Breaking news

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

സിബി ബെന്നി കൊച്ചാലുങ്കൽ

ജെറുസേലം

മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ താഴ്വരകളിലൂടെ ഒലീവിലകളുടെ തണലിലൂടെ നമുക്കൊരു മടക്കയാത്രപോകാം, ജെറുസലേമിലെ കുന്നിൻചെരുവുകളിലേക്കും പിന്നെയവിടുത്തെ രാജവീഥികളിലേക്കും.

ജെറുസലേം എന്നാൽ പുണ്യഭൂമി എന്ന തലപ്പാവിലെ വിലമതിക്കാനാവാത്ത രത്നമാണ്. ദൈവികസമ്മാനവും അനേകം വാഗ്‌ദാനങ്ങളുടെ ഭാഗവുമായ ജെറുസലേം പഴയനിയമത്തിലും അതിനേക്കാൾ പ്രാധാന്യത്തോടെ പുതിയനിയമത്തിലും നമുക്ക് പരിചിതമാണല്ലോ?

പരിശുദ്ധദൈവമാതാവ് തൻറെ ശുദ്ധീകരണത്തിൻറെ നാളിൽ ഉണ്ണീശോയെ ജെറുസലേം ദേവാലയത്തിൽ കൊണ്ടുചെന്ന് സർവ്വേശ്വരന് കാഴ്ചവെച്ചു, യേശുവിന്റെ പരിച്ഛേദനം നടത്തപ്പെട്ടു. വീണ്ടും സുവിശേഷത്തിലൂടെ സഞ്ചരിച്ചാൽ പന്ത്രണ്ടാം വയസിൽ കാണാതെപോയ ബാലനായ യേശുവിനെ കണ്ടുകിട്ടിയത് ജെറുസലേം ദേവാലയത്തിലെ വേദപണ്ഡിതരോടൊപ്പമാണ്. എല്ലാവർഷവും ജറുസലേം ദേവാലയത്തിൽപോയി പെസഹ ആചരിക്കുക ഒരു യഹൂദന്റെ കടമയാണ്. യേശുവും എല്ലാവർഷവും പോയിട്ടുണ്ടാവാം എന്നിരുന്നാലും സുവിശേഷത്തിലെ ചിത്രീകരണപ്രകാരം ജെറുസലേമിലേക്കുള്ള മൂന്നാമത്തെ വരവ് രാജകീയപ്രവേശനമാണ്. സൈത്തിൻകൊമ്പുകളും ജയ്‌വിളികളും ആർപ്പും ആരവവും ചേർന്നുള്ള ഒരാഘോഷം. ഈ വരവിലായിരുന്നു നാലുസുവിശേഷകരും പ്രതിപാദിച്ചിട്ടുള്ള ദേവാലയ ശുചീകരണവും നടന്നത്.

തുടർന്നുള്ളത് വഞ്ചനയുടെ, ചതിയുടെ, ക്രൂരതകളുടെ, സഹനങ്ങളുടെ, പരിഹാസത്തിൻറെ, പീഡാനുഭവത്തിൻറെ കാൽവരി യാത്രയായിരുന്നു. ആ യാത്രയിൽ യേശു ജെറുസലേമിനെക്കുറിച്ച് വിലപിച്ചു, ദേവാലയത്തിൻറെ നാശത്തെക്കുറിച്ചു പ്രവചിച്ചു.

