊണ്ടൊക്കെ കുട്ടികൾ കൂടുതൽ ബുദ്ധിശാലികൾ ആണ്. ഇത്തരത്തിൽ അഭിമാനകരമായ രീതിയിൽ കുട്ടികളെ കുറിച്ച് സംസാരിക്കുന്ന മാതാപിതാക്കളെ കാണാം. എന്നാൽ ഇത്തരക്കാരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ എത്രമാത്രം മാനസീക അടിമത്വം ഉണ്ടാക്കുന്ന ശീലങ്ങളിലേക്കാണ് തള്ളിവിടുന്നത് എന്ന് അറിയുന്നില്ല.

നമ്മുടെ സമൂഹം ഇന്റർനെറ്റ് ശൈശവ ദിശ പിന്നിട്ട്, ഇന്റർനെറ്റ് കൗമാരത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലെ ജനസഖ്യയേക്കാൾ കൂടുതൽ മൊബൈൽ ഫോൺ എണ്ണത്തിൽ ഉണ്ട് എന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. അത് കൊണ്ട് തന്നെ വർത്തമാന ജീവിതത്തിന്റെ ഭാഗമായ വിവര സാങ്കേതിക വിദ്യകളുടെ സാധ്യതകളെ എങ്ങനെ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാം എന്നത് നാം മനസ്സിലാക്കിയിരിക്കണം.

ഫോണുമായും ഇന്റർനെറ്റുമായും മാനസീക അടിമത്വം ഉള്ള കൗമാരക്കാരായ കുട്ടികളെ ലക്ഷ്യം വച്ച് ഒരു കൂട്ടം ഓൺലൈൻ കളികൾ പ്രചരിക്കുന്നുണ്ട്.  അതിൽ പ്രധാനപ്പെട്ടതാണ് ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിം. കൗമാര പ്രായക്കാരുടെ സാഹസീകത ഇഷ്ട്ടപ്പെടുന്ന മനസ്സിനെയാണ് ഈ ഗെയിം ലക്ഷ്യം വെക്കുന്നത്. 2013 ൽ ആണ് ഈ ഗെയിംമിന്റെ ഉത്ഭവം. 2015 ൽ ആണ് ഈ ഗെയിം മൂലമുള്ള ആദ്യത്തെ ആത്മഹത്യ റഷ്യയിൽ നടക്കുന്നത്. അത് തന്നെയാണ് ഈ കൊലയാളി ഗെയിമിന്റെ ഉദ്ധേശവും. കളിക്കുന്ന വ്യക്തിയെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കുക എന്നത്.

ഈ കൊലയാളി ഗെയിമിന്റെ ഉത്ഭവ സ്ഥലമായ റഷ്യയിൽ ഇതിനോടകം തന്നെ 130 ഓളം ആത്മഹത്യകൾ നടന്നു കഴിഞ്ഞു. നിർഭാഗ്യവശാൽ ഇന്ത്യയിൽ 4 കുട്ടികളുടെ ജീവനും ഈ കളി മൂലം ആത്മഹത്യയിൽ അവസാനിച്ചു. രഹസ്യ സ്വഭാവം ഉള്ള ഗ്രൂപ്പുകൾ വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. 50 സ്റ്റെപ്പുകൾ ആണ് ഈ കളിക്കുള്ളത്. രാത്രിയിലും വെളുപ്പിനും ആണ് ഈ ഗെയിം കളിക്കുവാൻ ഗെയിം മാസ്റ്റർ നിർദേശിക്കുക. ഗെയിം മാസ്റ്റർ അഥവാ വെയിൽ ട്യൂട്ടർ എന്നതാണ് ഇവരുടെ വിളിപ്പേര്. ഈ കളിയിൽ ജോയിൻ ചെയ്താൽ ഇടക്ക് വെച്ച് പിൻമാറുക എന്നത് പ്രയാസകരമാണ്. ഗെയിമിൽ ജോയിൻ ചെയ്യുന്നതിനോടൊപ്പം തന്നെ നമ്മുടെ ഫോണിലേയും മറ്റ് സാമൂഹിക മാധ്യമങ്ങളിലെയും സ്വകാര്യതകൾ ഗെയിം മാസ്റ്റർ കൈക്കലാക്കിയിരിക്കും. ഈ സ്വകാര്യതകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കളിയിൽ മുൻപോട്ട് പോകുവാൻ നിർബന്ധിക്കുകയും ചെയ്യും. 

