Breaking news

മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?

സ്വന്തം ലേഖകന്‍

കോട്ടയം അതിരൂപതയുടെ ആതുരസേവനരംഗത്ത് വളരെ വലിയ സംഭാവനകള്‍ നല്‍കി ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരുടെ ഇടയില്‍ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു  സി. ഡോ. മേരി മര്‍സലൂസ്. സിസ്റ്ററിന്റെ മൃതസംസ്‌കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലൂടെ നടത്തുമെന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ തികച്ചും നിര്‍ഭാഗ്യകരവും വേദനാജനകവുമായ നാടകീയ രംഗങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക്  തല്‍സമയ സംപ്രേഷണം നടത്തുവാന്‍ സാധിച്ചില്ല. മാധ്യമ സംസ്‌കാരത്തിനു തികച്ചും നിരക്കാത്തതും സംസ്‌കാര ശുശ്രൂഷാവേളകളിൽ പോലും മാനസിക സമ്മര്‍ദ്ദത്തിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ചില വ്യക്തികളുടെ യഥാര്‍ത്ഥ മുഖം വായനക്കാരുടെ മുമ്പില്‍ ഞങ്ങള്‍ തുറന്നുകാട്ടുകയാണ്. ക്‌നാനായ സമൂഹത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ ഒരു മാധ്യമം എന്ന നിലയിലും, തന്റെ ജീവിതം സമൂഹത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഒരു മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന, സിസ്റ്റര്‍ മേരി മര്‍സലൂസിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍, തല്‍സമയം ലോകജനതയുടെ മുന്‍പില്‍ എത്തിക്കുക എന്നുള്ളത് ഒരു മാധ്യമ ധര്‍മ്മമായി ഞങ്ങള്‍ കാണുകയാണ്. അതോടൊപ്പം സിസ്റ്ററിന്റെ ബന്ധുക്കള്‍ തന്നെ, സിസ്റ്ററിന്റെ സഹോദര വൈദികനുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ സമ്മതപ്രകാരം യു.കെ.യില്‍ താമസിക്കുന്ന ബന്ധുക്കള്‍ ഞങ്ങളോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ക്‌നാനായ പത്രത്തിന്റെ ലൈവ് ടെലികാസ്റ്റിംഗ് ടീമും കിടങ്ങൂരില്‍ ചെല്ലുകയുണ്ടായി. എന്നാല്‍ ഇതിനെ ക്‌നാനായ വോയിസിന്റെ ടീമംഗങ്ങള്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ ഇടപെട്ട് ക്‌നാനായ പത്രം ടീമംഗങ്ങളോട് വീഡിയോ എടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും, അവിടെനിന്ന് പോകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സിസ്റ്റര്‍ മാര്‍സലോസിനോടുള്ള ബഹുമാനാര്‍ത്ഥവും മൃതസംസ്‌കാര വേളയില്‍ ഒരു അസ്വാരസ്യം ഉണ്ടാക്കുന്നത് മാന്യതയ്ക്ക് നിരക്കാത്ത കാര്യമായതിനാലും ഞങ്ങളുടെ ടീം അംഗങ്ങള്‍ അവിടെനിന്ന് പിന്‍വാങ്ങുകയായിരുന്നു.

തുടര്‍ന്ന് യു.കെ.യില്‍ നിന്നും ഞങ്ങള്‍ ടെലിഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ വളരെ വേദനാജകമായ ഒരു കാര്യമാണ് മനസ്സിലാക്കാനായത്. മദര്‍ സുപ്പീരിയര്‍ ആയ തനിക്ക് വ്യക്തിപരമായി ആര് വീഡിയോ എടുക്കുന്നതിനും എതിര്‍പ്പില്ലായിരുന്നുവെന്നും, എന്നാല്‍ ക്‌നാനായ വോയിസിന്റെ ടീം അംഗങ്ങള്‍ ക്‌നാനായ പത്രത്തെ വീഡിയോ എടുക്കാന്‍ അനുവദിച്ചാല്‍ അവിടെനിന്നും അവരുടെ ലൈവ് ടെലികാസ്റ്റ് നിര്‍ത്തി ഇറങ്ങിപ്പോകുമെന്ന് പറഞ്ഞ് തന്നെ മാനസികസമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് താന്‍ ഇടപെട്ടതെന്ന് ഞങ്ങളെ അറിയിച്ചു.

ക്‌നാനായ പത്രം തുടങ്ങിയ നാള്‍ മുതല്‍ പലതരത്തില്‍ ഞങ്ങളെ തകര്‍ക്കുവാനായി ശ്രമിച്ചിരുന്നെങ്കിലും സ്വന്തം സമുദായത്തിലെ തന്നെ ഒരു സഹോദര മാധ്യമം എന്ന നിലയില്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ മൃതസംസ്‌ക്കാര വേളകളില്‍ പോലും മാനസിക സമ്മര്‍ദ്ദത്തിലൂടെ തങ്ങളുടെ ഏകാധിപത്യം കാണിക്കാന്‍ ശ്രമിക്കുന്ന ഈ മാധ്യമസംസ്‌ക്കാരത്തെ ഇനിയും അവഗണിക്കാനാവില്ല. വര്‍ഷങ്ങളായി മൃതസംസ്‌കാര ശുശ്രൂഷകള്‍ ലൈവ് ടെലികാസ്റ്റിംഗ് എന്ന പേരില്‍  (എന്നാല്‍ രണ്ട് മണിക്കൂറിനുശേഷം മാത്രം ടെലികാസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ട്) ഇരുപതിനായിരം രൂപ വരെ വാങ്ങിച്ചുകൊണ്ടിരുന്ന ഈ മാധ്യമം ക്‌നാനായ പത്രം തല്‍സമയ സംപ്രേഷണം ആരംഭിച്ചപ്പോള്‍ പതിനയ്യിയായിരമായി താഴ്‌ത്തേണ്ടി വന്നതിന്റെ മനോവിഷമമാണോ ഇതിന്റെ പിന്നില്‍?

കോട്ടയം രൂപതയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാന പരിപാടികള്‍ ഒരു മാധ്യമം എന്ന നിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഒരു മാധ്യമ ധര്‍മ്മമായി ഞങ്ങള്‍ കരുതുന്നു. ഇതിനായി ഞങ്ങള്‍ ശ്രമിച്ചത് തെറ്റാണോ?

ഇതിനു മുമ്പും തികച്ചും പ്രകോപനപരമായ പലകാര്യങ്ങളും നടന്നിട്ടും ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇനിയും ജനങ്ങളുടെ മുമ്പില്‍ എത്തിച്ചില്ലാ എങ്കില്‍ ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് പല അത്മായ പ്രമുഖരും, വൈദികരും, സന്യസ്തരുമുള്‍പ്പെടെ ഞങ്ങള്‍ക്ക്  ഉപദേശം  നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

Read Next

ക്നാനായക്കാരിയുടെ തൂലികയിൽ നിന്നും ഈ വർഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനം” മഞ്ഞുപെയ്യും രാത്രിയിൽ “

Most Popular