പലപല രാജ്യങ്ങളുടെയും ചക്രവർത്തികളുടെയും ആക്രമങ്ങളാലും യുദ്ധങ്ങളാലും തകർക്കപ്പെട്ട ജറുസലേമിൽ ഇന്ന് കാണുന്ന വന്മതിൽ പതിനാറാം നൂറ്റാണ്ടിൽ ottoman ഭരണകാലത്തു് നിർമ്മിക്കപ്പെട്ട എട്ടു കവാടങ്ങളോടുകൂടിയ ഒരു കോട്ടയാണ്; ഉൾഭാഗം മുസ്ലീമുകൾക്കും,ക്രിസ്ത്യാനികൾക്കും,യഹൂദർക്കും പിന്നെ അർമേനിയർക്കുമായി ഭാഗം വച്ചിരിക്കുന്നു. ജറുസലേമിലെ ഏതുഭാഗത്തുനിന്ന് നോക്കിയാലും കാണാവുന്ന, സ്വർണ്ണംകൊണ്ട് പുനർനിർമ്മിച്ച “the dome of rock ” അതായത് അബ്രാഹം ഇസഹാക്കിനെ ബലികഴിക്കാൻ കൊണ്ടുപോയ മോറിയ മല മുസ്ലീംഭാഗത്താണെങ്കിൽ പഴയ ജെറുസലേംദേവാലയത്തിന്റെ ഭാഗമായ western wall യഹൂദരുടെ വീതത്തിലാണ്. മിശിഹായുടെ കുരിശുമരണത്തിൻറെ ബാക്കിപത്രമായ കുരിശിൻറെ അവശിഷ്ടങ്ങളും കല്ലറയും ക്രിസ്തിയാനികളുടെ അവകാശത്തിൽ church of holy sepulchre -ൻറെ ഭാഗമായി നിലകൊള്ളുന്നു. ഭൂചലനങ്ങളാലും, യുദ്ധങ്ങളാലും തകർക്കപ്പെട്ട ഈ പ്രദേശങ്ങൾ ഇന്ന് കടകമ്പോളങ്ങളുടെയും വിവിധ രാജ്യങ്ങളും മതങ്ങളും തമ്മിലുള്ള ചേരിപ്പോരിന്റെയും ബാക്കിപത്രമാണെങ്കിൽ യേശു മുട്ടുകുത്തി,രക്തംചിന്തി പ്രാർത്ഥിച്ച ഒലീവ് തോട്ടവും, തടവിലാക്കപ്പെട്ട പ്രത്തോറിയവും മാനവബുദ്ധിയുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അതീതമായി നിലകൊള്ളുന്നു.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ ഇസ്രായേലിൻറെ ചിരകാലസ്വപ്നമായ ജറൂസലേം ദേവാലയം രണ്ട് പ്രാവശ്യം നിമ്മിച്ചുവെങ്കിലും ഇന്ന് അങ്ങനെയൊരു ദേവാലയം അവിടെയില്ല. തേനും പാലും ഒഴുകുന്ന നാടാണ്,ലോകത്തിലെതന്നെ ഏറ്റവും വിദഗ്‌ദരായ ജനതയാണ്,സൈന്യമാണ്, ആയുധബലമാണ്. എന്നിട്ടെന്തേ ?? എന്നോരുചോദ്യം എന്നോടൊപ്പം നിങ്ങൾക്കും ഉണ്ടാകുമല്ലോ ?

പണ്ടൊരുന്നാൾ മോറിയാമലയിൽ വച്ച് ഇസഹാക്കിനോട് അബ്രഹാം പറഞ്ഞു കുഞ്ഞാടിനെ ദൈവം തരുമെന്ന്. പ്രവചനംപോലെ പെസഹകുഞ്ഞാടായ മിശിഹാ ആ കുന്നിൻചെരുവിൽ ബലിയായി തീർന്നു. മൂന്നുദിവസംകൊണ്ട് പുനരുദ്ധരിക്കപ്പെടുമെന്ന് സ്വന്തം ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചു പറഞ്ഞതും യേശു സമരിയക്കാരി സ്ത്രീയോട് പറഞ്ഞതും (ഈ മലയിലോ,ജറുസലേമിലോ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു, അത് ഇപ്പോൾ തന്നെയാണ്) ഇപ്പോൾ നമുക്ക് കൂട്ടിവായിച്ചുകൂടെ? ഒപ്പം മുന്തിരിത്തോട്ടത്തിന്റെയും കൃഷിക്കാരുടെയും ഉപമയും ..

പൂർവപിതാമഹൻ അബ്രാഹവും സാറാമ്മച്ചിയും പോലെ ഹാഗാറിനെക്കുറിച്ചും മകൻ ഇസ്മായേലിനെക്കുറിച്ചും അറിയുമ്പോൾ ജറുസലെമിന്റെ അവസ്ഥ കൂടുതൽ വ്യക്തമാകും. മരുഭൂമിയിൽ പ്രാണരക്ഷാർത്ഥം കയ്യ്കാലിട്ടടിച്ചുകരഞ്ഞ പൈതലിനായ്‌ ദാഹജലം ഒരുക്കിയ ദൈവം അടിമപ്പെണ്ണിൻറെ മകനെയും-കാട്ടുകഴുതയുടെ കരുത്തുള്ള സമർത്ഥനായ വില്ലാളിയായ് വളർത്തി ഒരു ജനതയാക്കി. യഹൂദനും മുസൽമാനും ക്രിസ്ത്യാനിക്കും ഒരേ പിതൃത്താവകാശം. ഓരോരുത്തനും അവനവൻറെ വിശ്വാസങ്ങൾ പ്രിയപ്പെട്ടതാണ്, വേരുകൾ അതിനേക്കാൾ ആഴമാർന്നതും. എൻറെമേൽ കുരിശിൻറെ തിലകം ചാർത്തിയത് ഞാൻ ക്രൈസ്തവ മാതാപിതാക്കളിൽ ജനിച്ചതുകൊണ്ടുമാത്രമാണ്‌. ആ തെരഞ്ഞെടുപ്പ് കേവലം സ്ത്രീപുരുഷബന്ധത്തിൽ ഒതുക്കാവുന്നതല്ലെന്നും ഞാൻ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിലെ ദൈവമക്കളിൽ ദൈവത്തിന്റെ രൂപം ദർശിക്കാൻ നമുക്ക് കഴിയട്ടെ ഇനിയെങ്കിലും!