50 സ്റ്റെപ്പുകൾ ഉള്ള ഈ കളിയിൽ, ആദ്യ 15 സ്റ്റെപ്പുകൾ പൂർത്തിയാക്കുന്നതിനോടൊപ്പം ആ വ്യക്തിക്ക് ഗെയിം മാസ്റ്ററിൽ മാനസീക അടിമത്വം സഭവിക്കുകയാണ് ചെയ്യുന്നത്. ഈ കളിയിലെ ഒരു സ്റ്റെപ്പ് ആണ് മറ്റൊരു സുഹൃത്തിനെക്കൂടി ഈ കളിയിലേക്ക് കൊണ്ട് വരിക എന്നത്. ഓരോ സ്റ്റെപ്പും പൂർത്തിയാക്കുന്നതിനോടൊപ്പം തെളിവായി ഫോട്ടോയോ വീഡിയോയോ ഗെയിം മാസ്റ്ററിന് അയച്ച് കൊടുക്കുകയും ചെയ്യണം. തനിയെ ഇരുന്ന് പ്രേത സിനിമകൾ കാണുക, തനിയെ രാത്രിയിൽ ശവപറമ്പിൽ പോയി ഇരിക്കുക, കടൽ കാണുക, വെള്ളത്തിൽ ചാടുക, ശരീരഭാഗങ്ങളിൽ ഗെയിം മാസ്റ്റർ നിർദ്ധേശിക്കുന്ന രീതിയിൽ മുറിവുകൾ ഉണ്ടാക്കുക, മുതലായ ടാസ്ക്കുകൾ ആണ് ഈ ഗെയിമിന്റെ ഓരോ സ്റ്റെപ്പിലും. ഏറ്റവും അവസാന ടാസ്ക്ക് എന്നത് ഫോണിൽ നിന്നും ഈ ഗെയിം കളഞ്ഞതിന് ശേഷം ആത്മഹത്യ ചെയ്യുക എന്നതാണ്.

ഇത്തരത്തിലുള്ള കളികളെപ്പറ്റി നവ മാധ്യമങ്ങളിലോ, മറ്റ് സേർച്ച് എൻജിനുകളിലോ വിവരങ്ങൾ ലഭ്യമല്ല. ഏതെങ്കിലും ആപ്ലിക്കേഷനുകൾ വഴി ഈ കളികൾ ഡൗൺലോഡ് ചെയ്യാനും സാധ്യമല്ല. അത് കൊണ്ട് തന്നെ ഈ കളികൾ നിരോധിക്കുക എന്നത് അത്ര പ്രായോഗികവും അല്ല. ആകെയുള്ള മാർഗ്ഗം മാതാപിതാക്കളിലും അദ്ധ്യാപകരിലും കുട്ടികളിലും ഉള്ള ബോധവൽക്കരണം ആണ്. 

കൗമാരപ്രായക്കാരായ കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം കർശമായി നിയന്ത്രിക്കുക, കുട്ടികൾക്കുണ്ടാവുന്ന മൊബൈൽ അടിമത്വം അവസാനിപ്പിച്ച് ഗ്രൂപ്പ് ആക്റ്റിവിറ്റികളിൽ പങ്കെടുപ്പിക്കുക, പതിവില്ലാത്ത ശീലങ്ങളോ ആശയങ്ങളോ മാതാപിതാക്കളുമായി പങ്കുവച്ചാൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക, രാത്രികാലങ്ങളിലെ മൊബൈൽ ഉപയോഗം നിരീക്ഷിക്കുക, ഇവയിൽ ഏതെങ്കിലും കുട്ടികളിൽ കണ്ടാൽ എത്രയും പെട്ടെന്ന് മനശാസ്ത്ര മേഘലയിൽ ഉള്ളവരെ ബന്ധപ്പെട്ട് കുട്ടികളെ കൗൺസിലിങ്ങ് പോലുള്ള തറാപ്പികൾക്ക് വിധേയരാക്കേണ്ടതാണ്. 

ഇത്തരത്തിലുള്ള മുൻകരുതലുകൾ എടുത്ത് കൗമാരപ്രായക്കാരായ കുട്ടികളെ ജീവൻ അപകടത്തിൽ ആയേക്കാവുന്ന സൈബർ ചതിക്കുഴികളിൽ നിന്നും അകറ്റി നിർത്തുവാൻ മാതാപിതാക്കളും അദ്ധ്യാപകരും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.