കോട്ടയം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ വേണ്ടി മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ബഗ്ഗി കാറുകള്‍

കോട്ടയം: സാധാരണക്കാരായ പൊതുജനങ്ങളുടെ കോട്ടയത്തെ പ്രധാന ആശ്രയകേന്ദ്രമായ കോട്ടയം ജനറല്‍ ആശുപത്രിയിലെ സേവനങ്ങള്‍ രോഗികള്‍ക്ക്‌ സുഗമവും കാര്യക്ഷമവുമാക്കുവാന്‍ രണ്ട്‌ ബഗ്ഗി കാറുകള്‍ കോട്ടയം അതിരൂപത ലഭ്യമാക്കുന്നു. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ്‌ ആശുപത്രിക്ക്‌ രണ്ട്‌ `മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്‌’ കള്‍ അതിരൂപത നല്‍കുന്നത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ സൗകര്യം ക്രമീകരിക്കുന്നത്‌. പൂര്‍ണ്ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകളിലെ ബാറ്ററികള്‍ ഓരോ തവണ റീചാര്‍ജ്ജ്‌ ചെയ്യുമ്പോഴും 74 കിലോമീറ്റര്‍ ദൂരം ഓടിക്കാന്‍ കഴിയും. ആശുപത്രിക്കുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ക്യാബുകള്‍ ശബ്‌ദരഹിതമാണെന്നതും പുകപോലുള്ള മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്‌.

                           പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇന്ധനചിലവിനായുള്ള അമിത സാമ്പത്തിക ഭാരം ഇല്ലാതെ മുന്‍പോട്ട്‌ പോകുവാന്‍ കഴിയുമെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്‌.     ഡ്രൈവിംഗ്‌ അറിയാവുന്ന ആര്‍ക്കും പെട്ടന്ന്‌ പരിചയപ്പെട്ട്‌ ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയില്‍ ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ തുടങ്ങി സാധാരണ സ്റ്റാഫംഗങ്ങള്‍ വരെ ആര്‍ക്കും ഇതിന്റെ സേവനങ്ങള്‍ രോഗികള്‍ക്ക്‌ ലഭ്യമാക്കുവാന്‍ സാധിക്കും. ലഭ്യമാക്കുന്ന രണ്ട്‌ വാഹനങ്ങളില്‍ ഒന്ന്‌ കിടപ്പുരോഗികള്‍ക്കായുള്ള ആംബുലന്‍സ്‌ ക്യാബ്‌ ആണ്‌. പ്രസ്‌തുത വാഹനം ഉപയോഗിക്കുന്നതു വഴി ഗുരുതരാവസ്ഥയിലുളള രോഗികള്‍ക്ക്‌ ശാരീരിക ചലനമുണ്ടാകാതെയും രക്തസ്രാവം മൂലമുണ്ടാകാവുന്ന അപകട സാധ്യത കുറച്ച്‌ സുരക്ഷിതമായും വാര്‍ഡുകളില്‍ എത്തിക്കുവാന്‍ കഴിയും. മൂന്ന്‌ രോഗികള്‍ക്ക്‌ ഇരിക്കാനും കൂടാതെ സ്‌ട്രെച്ചറില്‍ ഒരു രോഗിയെ സംവഹിക്കാനും ബഗ്ഗി കാറില്‍ സൗകര്യമുണ്ട്‌. വീല്‍ ചെയറുകളിലും സ്‌ട്രെച്ചറുകളിലും രോഗികളെ എത്തിക്കേണ്ടി വരുമ്പോള്‍ ആവശ്യമായി വരുന്ന അധിക മാനവ വിഭവശേഷി കുറയ്‌ക്കാനും വേഗതയില്‍ രോഗികളെ ചികിത്സയ്‌ക്കായി എത്തിക്കാനും ഈ കാറുകള്‍ വഴിയൊരുക്കും.

                                                 രണ്ടാമത്തേത്‌ മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്‌ത്രക്രിയ സാമഗ്രികളും സ്റ്റോറില്‍ നിന്നും തിയേറ്ററിലെത്തിക്കാനും ബെഡ്‌ഷീറ്റുകളും രോഗീപരിചരണത്തിന്‌ ആവശ്യമായ ഇതര വസ്‌തുക്കളും അണുവിമുക്തമായി എത്തിക്കുവാനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാര്‍ഗോ ക്യാബ്‌ ആണ്‌.
                                ബഗ്ഗി കാറുകള്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ വരെ ഓടിക്കാം. സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന ബഗ്ഗി 350 കിലോ ഭാരവും വഹിക്കും. 11 ലക്ഷം രൂപ ചിലവഴിച്ച്‌ കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ്‌ കോട്ടയം അതിരൂപത ഇവ വാങ്ങിയത്‌. അഞ്ച്‌ വര്‍ഷത്തേക്കുള്ള ഇവയുടെ സംരക്ഷണ പരിപാലന ഉത്തരവാദിത്വം കമ്പനി വഹിക്കും.
                                             പത്ത്‌ ഏക്കറുള്ള ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും ഏറെ ദൂരം നടന്നാണ്‌ രോഗികള്‍ വാര്‍ഡുകളിലും ശസ്‌ത്രക്രിയാ തിയേറ്ററുകളിലും പോകുന്നത്‌. മരുന്നും ഇതര സേവന സാധ്യതകളും എത്തിക്കുന്നതിലും ദൂരം ഒരു പ്രശ്‌നം തന്നെയാണ്‌. വീല്‍ ചെയറുകള്‍ ഇത്രയും ദൂരം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ്‌ കോട്ടയം അതിരൂപത ഇത്തരമൊരു സഹായ ഹസ്‌തവുമായി മുന്‍പോട്ടു വന്നത്‌.
                             ജൂണ്‍ 13 ന്‌ ബുധനാഴ്‌ച രാവിലെ 10.30 ന്‌ ജനറല്‍ ആശുപത്രി ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ `മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്‌’ കള്‍ കോട്ടയം ജനറല്‍ ആശുപത്രിക്ക്‌ കൈമാറും. പ്രതിദിനം ആശുപത്രിയില്‍ ചികിത്സ തേടി എത്തിച്ചേരുന്ന രണ്ടായിരത്തി അഞ്ഞൂറോളം രോഗികള്‍ക്കും ജനറല്‍ ആശുപത്രിയില്‍ കിടന്ന്‌ ചികിത്സ തേടുന്നവര്‍ക്കും മെച്ചപ്പെട്ടതും കാര്യക്ഷമമായതുമായ സേവനം ഈ കാറുകളുടെ ഉപയോഗത്തിലൂടെ ലഭ്യമാക്കുവാന്‍ സാധിക്കുമെന്നതിന്റെ സന്തോഷത്തിലും ഉത്സാഹത്തിലുമാണ്‌ കോട്ടയം ജനറല്‍ ആശുപത്രി അധികൃതര്‍.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.