“നീ” (കവിത)

എനിക്ക് 'നീ' ആരെന്നു പറയുന്നവരെയും,

അറിയില്ല  'നീ'യെനിക്കാരാണെന്ന്,

 'നീ'യെന്ന മായികാമോഹവലയത്തിൽ,

മറയാതെ മെല്ലെ പുറത്തു വരൂ.

 

'നീ'യെനിക്കിന്നു വിജയമാണെങ്കിൽ,

പരാജയപ്പെടുവാനിടയാകല്ലേ,

 'നീ'യെനിക്കിന്നു പരാജയമാണെങ്കിൽ,

വിജയത്തിൻ മുന്നോടിയായിടട്ടെ.

 

 'നീ'യെനിക്കെല്ലാമെന്നു പറയുന്ന,

പ്രണയാർദ്ര മൊട്ടുകൾ ഇവിടുണ്ടല്ലോ,

 'നീ'യെന്റെ പാതി ജീവിതമാണെന്നു,

പറയുന്ന പതി-പത്നിമാരുമുണ്ട്.

 

 'നീ'യെന്റെ കൂടപ്പിറപ്പല്ലയോ,

 'നീ'യെന്റെ സ്നേഹസുഹൃത്തല്ലയോ,

കോപത്തിനലയടി ഉയരുന്ന നേരം,

 'നീ'യെനിക്കിന്നു കടുപ്പമല്ലോ.

 

ക്ലേശത്താൽ മനമുരുകി മാനത്തു നോക്കുമ്പോൾ,

താരമേ  'നീ'യെന്നെ നോക്കിടുമോ?

പുൽക്കൊടിത്തുമ്പിലെ ചെറുമഞ്ഞു തുള്ളിയെ,

  'നീ'യെന്നെ മെല്ലെ പൊതിഞ്ഞിടുമോ?

 

നിനച്ചിരിക്കാതെ കടന്നു വന്നല്ലോ 'നീ',

മരണമേ ഇന്നെന്റെ അരികിലായി,

മറുത്തൊന്നും പറയാതെ നിന്നോട് ചേർന്നപ്പോൾ,

 'നീ'യെന്ന സത്യത്തെ തിരിച്ചറിഞ്ഞു.

 

എഴുതുന്ന വരികളിൽ  'നീ'യുണ്ടല്ലോ,

പാടുന്ന ചുണ്ടിലും  'നീ'യുണ്ടല്ലോ,

പലവുരി പറയുന്ന വാക്കുകൾക്കുള്ളിലും,

 'നീ'യിന്നു നിറസാന്നിദ്ധ്യമായി.

 

ഇന്നു ഞാൻ അറിയുന്നു  'നീ'യാരെന്ന്,

ചൊല്ലുവാൻ പറ്റാതെ വിരാജിക്കുന്നു,

എങ്കിലും  'നീ'യില്ലാതീഭൂമിയിൽ,

ഞാൻ പോലും ഏകനായി തീരുമല്ലോ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.