വൈദിക സന്യസ്ഥ അല്‍മായ ബന്ധം ക്‌നാനായ സമുദായത്തില്‍

ലേവി പടപുരക്കല്‍
ക്രൈസ്തവ സഭയെ സംബന്ധിച്ചടത്തോളം അല്‍മായരും വൈദികരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അഭേദ്യമാംവിധം അവര്‍ വിശ്വാസത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു. മുന്തിരിവള്ളിയാകുന്ന യേശുവില്‍ ശാഖകളായ വിവിധ വിഭാഗങ്ങളില്‍ പൂവും കായുമായി അവര്‍ പരിലസിക്കുന്നു. ക്രിസ്തു ചൈതന്യമായ നിത്യജീവന്റെ രസം അവര്‍ ഒരുമിച്ച് നുകരുന്നു. പരസ്പരം പങ്കുവയ്ക്കുന്നു.
ക്രിസ്തു പുരോഹിതന്മാരുടെ ശുശ്രൂഷ എപ്രകാരമെന്ന് അന്ത്യത്താഴവേളയില്‍ ക്രിസ്തു കാണിച്ച് തരുന്നു. താലത്തില്‍ വെള്ളമെടുത്ത് വെണ്‍കച്ചയുമരയില്‍ചുറ്റി യേശു ശിഷ്യന്മാരുടെ കാല്‍പാദങ്ങള്‍ കഴുകി വൃത്തിയാക്കുകയും അവയില്‍ ചുംബനത്തിന്റെ സ്‌നേഹമുദ്രപതിപ്പിക്കുകയും ചെയ്യുന്നു. 'ഇതാണെന്റെ ശിഷ്യന്മാരുടെ ലക്ഷണം – നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍' എന്ന പ്രമാണങ്ങള്‍ക്കുപരിയായ പ്രമാണം അവിടുന്നു അവര്‍ക്കു നല്‍കുന്നു. അങ്ങനെ ക്രിസ്തുപുരോഹിതന്റെ മാതൃക എന്തെന്ന് കാട്ടിക്കൊടുക്കുന്നു. പുരോഹിതനില്‍ നിന്നു സ്‌നേഹ ശുശ്രൂഷകള്‍ ഏറ്റുവാങ്ങുന്ന ശിഷ്യര്‍ പുരോഹിതന്റെ ഇച്ഛയ്ക്കു സ്വയം വിധേയരാകുന്നു. ആ വിധേയത്വത്തില്‍ അവര്‍ സ്‌നേഹസമൂഹമാകുന്നു.ആന്തരികമായ ഈ ദര്‍ശനമാണ് ആഗോള സഭയുടെ മുഖമുദ്ര.
                    നൂറ്റാണ്ടുകളുടെ ചരിത്രവും പേറി തങ്ങളുടെ വംശശുദ്ധിയും കാത്ത് അണയാത്ത ക്രൈസ്തവ വിശ്വാസവും വഹിച്ച് യാത്ര  തുടരുന്ന ക്‌നാനായ ജനതകള്‍ക്കുള്ളിലെ വൈദിക അല്‍മായ ബന്ധം ഏറ്റവും വിലപ്പെട്ടതും മാതൃകാപരവുമായിരുന്നു. അലക്‌സാന്ദ്രിയായിലെ മാര്‍ അത്തനാസിയൂസ് മെത്രാന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രേഷിത ദൗത്യം ഏറ്റെടുത്ത ക്‌നായിതോമാക്കൊപ്പം ഉറഹായിലെ ജോസഫ് മെത്രാനും വൈദികരും ശെമ്മാശന്മാരും യാത്രാ സംഘത്തിലുണ്ടായിരുന്നു. മാസങ്ങളോളം ദീര്‍ഘിച്ച ഇവരുടെ കപ്പല്‍ യാത്രയില്‍ എല്ലാ ദിവസവും ഒരു സമൂഹമായി ചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചിരുന്നു എന്ന് ചരിത്രപുസ്തകങ്ങളില്‍ കാണുന്നുണ്ട്. ആത്മീയ ജീവിതത്തിന്റെ വ്യക്തമായ വൈദിക അല്‍മായ പങ്കാളിത്തം തുടക്കത്തില്‍തന്നെ ക്‌നാനായ സമുദായത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ ആദ്യത്തെ തെളിവാണിത്. മലങ്കരയിലേക്കു യാത്രപുറപ്പെടുന്നതിന് മുന്‍പ് അവിടുത്തെ ഗോത്രപിതാക്കള്‍ നല്‍കിയ പതൃശാസനം തന്നെ പത്ത് ദൈവപ്രമാണങ്ങളും ഏഴ് കൂദാശകളും സ്വവംശ വിവാഹനിഷ്ഠയും പരസ്പര പൂരകമായി പാലിക്കണമെന്നതായിരുന്നു. ഇവിടെ ദൈവപ്രാമാണങ്ങളേയും കൂദാശകളേയും അറിഞ്ഞും ആദരിച്ചും ജീവിക്കണമെങ്കില്‍ വൈദിക സാന്നിദ്ധ്യം കൂടിയേ തീരു എന്ന പൂര്‍വ്വപിതാക്കള്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് നൈയ്യാമിക അപ്പസ്‌തോലിക് പാരമ്പര്യത്തോട് കൂടിയവരേയും പ്രേഷിതയാത്രയില്‍ ഉള്‍പ്പെടുത്തിയത്.
