നല്ല കള്ളൻ.

നല്ല കള്ളൻ.

ലിജോ ജോയി വണ്ടംകുഴിയിൽ.

"നീ പറുദീസയിലായിരിക്കുമ്പോൾ എന്നേയും ഓർക്കണമേ" എന്ന ഒറ്റ യാചനാപൂർവ്വമായ പ്രാർത്ഥന കൊണ്ട് ദൈവ രക്ഷ ഏറ്റുവാങ്ങിയ ആളാണ് ഈശോയുടെ വലതു ഭാഗത്ത് കുരിശ് മരണത്തിന് വിധിക്കപ്പെട്ട കള്ളൻ. ജീവിതകാലത്ത് മുഴുവൻ ചെയ്ത പാപങ്ങൾ എല്ലാം തിരിച്ചറിഞ്ഞ്, മനസ്തപിച്ച്, യേശു ദൈവപുത്രൻ ആണ് എന്ന് ഏറ്റുപറയുന്നത് അവസാനനിമിഷം കുരിശിൽ കിടന്ന് കൊണ്ടാണ്. നിനക്ക് ദൈവത്തെപോലും ഭയമില്ലയോ? എന്ന ശാസനാപരമായ ചോദ്യത്തിലൂടെ യേശു ദൈവപുത്രൻ ആണ് എന്ന വിശ്വാസ പ്രഖ്യാപനം കൂടിയാണ് അന്ന് ആ മലമുകളിൽ നടന്നത്. മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് നിത്യരക്ഷ എവിടെയാണ് എന്ന് മനസിലാക്കി, സ്വന്തം ആത്മാവിനെ നിത്യരക്ഷയിലേക്ക് നയിക്കുവാൻ ആ കള്ളന് സാധിച്ചു. 
           പാപത്തിൽ ജീവിച്ചാലും ആത്മാർത്ഥമായി മനസ്താപം ഉണ്ടായ പലരേയും, ആ നിമിഷം മുതൽ ദൈവപുത്രൻ വീണ്ടെടുത്ത പല സന്ദർഭങ്ങളും കാണുവാൻ സാധിക്കും. പാപിനിയായ സ്ത്രിയോട്, സക്കേവൂസിനോട്, മൂന്നു വട്ടം തള്ളിപ്പറഞ്ഞ ശിഷ്യനോട്, അവസാനമായി മരണത്തിന് നിമിഷങ്ങൾ മുൻപ് കണ്ടുമുട്ടിയ കള്ളനോട്, ഇവരല്ലാവരും അനുഭവിച്ചത് കരുണ ആയിരുന്നു. ഒന്നാം മണിക്കൂറിൽ വന്നവനും, പതിനൊന്നാം മണിക്കൂറിൽ വന്നവനും ഒരേ കൂലി ലഭിക്കും എന്ന് പഠിപ്പിച്ച ഉപമയുടെ നേരായ ആവിഷ്കാരമാണ് നല്ല കള്ളന് ലഭിച്ച നിത്യഭാഗ്യം.
          പരസ്യ ജീവിതകാലം മുഴുവൻ കൂടെ നടന്ന്, ഏതാനും ദിവസങ്ങൾക്ക് മുൻപ് തെരുവിൽ ഓശാന പാടി ആനയിച്ച്, പല അത്ഭുതങ്ങൾക്കും സാക്ഷികളായി, രോഗശാന്തി ശുശ്രുഷകളുടെ ഫലങ്ങൾ കൈപ്പറ്റി, ഏറ്റവും അവസാനം ബറാബാസാണ് യേശുവിനെക്കാൾ പ്രിയപ്പെട്ടവൻ എന്ന് വിളിച്ച് പറഞ്ഞ ജനക്കൂട്ടത്തിനിടയിൽ നാമോരോരുത്തരുടെയും ശബ്ദം ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഒരു പുരുഷായുസ്സ് മുഴുവൻ ചെയ്ത പാപങ്ങൾ, കേവലം ആത്മാർത്ഥ സംമ്പുഷ്ടമായ ഒറ്റ വാചകം കൊണ്ട് കഴുകി കളഞ്ഞ നല്ല കള്ളന് ലഭിച്ച കരുണ പ്രാപ്തമാകുവാൻ നമോരോരുത്തർക്കും ഈ ദു:ഖവെള്ളി ആചരണം കാരണമാകട്ടെ.


 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.