Breaking news

ജീവിത അവസാനം വരെ പൗരോഹിത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച ഏവരുടെയും പ്രീയപ്പെട്ട മാവേലിൽ അച്ചന് എന്റെ കണ്ണീർ പ്രണാമം

മാവേലി അച്ചന്റെ മരണ വാർത്ത വളരെ വേദനയോടെയാണ് കേട്ടത് . ജീവിതത്തിൽ അടുപ്പമുണ്ടായിരുന്ന വൈദീകരിൽ ഒരാൾ കൂടി വിടവാങ്ങി. വളരെ ശാന്തനായ സ്നേഹനിധിയായ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു വൈദീകൻ. ആരേയും വേദനിപ്പിക്കാത്ത സഹായം ആവശ്യമുള്ളടത്തു ഒരു സഹായകനായ് മുൻപിൽ നിന്നിരുന്ന വ്യക്തി. ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചിരുന്ന എല്ലാവരുടെയും പ്രീയപ്പെട്ട മാവേലി അച്ചൻ ഓർമ്മയിലേക്ക് മടങ്ങുന്നു. ഒരിക്കലെങ്കിലും അച്ചനുമായി പരിചയപെട്ടവർ അദ്ദേഹത്തെ മറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

2003 മെയ്മാസം 18ആം തിയതി ആണ് മാവേലി അച്ചൻ ഞങ്ങളുടെ പള്ളി (സെന്റ് മേരീസ് ക്‌നാനായ ദേവാലയം , ഇരവിമംഗലം)വികാരിയായി എത്തുന്നത് . അത് ഞങ്ങളുടെ ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി വർഷമായിരുന്നു. ജൂബിലി ആഘോഷ കമ്മിറ്റിയിൽ അച്ചനൊപ്പം പ്രവർത്തിക്കുവാൻ എനിക്ക് കിട്ടിയ അവസരം എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ദിനങ്ങളായിരുന്നു.

എന്ത് പ്രതിസന്ധിഘട്ടങ്ങൾ വന്നാലും തന്മയത്വത്തോടെ അതിനെ നേരിടാനുള്ള മനക്കരുത്ത് അച്ചന് ഉണ്ടായിരുന്നു. അങ്ങനെ അച്ചൻ വന്ന നാൾ മുതൽ ഞാൻ യുകെയിലേക്ക് പോരുന്ന നാൾ വരെ ഏതാണ്ട് രണ്ടു വർഷക്കാലം അച്ചന്റെ ഒരു നിഴലായി ഞാൻ ഉണ്ടായിരുന്നു എന്നതാണ് സത്യം. എല്ലാദിവസവും ഒരല്പനേരം എങ്കിലും അച്ഛൻറെ അടുത്തു പോയി ഇരുന്ന് സംസാരിക്കാത്ത ദിനങ്ങൾ ഇല്ലായിരുന്നു. ഞാനൊരിക്കലും അച്ചൻ ഒരാളോട് പോലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം സ്നേഹത്തോടെ പറഞ്ഞു തീർക്കുവാൻ ഉള്ള ഒരു പ്രത്യേക കഴിവ് അച്ചന് ഉണ്ടായിരുന്നു. വളരെ മനോഹരമായ ജൂബിലി സമാപനത്തിന് ശേഷം സുവർണ്ണ ജൂബിലിയുടെ സ്മരണിക പ്രസിദ്ധീകരണത്തിലും അച്ഛനോടൊപ്പം പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചു. സ്മരണികയുടെ ഓരോ പ്രവർത്തനത്തിലും അച്ഛൻറെ കയ്യൊപ്പ് ഉണ്ടായിരുന്നു, എല്ലാ കാര്യങ്ങളും കൃത്യതയോടെ നോക്കി എല്ലാത്തിനും വേണ്ട മാർഗനിർദേശങ്ങൾ നൽകി ഒരു പിതാവിന്റെ വാത്സല്യത്തോടെ ഞങ്ങളെ സ്നേഹിച്ചിരുന്ന ആളായിരുന്നു ബഹുമാനപ്പെട്ട മാവേലി അച്ഛൻ. ജൂബിലി സ്‌മാരകമായി മനോഹരമായ ഒരു പാരിഷ് ഹാൾ കൂടി യാതൊരു നിർബന്ധിത പിരിവും കൂടാതെ പൂർത്തീകരിച്ചതിനു ശേഷം ആണ് അദ്ദേഹം ഇരവിമംഗലത്തുനിന്നും പിൻവാങ്ങിയത്. യുകെയിലേക്ക് പോന്നതിനു ശേഷവും എന്ന് അവധിക്ക് പോയാലും ഒരിക്കലെങ്കിലും അച്ഛൻറെ അടുത്തു പോകാതെ ഇരുന്നിട്ടില്ല. എവിടെവച്ച് കണ്ടാലും പേര് ചൊല്ലി വിളിക്കുന്ന സ്നേഹനിധിയായ ഒരു വൈദികൻ ഓർമയിലേക്ക് മടങ്ങുന്നു. അച്ചന്റെ വിയോഗം ഒരു തീരാ നഷ്ടമാണ് പ്രത്യേകിച്ച് കോട്ടയം അതിരൂപതക്കും ക്നാനായ സമുദായത്തിനും. അച്ഛൻറെ കൂടെ പ്രവർത്തിക്കുവാൻ സാധിച്ച ആ നല്ല കാലഘട്ടത്തിലെ ഒരായിരം ഓർമ്മകൾക്ക് മുൻപിൽ ശിരസ് നമിച്ചുകൊണ്ട് അച്ഛൻറെ ഓർമകൾക്ക് മുൻപിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കുന്നു പൗരോഹിത്യത്തിന്റെ പരിശുദ്ധി ജീവിതത്തിൽ അനുവർത്തിച്ച വന്ദ്യ പുരോഹിതാ അങ്ങേക്ക് എന്റെ ശതകോടി പ്രണാമം

സിറിൾ പനംങ്കാല , നോട്ടിങ്ഹാം , യു കെ ( ഇരവിമംഗലം )

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

Read Next

ഫാ. മാത്യു മാവേലിയുടെ മൃതസംസ്‌ക്കാരശുശ്രൂഷകൾ നാളെ