കൊടുങ്ങല്ലൂരിലെ കുടിയേറ്റത്തിനു ശേഷം 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ സഭയില്‍ അതിസങ്കീര്‍ണ്ണമായ  പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോഴും തുടര്‍ന്നു 1653 ല്‍ കൂനിന്‍ കുരിശു സത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴും ക്‌നാനായ സമുദായത്തിലെ ബഹുഭൂരിപക്ഷവും മാതൃസഭയോട് ചേര്‍ന്ന് റോം നിശ്ചയിച്ച് അയച്ച ഗാര്‍സ്യാ മെത്രാന് പിന്തുണനല്‍കി എന്നത് അന്നത്തെ ദൃഢമായ വൈദിക അല്‍മായ ബന്ധത്തിന്റെ പരിണിത ഫലമായിരുന്നു. ഇക്കാരണത്താല്‍ തന്നെയായിരുന്നു സുറിയാനി മെത്രാന്മാര്‍ക്കുശേഷം മലങ്കര സഭ ലത്തീന്‍ മെത്രാന്മാരുടെ ഭരണത്തിലായപ്പോഴും നിയമാനുസൃതവിധേയത്വത്തിന് ക്‌നാനായ സമുദായം ഒട്ടും കുറവ് വരുത്താതിരുന്നത്.
                           കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാനായിരുന്ന ജോസഫ് സെബാസ്ത്യാനിക്ക് ഡച്ചുകാരുടെ ഉത്തരവ് പ്രകാരം നാട് വിടേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ഒരു നാട്ടു മെത്രാനെ വാഴിക്കുവാന്‍ വേണ്ടി പച്ചിക്കര തരകന്റെ നേതൃത്വത്തില്‍ ക്‌നാനായക്കാര്‍ ഒത്തുകൂടുകയും 1663 ജനുവരി 31 ന് കടുത്തുരുത്തി വലിയ പള്ളിയില്‍ വച്ച് കുറവിലങ്ങാട്ടുകാരനായ പറമ്പില്‍ ചാണ്ടി അച്ചനെ മെത്രാനായി മാര്‍ ജോസഫ് സെബസ്ത്യാനി വാഴിക്കുകയും ചെയ്തു. താമസം വിനാ മാര്‍ സെബസ്ത്യാനി നാട് വിടുകയാണുണ്ടായത്. ഏറ്റവും നിര്‍ണായകമായ ഈ ചരിത്രപശ്ചാത്തലത്തിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ക്‌നാനായ സമുദായത്തിലുണ്ടായിരുന്ന വൈദിക അല്‍മായ ബന്ധത്തിന്റെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും.1940 കളില്‍ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറിയപ്പോള്‍ ഭാരതപ്പുഴയ്ക്ക് വടക്കു സീറോമലബാര്‍ സഭക്ക് അധികാരം ഉണ്ടായിരുന്നില്ല. സ്വന്തം ആരാധനാക്രമം അനുസരിച്ച് അജപാലനം ലഭിക്കുവാന്‍ സ്വന്തം വൈദികരോട് കൂടി മലബാറിലേക്ക് സംഘടിത കുടിയേറ്റം നടത്തിയതില്‍ നിന്നും രൂപതാ നേതൃത്വം അല്‍മായരുടെ ആത്മീയ ശുശ്രൂഷാ രംഗത്ത് എത്രമാത്രം ശ്രദ്ധപുലര്‍ത്തിയിരുന്നു എന്നത് മനസ്സിലാക്കുവാന്‍ കഴിയും.