ഞാനിത്രനേരവും കാണാമറയത്തെ കാഴ്ചകൾ വിവരിച്ചപ്പോൾ നേർക്കാഴ്ചകളായ് കണ്ടുനടക്കാനും ചുറ്റിത്തിരിയാനും ജറുസലേമിൽ ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട്. UPPER ROOM അഥവാ അന്ത്യത്താഴം നടന്ന വിരുന്നുശാല, ശിഷ്യന്മാരുടെ കാലുകൾ കഴുകുകയും പൗരോഹിത്യം എന്ന കൂദാശ സ്ഥാപിക്കുകയും പിന്നീട് ശിഷ്യന്മാരുടെമേൽ തീനാളമായി പരിശുദ്ധാന്മാവു ആവസിക്കുകയുംചെയ്തിടം സെഹിയോൻ ഊട്ടുശാല എന്നപേരിൽ നമുക്ക് പരിചിതമാണല്ലോ? ഈശോയെ ഉദരത്തിൽ വഹിച്ച മറിയം ഇളയമ്മയായ എലീശയെ സന്ദർശിച്ച സക്കറിയയുടെ വേനൽക്കാല വസതി ജെറുസലേമിന്റെ പടിഞ്ഞാറൻ ചെരുവിലാണ്. പലസ്തീൻപട്ടണമായ ബെത്ലഹേം 10 km മാത്രം അകലെ ജെറുസലേമിൻറെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുമ്പോൾ 151 km അകലെ ഇസ്രയേലിന്റെ വടക്കുഭാഗത്താണ്‌ നസ്രത്. അങ്ങനെ തുടക്കത്തിൽ പറഞ്ഞിരുന്നപോലെ ഈശോയുടെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങൾ ജറുസലേമിൽ തന്നെയാണ്. ക്രൈസ്‌തവസഭയുടെ ആദ്യത്തെ രക്തസാക്ഷിയും ഉഴവൂരിൻറെ മദ്ധ്യസ്ഥനുമായ എസ്തപ്പാനോസ് കല്ലെറിയപ്പെട്ടത് LION’S GATE എന്നറിയപ്പെടുന്ന കോട്ടവാതിക്കലിലാണ്. ആ കവാടം ST.STEEPHENS GATE എന്നും പറയപ്പെടുന്നു. ജെറുസലേം കോട്ടവാതിലിലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കവാടമാണ് THE GOLDEN GATE അഥവാ കരുണയുടെ വാതിൽ. അവസാനവിധിയിൽ മിശിഹ വരുന്നത് അടഞ്ഞുകിടക്കുന്ന ഈ കവാടങ്ങൾ തുറന്നാണത്രെ. ആ വിശ്വാസത്തിൽ ഈ കവാടത്തിന് അഭിമുഖമായാണ് ശവക്കല്ലറകളുടെ താഴ്വര കെദ്രോൻ.

വിധിദിവസം, കല്ലറകൾ, THE GATE OF ETERNAL LIFE ഇവയെല്ലാം ചേർന്ന് അകാരണമായ ഒരു ഭയം ഞങ്ങളെ വിഴുങ്ങിയോ എന്നൊരുസംശയം. ജീവിതത്തിലെ കുരിശുകൾ വിശുദ്ധനാട്ടിൽ ഇറക്കിവെക്കാൻപോയവരും ഒരു കൊന്തകുരിശെങ്കിലും അവിടെനിന്ന് കരുതാൻ മറന്നില്ലായെന്നതാണ് സത്യം. മരണഭയമോ അതോ കുരിശുവഹിച്ചുകൊണ്ട് തമ്പുരാൻറെ കാല്പാടുകൾ പിന്തുടരാനുള്ള ഒരു മനോബലമാണോ അതിനു പിന്നിൽ?

ഇനി ഈജിപ്റ്റിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ജെറുസലേമിനോട് വിട. മഞ്ചാടിക്കുരുവിന്റെ നിറവും ഇലഞ്ഞിപൂക്കളുടെ സുഗന്ധവും ഉള്ള ജറുസലേമിന്റെ ഓർമ്മകൾ മുന്നോട്ടുള്ള യാത്രയിൽ കൂട്ടിനുണ്ടായിരിക്കട്ടെ. ഓർമ്മകളുടെ നിലവറയിലും തട്ടിൻപുറത്തുമായ് കാത്തുസൂക്ഷിക്കുന്ന മയിൽപ്പീലിത്തുണ്ടും പ്ലാവിലത്തൊപ്പിയുംപോലെ തലമുറകൾക്ക് പറഞ്ഞുകൊടുക്കാൻ.

Facebook Comments

knanayapathram

Read Previous

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

Read Next

മറ്റക്കര ഒഴുങ്ങാലില്‍ സജോ ജോസഫ് (44) നിര്യാതനായി