വരളുന്ന കേരളം വലയുന്ന ജനം

മെട്രീസ് ഫിലിപ്പ്, സിംഗപ്പൂര്‍

'തലയ്ക്കുമീതേ ശൂന്യാകാശം താഴെ മരുഭൂമി

തപസ്സുചെയ്യും വേഴാമ്പല്‍ നീ

ദാഹജലം തരുമോ… ദാഹജലം തരുമോ….'

ദൈവത്തിന്റെ സ്വന്തം നാട് – കേരളം. പച്ചപുതച്ച നെല്‍പ്പാടങ്ങളും, തോടുകളും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴകളും ആറുകളും കേരളത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. കേരളത്തിന്റെ മനോഹരമായ ഈ കാഴ്ചകള്‍ കാണുവാന്‍ നിരവധി വിനോദ സഞ്ചാരികള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രകൃതിഭംഗിക്ക് വളരെയധികം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു പ്രദേശത്തിന്റെ ഭംഗി എന്ന് പറയുന്നത് അവിടുത്തെ മനോഹരമായ തടാകങ്ങളും മരങ്ങളും മലകളും എല്ലാം ആണ്. തെളിനീരൊഴുകുന്ന ഒരു തടാകവും അല്ലെങ്കില്‍ ഒരു കുളവും കണ്ടാല്‍ ഏതൊരാളും ഒന്ന് നോക്കിപ്പോകും. അതിനാല്‍ ജലസമ്പത്ത് വളരെ വലുതാണ്.

ജലം അമൂല്യമാണ്. അത് പാഴാക്കരുത്. ജലത്തിനുവേണ്ടി സമരങ്ങളും ഹര്‍ത്താലുകളും നടന്നുവരുന്ന കാലമാണ് ഇപ്പോള്‍. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ജലത്തിനുവേണ്ടി നിരന്തരമായ തര്‍ക്കങ്ങളും കോടതികളില്‍ കേസുകളും നടക്കുന്നുണ്ട്. ലോകരാഷ്ട്രങ്ങളില്‍ ജലത്തിന്റെ ക്ഷാമം വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇന്ത്യാരാജ്യത്ത് പല സംസ്ഥാനങ്ങളും വെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചകാണുവാന്‍ സാധിക്കും. ഒരു കിണറിന്റെ ചുറ്റും കൂട്ടം കൂടിനിന്ന് ഒരിറ്റ് വെള്ളത്തിനായി കലപിലകൂട്ടുന്നതും കാണുവാന്‍ സാധിക്കും. 2017 ല്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം (പ്രതിസന്ധി) വെള്ളത്തിന്റെ പേരിലായിരിക്കും. ജനുവരി മാസത്തില്‍ത്തന്നെ കഠിനമായ ചൂട് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. കേരളത്തിലെ ഏറ്റവും ചൂടേറിയ ജില്ലയായ പാലക്കാട് ഇപ്പോള്‍ത്തന്നെ ജലത്തിനുവേണ്ടി കേഴുകയാണ്. അവിടുത്തെ നദികള്‍ എല്ലാം വറ്റിക്കഴിഞ്ഞിരിക്കുന്നു. നെല്‍കൃഷിയെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. കുടിവെള്ളം തന്നെ കിട്ടാതെ വരുന്നു. ഹോട്ടലുകള്‍ അടച്ച് പൂട്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഇപ്പോള്‍ നെല്ല് ഉല്പാദനം പ്രതിസന്ധിയില്‍ ആയിരിക്കുന്നു. എല്ലാ ജില്ലകളും ഇതേ പ്രശ്‌നത്തില്‍തന്നെയാണ്. പാടശേഖരങ്ങള്‍ വെള്ളമില്ലാതെ വിണ്ട്കീറിക്കഴിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ ഉണങ്ങിയ നെല്‍ച്ചെടികള്‍ തീയിട്ട് പ്രതിഷേധിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ എല്ലാ മാധ്യമങ്ങളും കേരളത്തിന്റെ വരള്‍ച്ചാ റിപ്പോര്‍ട്ട് ദിവസവും ചെയ്തുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ കുടിവെള്ള വിതരണം ആരംഭിച്ച് കഴിഞ്ഞു. ഈ വെള്ളം കുടിവെള്ളം ആണോ എന്ന് പരിശോധിച്ചശേഷം ഉപയോഗിക്കാന്‍ പരിശ്രമിക്കാം.

കേരളത്തില്‍ ജലം ലഭ്യതകുറവ് മൂലം പ്രതിസന്ധിയാകുന്നത് നിരവധി മേഖലകളിലാണ്. ജലംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഇടുക്കി പവ്വര്‍ സ്റ്റേഷന്‍ ഇപ്പോഴത്തെ ഉല്‍പാദനം കുറച്ച് കഴിഞ്ഞിരിക്കുന്നു. കൂടംകുളത്തുനിന്നുള്ള വൈദ്യുതി ലഭ്യമായില്ലെങ്കില്‍ കേരളം ഇരുട്ടിലാകും. കാര്‍ഷികമേഖല ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചിരിക്കുന്നു. വെള്ളം ഇല്ലാത്ത ജീവിതം മനുഷ്യന് ചിന്തിക്കാന്‍ പറ്റുകയില്ല. 