വീണ്ടും അമേരിക്കയിലേക്ക് കുടിയേറിയ സഭാ വിശ്വാസികള്‍ക്ക് സ്വന്തം റീത്തില്‍ ഒരു പ്രത്യേക മിനിസ്ട്രി ആദ്യമായി അനുവദിപ്പിക്കുകയും അതുവഴി ആദ്യമായി ഒരു വൈദികനെ ആത്മീയ ശുശ്രൂഷയ്ക്കായി അയച്ചതും കോട്ടയം രൂപതയാണ്. യുവജനങ്ങള്‍ക്ക് സമഗ്രമേഖലകളില്‍ വളര്‍ച്ചയും ഉയര്‍ച്ചയും ഉണ്ടാകുന്നതിനുവേണ്ടി കേരളത്തില്‍ ആദ്യമായി യുവജന സംഘടന രൂപീകരിച്ചതും കോട്ടയം രൂപതയിലാണ്.
                                   വിശ്വാസവും പാരമ്പര്യവും ഒന്നുപോലെ സമന്വയിപ്പിക്കുന്ന ഏകരൂപത എന്ന നിലയില്‍ കോട്ടയം അതിരൂപതയിലെ അല്‍മായ വൈദിക സന്യസ്ത ബന്ധത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വംശത്തില്‍ യഹൂദരേയും ആരാധനയില്‍ പൗരസ്ത്യരേയും സംസ്‌കാരത്തില്‍ ഭാരതീയ സംസ്‌ക്കാരത്തേയും സമന്വയിപ്പിക്കുന്ന വിശ്വാസംസ്‌കാരത്തിന്റെ ഉടമകള്‍ എന്ന നിലയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളും  ക്രൈസ്തവേതര വിഭാഗങ്ങളും നമ്മെ ഉറ്റ് നോക്കുന്നുണ്ട് എന്നതാണ് വസ്തുത.കൊടുങ്ങല്ലൂരിലെ കുടിയേറ്റത്തിനു ശേഷം ചെറു ദാരിദ്ര്യ ദുഃഖങ്ങളോടെ കൃഷിയും കച്ചവടവുമായി തുടക്കം കുറിച്ച ക്‌നാനായ ജനത ഇന്നു ലോകത്താകമാനമായി അറുപതിനടുത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകഴിഞ്ഞു. പൂര്‍വ്വികര്‍ അനുഭവിച്ച കഠിനാദ്ധ്വാനത്തിന്റേയും വിയര്‍പ്പിന്റേയും കണ്ണുനീരിന്റെയും വിശ്വാസ ജീവിതത്തിന്റേയും ഫലം ഒന്നുമാത്രമാണ് ഇന്ന് സമുദായം അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ വളര്‍ച്ചയുടെ അടിസ്ഥാന കാരണം എന്ന് പുതിയ തലമുറ തിരിച്ചറിയേണ്ടതുണ്ട്. ആധുനിക ജീവിത ചിന്തയില്‍ മേല്‍ സൂചിപ്പിച്ച വേദനകളും കഷ്ടപ്പാടുകളും പഴയകഥകളായി മാത്രം വ്യാഖ്യാനിച്ച് കളയുവാന്‍ ഇടവരുന്നുണ്ടോ എന്ന് ആത്മവിചിന്തനം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്നെ ആധുനിക വിവഷയിൽ  വൈദിക അല്‍മായ ബന്ധം എപ്രകാരമെന്നു വിലയിരുത്തുന്നതും നന്നായിരിക്കും.

