സ്മാര്‍ട്ട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

സ്മാര്‍ട്ട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കോട്ടയം: കുരുന്നു പ്രതിഭകളുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് പ്രതിഭാസംഗമം സംഘടിപ്പിച്ചു. സ്നേഹോത്സവം 2018 എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കഠിനാധ്വാനത്തോടൊപ്പം ഉയര്‍ന്ന ലക്ഷ്യങ്ങളും ചിന്താഗതികളും ഉള്ളവരായി വളരുവാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നാളയുടെ കരുത്തായ കുട്ടികള്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും പകരുവാന്‍ കെ.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മൈനോരിറ്റി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, ജിജി ജോയി, ജിന്‍റോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ജില്ലകളിലായി രൂപം നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ പ്രതിഭകളാണ് സ്മാര്‍ട്ട് സ്നേഹോത്സവത്തില്‍ പങ്കെടുത്തത്. സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിസ്റ്റര്‍ ബെനറ്റ് എഫ്.സി.സി നേതൃത്വം നല്‍കി. കൂടാതെ കുട്ടികള്‍ക്കായി മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെട്ടു. അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു.                                                                                                                                                           2







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.