ചെറുകഥ  ………      യാത്ര  ………

വളരെ പിശുക്കനായിരുന്ന മാർക്കോ ഓരോ കാര്യവും  സൂക്ഷ്മതയോടെയാണ് ചെയ്തിരുന്നത് പാഴ്ചിലവുകൾ ഇല്ലാതെ… അത് കൊണ്ടുതന്നെ കയ്യിൽ അത്യാവശ്യം പണവും ഉണ്ടായിരുന്നു… 

മാർക്കോയുടെ ഭാര്യയും അത്യാവശ്യം ചുറ്റുപാടൊക്കെ ഉള്ള  മാതാപിതാക്കളുടെ ഒരേ ഒരു മകൾ മരീന. 

 സാധാരണ പെൺകുട്ടികളെ പോലെ ആഭരണങ്ങളും  വസ്ത്രങ്ങളും വാങ്ങി കൂട്ടണമെന്ന ഭ്രമമൊന്നും മരീനയ്ക്കില്ല…. 

അവൾക്കു പ്രണയം യാത്രകളോടായിരുന്നു….. മാർക്കോ പിശുക്കനായതിനാൽ തന്നെ മരീന സ്വപ്‌നങ്ങൾ ഉള്ളിലൊതുക്കി നല്ലൊരു ഭാര്യയായി ജീവിക്കുന്നു…. 

 ഒരു ദിവസം മാർക്കോ അലമാരയിൽ  തന്റെ സർട്ടിഫിക്കറ്റ്  തിരയുന്ന സമയത്ത് ഒരു ഡയറി അവന്റെ കയ്യിൽ പെട്ടു തനിക്കിങ്ങനെ ഒരു ഡയറി ഓർമ്മയിൽ ഇല്ലാത്തതിനാൽ തന്നെ തുറന്ന് നോക്കി….. ഒരുപാടെഴുതിയിരിക്കുന്നു അതിലെ വരികളിലൂടെ കണ്ണോടിച്ചു….. 

മഴയെ പ്രണയിച്ചൊരു യാത്ര…. ഒരു യാത്ര പോകണം അങ്ങ് ദൂരേക്ക്… മഴ നനഞ്ഞുകൊണ്ട് മഴത്തുള്ളികളെ പ്രണയിച്ച് കൊണ്ട്…. ദൂരെ മേഘം മൂടിക്കൊണ്ടിരിക്കുന്ന പച്ചകുന്നുകളുടെ സൗന്ദര്യം ആസ്വധിച്ച്കൊണ്ട് പൂക്കൾ വിരിഞ്ഞ താഴ്‌വരകളിലൂടെ ഒരു യാത്ര…. വെള്ളി നുര പൊങ്ങി പടർന്നൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ആസ്വദിച്ച് അതിലിറങ്ങി കാലൊന്ന് നനച്ച് ഇളം തണുത്ത കാറ്റിന്റെ തലോടൽ ആസ്വദിച്ച് ഒരു യാത്ര… നിന്റെ ബൈക്കിന്റെ പിന്നിൽ നിന്നെ കെട്ടിപിടിച്ച്….  ബൈക്കിന്റെ ശബ്ദത്തെക്കാൾ ഉച്ചത്തിൽ നിന്നോട് കുറെ പൊട്ടക്കഥകളും പറഞ്ഞ് എത്ര കണ്ടാലും മതിവരാത്ത കുറെ കാഴ്ചകൾ ചൂണ്ടി കാണിച്ച് കിന്നാരം പറഞ്ഞ് ഒരു യാത്ര…. 

ഇടയ്ക്ക് വഴിയോരത്ത് കാണുന്ന തട്ടുകടയിൽ നിന്ന് ചൂട് കട്ടൻ ചായയും പരിപ്പ് വടയും ഓർഡർ ചെയ്ത് ഒരു ബെഞ്ചിൽ ചേർന്നിരിക്കുമ്പോൾ ആകാശത്തിന് പോലും പതിവിലും ഭംഗി തോന്നും…. 

ആ കാത്തിരിപ്പിൽ ഇടയ്ക്ക് കണ്ണുകൾ തമ്മിൽ പരസ്പരം പ്രണയം കൈമാറിക്കൊണ്ടേയിരിക്കും… 

അപ്പോഴാണ് ചായ റെഡി എന്ന ചായക്കടക്കാരന്റെ ശബ്ദം… പറഞ്ഞു തീരാത്ത പ്രണയം ബാക്കി വെച്ച് നി എഴുനേറ്റ് പോയി രണ്ട് ഗ്ലാസിലും കട്ടൻ ചായയും പിടിച്ച് വരുമ്പോൾ ഉള്ളിൽ നിന്നോടുള്ള പ്രണയം പറഞ്ഞറിയിക്കാൻ പറ്റാതെ വരും… 

തോളോട് തോൾ ചേർന്നിരുന്ന് കട്ടൻ ചായയും പരിപ്പ് വടയും കഴിക്കുമ്പോൾ അടുത്ത ജന്മത്തിലും ഒന്നിക്കാൻ കൊതിക്കുന്ന ഒരു മനസുമായി സ്നേഹത്തിന്റെ ചെറുചൂട് പകർന്നൊരു യാത്ര…. കളിയും ചിരിയും തമാശയും ചെറിയ പിണക്കങ്ങളും നിറഞ്ഞ യാത്രയുടെ അവസാനം നിറമുള്ള ആ നിർമ്മല നിമിഷങ്ങൾ നെഞ്ചിലേറ്റണം. 

എന്നെന്നും നിന്റെ ഉള്ളിൽ ഒരു മഞ്ഞുതുള്ളിയുടെ നൈർമ്മല്യത്തോടെ നല്ല ഒരു ഓർമ്മപോലെ മായാതെ നിൽക്കണമെനിക്ക്…. 

കാൽപ്പാന്തകാലത്തോളം ആ യാത്രയാണ് ഇന്നെന്റെ സ്വപ്നം…. നിന്നോടെനിക്ക് പ്രണയമാണ്…. ഒപ്പം മഴയോടും, യാത്രയോടും. പ്രണയം അവസാനിക്കുന്നില്ല… പ്രണയം ഒരു പുഴ പോലെ ഒഴുകിക്കൊണ്ടിരിക്കും….. 

വായിച്ച് കഴിഞ്ഞതേ മാർക്കോ അറിഞ്ഞു തന്റെ മരീനയുടെ പ്രണയം സ്വപ്നം…. 

പിറ്റേദിവസം രാവിലെ മരീനയെ കൂട്ടി സ്വന്തം ബുള്ളറ്റിൽ  ഒരു യാത്ര പോയി…… ലക്ഷ്യമില്ല പക്ഷെ മരീനയുടെ സ്വപ്‌നങ്ങളിൽ പങ്ക് ചേരണം…….. അവളുടെ സ്വപ്നം താൻ മൂലം മാറാല അണിയരുത്………. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.