എ.ഡി. 345 ല്‍ തുടങ്ങി 2005 ല്‍ കോട്ടയംഅതിരൂപതയായി ഉയര്‍ത്തപ്പെടുന്ന കാലംവരെയും സമുദായത്തിന്  ലഭിച്ചിട്ടുള്ള ഓരോ അംഗീകാരവും പ്രോത്സാഹനവും നമ്മുടെ വൈദിക അല്‍മായരുടെ ഒരേഹൃദയസ്പന്ദനത്തിന്റേയും ഐക്യബോധത്തിന്റെയും പ്രത്യക്ഷ തെളിവുകളായിരുന്നു എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.വ്യക്തവും സ്പഷ്ടവുമായ സഭാ സാമുദായിക ചരിത്രപഠനങ്ങളും വസ്തുതകളും നടത്താതെ അകത്ത് നിന്നും പുറത്ത് നിന്നും മുന്‍വിധികളോടെ നവമാധ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒന്നിനും ഒരു പരിഹാരമാകില്ല എന്നു മാത്രമല്ല സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഏതെങ്കിലും വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അതാത് വേദികളിലാണ് പറയേണ്ടത്. ഇടവക രൂപതാതലമാണെങ്കില്‍ പാരിഷ് കൗണ്‍സിലുകളും പാസ്റ്ററല്‍ കൗണ്‍സിലുകളും എപ്പാര്‍ക്കിയല്‍ അസംബ്ലികളും ഉണ്ട്. സംഘടനാതലത്തിലാണെങ്കില്‍ യൂണിറ്റ് തല കമ്മറ്റികളും നാഷണല്‍ കൗണ്‍സിലുകളും സെന്റര്‍ കമ്മറ്റികളും ഉണ്ട്. ഇവിടെയാണ് നമ്മള്‍ തെരഞ്ഞെടുത്തിരിക്കുന്ന പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പറയേണ്ടതും നിയമാനുസൃതം തീരുമാനങ്ങള്‍ എടുക്കേണ്ടതും. എന്നാല്‍ അഭിപ്രായങ്ങളുമായി വന്ന് തീരുമാനങ്ങള്‍ എടുത്ത് പോകേണ്ടിടത്ത് പലപ്പോഴും തീരുമാനങ്ങളുമായി വന്ന് അഭിപ്രായങ്ങളുമായി മടങ്ങുന്ന ദയനീയ കാഴ്ചകള്‍ക്കാണ് പലപ്പോഴും നമ്മുടെ കൂട്ടായ്മ വേദികളില്‍ സംഭവിക്കുക . ഒരു പൊതു നേതൃത്വത്തെ അംഗീകരിച്ചെങ്കില്‍ മാത്രമേ ഏതൊരു പ്രവര്‍ത്തന മേഖലയിലും വിജയംവരിക്കാന്‍ സാധിക്കൂ.