മുപ്പത്-നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുൂടെ നാട്ടില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഇല്ലായിരുന്നു. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, പാടശേഖരങ്ങള്‍ മണ്ണിട്ട് നിറച്ചതും, മഴക്കാലത്ത് ഭൂമിയിലേക്ക് മഴവെള്ളം താഴാതെ കടലിലേക്ക് ഒഴുകിപോയതും എല്ലാംകൊണ്ട് തന്നെ ആണ് കേരളം ഇത്രയും വലിയ ഒരു ജലദൗര്‍ലഭ്യത്തിന് കാരണമായത്. സംസ്ഥാനത്തെ ഒട്ടനവധി മലകള്‍ ഇടിച്ചുനിരത്തി. നമ്മുടെ കാരണവന്മാര്‍ മലനിരകള്‍ എല്ലാം കല്ലുകൊണ്ട് തട്ട്കള്‍ നിര്‍മ്മിച്ചിരുന്നു. വളരെ കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നതുകൊണ്ട് മഴവെള്ളം ഒലിച്ച് പോകാതെ കൃഷിയിടത്തില്‍ത്തന്നെ താഴുകയും ചെയ്തിരുന്നു. ഭൂമിയിലേക്ക് മഴവെള്ളം താഴ്ന്നാല്‍ മാത്രമെ ജലസമ്പത്ത് നിലനില്‍ക്കുകയുള്ളൂ. 2016 ല്‍ കാലവര്‍ഷം കുറവായതും പ്രശ്‌നത്തിന് മൂര്‍ച്ചകൂട്ടി. പുതിയ വാര്‍ത്തകള്‍ അനുസരിച്ച് കുടിവെള്ളം നല്‍കുന്നതിന്റെ അളവ് കുറക്കുകയും ജനങ്ങള്‍ വെള്ളം ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കുകയും വേണം.

നമ്മുടെ സംസ്ഥാനത്തെ നിരവധി പുഴകളും തോടുകളും മലിനമാകാതെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമതന്നെയാണ്. ജനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ എല്ലാം ഗവണ്മെന്റിന്റെ തലയില്‍ കെട്ടിവച്ചാല്‍ ജനങ്ങള്‍ക്ക് തന്നെയാണ് അതിന്റെ ദോഷം. തല്‍ക്കാലത്തെ സൗകര്യത്തിനുവേണ്ടി നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തോടുകളില്‍ നിറഞ്ഞ് നീരൊഴുക്കില്ലാതെ മലിനമാകുകയും, എലിയും മറ്റ് ക്ഷുദ്രജീവികളും പെറ്റ് പെരുകുകയും കൊതുക് ഉണ്ടാകുകയും ജനങ്ങള്‍ക്ക് ഗവണ്മെന്റിിനെ കുറ്റംപറയും. ആയതിനാല്‍ ജനങ്ങള്‍ മാലിന്യങ്ങള്‍ ഒരു കാരണവശാലും തോടുകളിലും പുഴകളിലും നിക്ഷേപിക്കരുത്. ഇപ്രകാരം മലിനമാക്കുന്നവരെ ശിക്ഷിക്കുകതതന്നെ ചെയ്യണം. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ ശക്തമായി പ്രവര്‍ത്തിക്കണം. നല്ല പ്ലാനിംഗോടുകൂടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. താല്‍ക്കാലികമായി ചെയ്യാതെ സ്ഥിരമായി പ്രയോജനകരമാകുന്ന ഡാമുകള്‍ തടയണകള്‍ എല്ലാം നിര്‍മ്മിക്കണം. അടുത്ത മഴക്കാലത്ത് മഴവെള്ളം ഒഴുക്കിക്കളയാതെ സംഭരിക്കുവാന്‍ സാധിക്കുന്ന രീതികളിലുള്ള നൂതന രീതിയിലുള്ള സംഭരണികളും നിര്‍മ്മാണങ്ങളും നടത്താം. പുതിയതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങളും വീടുകളിലും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കണം. കേരളാ കവണ്മെന്റ്  വരള്‍ച്ചയുടെ കാഠിന്യംകൊണ്ട് മന്ത്രിസഭതന്നെ ചേരുകയുണ്ടായയി. എല്ലാ പഞ്ചായത്തുകളിലും ജലസംരക്ഷണ യസേനയുണ്ടാക്കി ജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കര്‍മ്മ സേനവഴി നടപ്പിലാക്കും. ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള 30000 മീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ജലസംഭരണികള്‍ നിര്‍മ്മിക്കും എന്നാണ് പുതിയ പ്രസ്താവന. എന്തൊക്കെയായാലും കേരളം ഇപ്പോള്‍ തന്നിെ കൊടും വരള്‍ച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. കേരളം വരളുകയാണ്. നല്ല ഒരു വേനല്‍ മഴക്കായി നമ്മള്‍ക്ക് പ്രാര്‍ത്ഥിക്കാം. അടുത്ത മഴക്കാലത്ത് നല്ല മഴലഭിക്കണമേ എന്നും പ്രാര്‍ത്ഥിക്കാം. വെള്ളമില്ലാതെ കടല്‍വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കേണ്ട സ്ഥിവന്ന് ചേര്‍ന്നേക്കാം. എല്ലാ  കാര്യത്തിനും ഗവണ്മെന്റിനെ കുറ്റപ്പെടുത്താതെ നമമ്മള്‍ത്തന്നെ ചെയ്യേണ്ട കാ്യങ്ങള്‍ ചെയ്യാം. നാളത്തെ പുതുതലമുറയ്ക്ക് ലഭിക്കാന്‍ ഉതകുന്ന രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. അതിനാല്‍ ജലം അമൂല്യമാണ്. അത് പാഴാക്കരുത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.