കര്‍ത്താവിന്റെ രണ്ടാം ആഗമനം വരെ കൂദാശ രഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യേണ്ടവരാണ് വൈദികര്‍. വൈദിക സന്യസ്ഥ അല്‍മായര്‍ വിളിക്കപ്പെട്ടിരിക്കുന്നത് വ്യത്യസ്ത കര്‍മ്മ മണ്ഡലങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷികളാകുവാനാണ്. പുരോഹിതര്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അജപാലന ദൗത്യത്തില്‍ അവര്‍ ക്രിസ്തുവിന്റെ പങ്കാളികളാണെന്നും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കു മാത്രമല്ല വിലയിരുത്താനും തിരുത്താനും അവർക്കു ആവകാശമുണ്ടെന്നും അൽമായ സമൂഹം സൗകര്യപൂര്‍വ്വം മറക്കുന്നു. എല്ലാം നമ്മുടെ സൗകര്യത്തിനും താല്‍പര്യത്തിനുംവേണ്ടി വഴങ്ങിക്കിട്ടേണ്ടതാണെന്ന ശാഠ്യം നമുക്കെങ്ങനെയോ വന്ന് ചേര്‍ന്നിരിക്കുന്നു. പുറമേയുള്ള ബഹുമാനാദരവുകള്‍ക്കപ്പുറം ഒരു നിയാമക ശക്തിയെന്ന നിലയ്ക്ക് അവരെ കാണുന്നതിന് നമുക്ക് കഴിയേണ്ടതല്ലേ?
ഇന്നത്തെ പുരോഹിതര്‍ അല്മായ സമൂഹങ്ങളെ നോക്കിക്കാണുന്ന രീതികളും പലപ്പോഴും താളം തെറ്റുന്നു. പുതിയ ജീവിതസാഹചര്യങ്ങളുയര്‍ത്തുന്ന വെല്ലുവിളികളും അവസരങ്ങളും എത്തിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന ആധുനിക മനുഷ്യന്റെ ജീവിത സങ്കീര്‍ണതകള്‍ പുരോഹിതഗണവും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സഭാത്മക ജീവിതത്തെ ഒരു പരിധിക്കപ്പുറം ഒരു സ്ഥാപനവല്‍ക്കരണമായി മാറ്റുവാന്‍ പുതിയ തലമുറ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. കാലാനുസൃതമായി അല്‍മായരുടെ അറിവുകളേയും ആശയങ്ങളേയും ചിന്തകളേയും സ്വീകരിക്കുവാനും അല്‍മായരാണ് സഭ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം അതിന്റേതായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുവാനും വൈദികര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.
                      സഭയുടെ ചൈതന്യമെന്നു പറയുന്നത് സുദൃഢമായ അല്‍മായ വൈദിക ബന്ധത്തില്‍ നിന്നുടലെടുക്കുന്നതുതന്നെയാണ്. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ മഹാപുരോഹിതന്‍ ഉദയശോഭ പരത്തുന്ന കനകതാരമാണ്, നീരൊഴുക്കിന്റെ തിട്ടയില്‍ വളരുന്ന ദേവവദാരുമരമാണ്. അല്‍മായര്‍ക്ക് അവരില്‍ നിന്ന് ഏറെ പ്രചോദനമുള്‍ക്കൊള്ളാന്‍ കഴിയും. അതുപോലെ അല്മായര്‍ വൈദികര്‍ക്ക് ശക്തിനല്‍കുന്ന വളക്കൂറുള്ള മണ്ണാണ് യേശുവിന്റെ സ്നേഹം ആവിഷ്‌ക്കരിക്കാനുള്ള വിശുദ്ധ വേദികയാണ്. ഈ ബോധ്യത്തോട് കൂടിയ സമീപനമാണ് സഭക്ക് എക്കാലവും ശക്തിപകരുന്നത്. മുന്‍കാലങ്ങളിലെപ്പോലെ പരസ്പര സ്‌നേഹസഹകരണത്തിന്റെ,പ്രോത്സാഹനത്തിന്റെ ,അംഗീകാരത്തിന്റെ  ബഹുമാനത്തിന്റെ വിളനിലങ്ങളാക്കിക്കൊണ്ട് വൈദിക സന്യസ്ഥ അല്‍മായര്‍ ഒന്നിച്ച് യാത്രതുടരേണ്ടിയിരിക്കുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.